കൊറോണവൈറസ് വൻ തോതിൽ പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ 14 ദിവസം സ്വയം-ഐസൊലേഷൻ വേണമെന്ന നിയമം ലംഘിക്കുന്നവർക്ക് കർശന പിഴ ഈടാക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.
എങ്ങനെ സെൽഫ്-ഐസൊലേറ്റ് ചെയ്യാം
വിദേശത്തു നിന്നും എത്തുന്നവർ രോഗ ലക്ഷണങ്ങൾ ഒന്നും ഇല്ലെങ്കിലും 14 ദിവസം വീട്ടിൽ തന്നെ കഴിയേണ്ടതാണ്. എന്നാൽ ലക്ഷണങ്ങൾ ഒന്നും ഇല്ലാത്ത പക്ഷം ഇവർക്ക് സാധാരണപോലെ വീട്ടിൽ എല്ലാവരുമായി ഇടപഴകാം.
എന്നാൽ കൊറോണവൈറസ് രോഗ ലക്ഷണങ്ങൾ ഉള്ളവരും രോഗം സ്ഥിരീകരിച്ചവരും ഒരു മുറിയിൽ തന്നെ കഴിയേണ്ടതാണെന്ന് ഡോ സന്തോഷ് ഡാനിയേൽ പറയുന്നു.
മാത്രമല്ല വീട്ടിൽ കഴിയുന്ന മറ്റുള്ളവരുമായി സമ്പർക്കം പുലര്ത്തുന്നത് ഒഴിവാക്കുകയും രോഗം മറ്റുള്ളവർക്ക് പടരാതിരിക്കാൻ വേണ്ട കരുതലുകൾ എടുക്കുകയും ചെയ്യേണ്ടതാണെന്ന് ഡോ സന്തോഷ് സൂചിപ്പിക്കുന്നു.
സ്വയം ഐസൊലേറ്റ് ചെയ്യുന്നവർ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്നതിനെക്കുറിച്ച് ഓസ്‌ട്രേലിയൻ ആരോഗ്യ വകുപ്പും നിർദ്ദേശങ്ങൾ നൽകുന്നുണ്ട്.
- സ്വയം ഐസൊലേഷൻ ആവശ്യമായവർ അത് ആരംഭിക്കുമ്പോൾ വീട്ടിൽ എത്താൻ പൊതുഗതാഗത സംവിധാനത്തിൽ യാത്ര ചെയ്യാൻ പാടില്ല. മറിച്ച് സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കേണ്ടതാണ്.
- ഐസൊലേഷനിൽ കഴിയുന്നവർ പാർക്കുകൾ, സ്കൂളുകൾ, പൊതു പരിപാടികൾ, യൂണിവേഴ്സിറ്റികൾ എന്നിവിടങ്ങളൊന്നും സന്ദർശിക്കാൻ പാടുള്ളതല്ല
- വീട്ടിൽ ഐസൊലേഷനിൽ കഴിയുമ്പോൾ രോഗലക്ഷണങ്ങൾ സ്വയം നിരീക്ഷിക്കുക.
- ഈ സമയത്ത് രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ വിദഗ്ധരുടെ സേവനം തേടുക. ഇതിനായി ഫോണിലൂടെ ഡോക്ടറെ ബന്ധപ്പെടാം
- വീട്ടിലാണ് ഐസൊലേഷനിൽ കഴിയുന്നതെങ്കിൽ മാസ്ക് ധരിച്ചുകൊണ്ട് ബാക്ക് യാർഡിൽ ഇറങ്ങി നടക്കാം
- ഐസൊലേഷനിൽ കഴിയുമ്പോൾ മാനസിക സമ്മർദ്ദം അനുഭവപ്പെടാതിരിക്കാൻ സുഹൃത്തുക്കളെയും മറ്റും ഫോണിലൂടെയും സമൂഹ മാധ്യമങ്ങളൊലൂടെയും ബന്ധപ്പെടാം.
- രോഗം ഉണ്ടെന്ന് സംശയം തോന്നിയാൽ ക്ലിനിക്കിലോ ആശുപത്രിയിലോ എത്തും മുൻപ് അവിടെ വിളിച്ച് അറിയിക്കേണ്ടതാണ്
കൊറോണവൈറസ് പരിശോധനയുടെ ഫലം വന്ന ശേഷം രോഗം ഇല്ലായെന്ന് സ്ഥിരീകരിച്ചാൽ പോലും 14 ദിവസം ഇവർ സ്വയം-ഐസൊലേറ്റ് ചെയ്യേണ്ടത് നിർബന്ധമാണെന്നും ഡോ സന്തോഷ് പറയുന്നു.
ഒരു കുടുംബത്തിലെ എല്ലാവരും സ്വയം-ഐസൊലേറ്റ് ചെയ്യേണ്ടി വന്നാൽ എന്ത് ചെയ്യാമെന്നും ഐസൊലേറ്റ് ചെയ്യുന്നവർക്ക് ഓസ്‌ട്രേലിയൻ ആരോഗ്യ വകുപ്പ് നൽകുന്ന പിന്തുണയെക്കുറിച്ചും ഡോ സന്തോഷ് ഡാനിയേൽ വിശദീകരിക്കുന്നുണ്ട്. അത് പ്ലേയറിൽ നിന്ന് കേൾക്കാം.
Disclaimer:
ഇത് പൊതുവായ ചില നിർദ്ദേശങ്ങളാണ്. നിങ്ങൾക്ക് എന്തെങ്കിലും രോഗം ഉണ്ടെങ്കിൽ ഡോക്ടറെ സമീപിക്കേണ്ടതാണ്
കൊറോണവൈറസ് ബാധയുമായി ബന്ധപ്പെട്ടുള്ള എല്ലാ ഓസ്ട്രേലിയൻ വാർത്തകളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ഇവിടെ വായിക്കാം.