ഓസ്‌ട്രേലിയന്‍ കുടിയേറ്റം സിഡ്‌നിയും മെല്‍ബണും പോലുള്ള വന്‍ നഗരങ്ങളിലേക്ക് മാത്രമായി കേന്ദ്രീകരിക്കപ്പെടുന്നത് ഒഴിവാക്കാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു.
നവംബര്‍ മാസം മുതല്‍ രണ്ടു പുതിയ റീജിയണല്‍ വിസകളാണ് കൊണ്ടുവരുന്നത്. ഉള്‍നാടന്‍ ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റം പ്രോത്സാഹിപ്പിക്കാനുള്ളതാണ് ഈ വിസകള്‍.
സ്‌കില്‍ഡ് എംപ്ലോയര്‍ സ്‌പോണ്‍സേര്‍ഡ് (പ്രൊവിഷണല്‍) വിസ, സ്‌കില്‍ഡ് വര്‍ക്ക് റീജിയണല്‍ (പ്രൊവിഷണല്‍) വിസ എന്നിവയാണ് ഇത്.
മൂന്നു വര്‍ഷം ഉള്‍നാടന്‍ പ്രദേശങ്ങളില്‍ തന്നെ ജീവിച്ച് ജോലി ചെയ്യുന്നവര്‍ക്ക് പെര്‍മനന്റ് റെസിഡന്‍സി ലഭിക്കാന്‍ അവസരം നല്‍കുന്നതാണ് ഈ വിസകള്‍.
സിഡ്‌നി, മെല്‍ബണ്‍, ബ്രിസ്‌ബൈന്‍, പെര്‍ത്ത്, ഗോള്‍ഡ് കോസ്റ്റ് എന്നീ 'പ്രമുഖ നഗരങ്ങള്‍' ഒഴികെ മറ്റെല്ലാ പ്രദേശങ്ങള്‍ക്കും ഈ വിസ ബാധകമായിരിക്കും എന്നാണ് കുടിയേറ്റകാര്യ വകുപ്പ് നേരത്തേ അറിയിച്ചിരുന്നത്.
എന്നാല്‍ പെര്‍ത്തിനെയും ഗോള്‍ഡ് കോസ്റ്റിനെയും ഈ 'പ്രമുഖ നഗരങ്ങളുടെ' പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. അതായത് ഈ രണ്ടു നഗരങ്ങളും ഇനി ഉള്‍നാടന്‍ പ്രദേശങ്ങളായി കണക്കാക്കും.
നവംബര്‍ 16 മുതലായിരിക്കും ഈ മാറ്റം നിലവില്‍ വരിക എന്ന് കുടിയേറ്റകാര്യമന്ത്രി ഡേവിഡ് കോള്‍മാന്‍ അറിയിച്ചു. അന്നു മുതലാണ് പുതിയ വിസകളും പ്രാബല്യത്തില്‍ വരുന്നത്.
ഇപ്പോള്‍ നിലവിലുള്ള റീജിയണല്‍ വിസകളുടെ പരിധിയില്‍ വരാതിരുന്ന ന്യൂകാസില്‍, വൊളംഗോംഗ് തുടങ്ങിയ മേഖലകളെ പുതിയ റീജിയണല്‍ വിസയില്‍ ഉള്‍പ്പെടുത്തും എന്ന് നേരത്തേ തന്നെ സര്ക്കാര്‍ വ്യക്തമാക്കിയിരുന്നു.
ഇതോടെ, സിഡ്‌നി, മെല്‍ബണ്‍, ബ്രിസ്‌ബൈന്‍ എന്നി വന്‍ നഗരങ്ങള്‍ ഒഴികെ മറ്റെവിടേക്ക് വേണമെങ്കിലും പുതിയ റീജിയണല്‍ വിസ ലഭിക്കും എന്നാണ് വ്യക്തമായിരിക്കുന്നത്.
ജോലിക്കും പഠനത്തിനും ഗുണകരം
ഓസ്‌ട്രേലിയയിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്ന കൂടുതല്‍ പേര്‍ക്ക് ഉപകാരപ്രദമായിരിക്കും ഈ പുതിയ മാറ്റമെന്ന് ബ്രിസ്‌ബൈനിലെ TN ലോയേഴ്‌സ് ആന്റ് ഇമിഗ്രേഷന്‍ കണ്‍സല്‍ട്ടന്റ്‌സിലുള്ള ഇമിഗ്രേഷന്‍ ലോയര്‍ പ്രതാപ് ലക്ഷ്മണന്‍ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
കൂടുതല്‍ വിദേശ തൊഴിലാളികളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ പെര്‍ത്തിലെയും ഗോള്‍ഡ് കോസ്റ്റിലെയും ബിസിനസുകള്‍ക്ക് കഴിയും.
മൂന്നു വര്‍ഷം റീജിയണല്‍ പ്രദേശങ്ങളില്‍ താമസിച്ച് ജോലി ചെയ്താല്‍ PR ലഭിക്കാനും അവസരമുണ്ടാകുമെന്ന് പ്രതാപ് ലക്ഷ്മണൻ ചൂണ്ടിക്കാട്ടി.
ഇതോടൊപ്പം പെര്ത്തിലും ഗോള്‍ഡ് കോസ്റ്റിലും പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കാനും, പഠനശേഷം കൂടുതല്‍ കാലം ഓസ്‌ട്രേലിയയില്‍ ജീവിക്കാനും കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഈ ഓഡിയോ റിപ്പോര്‍ട്ടില്‍ കേള്‍ക്കാം.