ആര്യന്‍മാരും വേദ കാലഘട്ടവുമാണോ ഇന്നു കാണുന്ന ഇന്ത്യയെ രൂപപ്പെടുത്തിയത്?
അല്ലെന്നു വാദിക്കുകയാണ് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ Early Indians - the story of our ancestors and where we came from എന്ന പുസ്തകം രചിച്ച മാധ്യമപ്രവര്‍ത്തകന്‍ ടോണി ജോസഫ്.
ബിസിനസ് വേള്‍ഡ് മാഗസിന്റെ മുന്‍ എഡിറ്ററാണ് ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടോണി ജോസഫ്.
അഡ്‌ലൈഡില്‍ നടക്കുന്ന ജയ്പ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാനായി ഓസ്‌ട്രേലിയയിലെത്തിയ അദ്ദേഹം, സിഡ്‌നിയിലെ എസ് ബി എസ് മലയാളം സ്റ്റുഡിയോയിലെത്തി തന്റെ കണ്ടെത്തലുകളെക്കുറിച്ച് വിശദീകരിച്ചു.
65,000 വര്‍ഷത്തെ ചരിത്രം
കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് ഏറെ വളര്‍ന്ന പ്രാചീന DNA ഗവേഷണം എന്ന പഠനശാഖയെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം ഈ പുസ്തകം രചിച്ചിരിക്കുന്നത്. ചരിത്രാതീത ഇന്ത്യയിലെ DNAകളെക്കുറിച്ച് വിവിധ ശാസ്ത്ര ഗവേഷകര്‍ നടത്തിയ പഠനങ്ങളാണ് തന്റെ പുസ്തകത്തിന്റെ അടിസ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു.
ആധുനിക മനുഷ്യന്‍ എന്നറിയപ്പെടുന്ന ഹോമോ സാപ്പിയന്‍സ് വിഭാഗം ഇന്ത്യയിലേക്ക് എത്തിയത് 65,000 വര്‍ഷം മുമ്പാണ്. ഔട്ട് ഓഫ് ആഫ്രിക്ക കുടിയേറ്റക്കാര്‍ എന്നറിയപ്പെടുന്ന ഇവര്‍ ആഫ്രിക്കന്‍ വന്‍കരയില്‍ നിന്ന് എത്തിയപ്പോള്‍, ഹോമോ സ്പീഷീസില്‍ പെട്ട മറ്റു പ്രാചീന മനുഷ്യര്‍ ഇന്ത്യയിലുണ്ടായിരുന്നു.

Tony Joseph Source: Vivek Kumar/SBS
പിന്നീടുണ്ടായ മൂന്നു കുടിയേറ്റങ്ങളുടെ കൂടെ സങ്കരഫലമാണ് ഇന്നു കാണുന്ന ഇന്ത്യന്‍ സംസ്‌കാരം എന്ന് അദ്ദേഹം പറയുന്നു.
ഈ കുടിയേറ്റങ്ങളുടെ അവസാന ഘട്ടത്തില്‍ മാത്രമാണ് യൂറേഷ്യന്‍ ആട്ടിയന്‍മാരിലൂടെ സംസ്‌കൃത ഭാഷ ഇന്ത്യയിലേക്ക് വന്നത്.
ഹാരപ്പന്‍ സംസ്‌കാരമാണ് ഇന്ത്യയുടെ എല്ലാ ഭാഗങ്ങളെയും ഇപ്പോഴും ഒരുമിച്ചു നിര്‍ത്തുന്ന അടിസ്ഥാന ഘടകമെന്നും അദ്ദേഹം പറഞ്ഞു.
ഹാരപ്പന്‍ ഭാഷകള്‍ ദക്ഷിണേന്ത്യയില്‍
ഒരു പിസ പോലെയാണ് ഇന്ത്യന്‍ സംസ്‌കാരം. അതിലൊഴിക്കുന്ന സോസ് പോലെ എല്ലാവരെയും ഒരുമിച്ച് നിര്‍ത്തുകയാണ് ഹാരപ്പന്‍ സംസ്‌കാരം.

Map of the Area of Harappan Civilization Source: Patrick Gray CC BY-NC 2.0
BC 1900 ആണ്ടുകളില്‍ കടുത്ത വരള്‍ച്ച മൂലം ഹാരപ്പന്‍ സംസ്‌കാരം ഇല്ലാതായെങ്കിലും, ആ ഭാഷയും സംസ്‌കാരവും മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ചു.
ആര്യന്‍മാര്‍ കൊണ്ടുവന്ന ഭാഷയുമായ ഹാരപ്പന്‍ ഭാഷക്കുണ്ടായ മിശ്രിതമാണ് ഉത്തരേന്ത്യയില്‍ ഇപ്പോള്‍ കാണുന്ന ഭാഷകള്‍.
എന്നാല്‍ ഹാരപ്പന്‍ ഭാഷകളുടെ നേരിട്ടുള്ള പിന്‍മുറക്കാരാണ് ദക്ഷിണേന്ത്യയിലെ ഭാഷകളെന്ന് പ്രാചീന DNA കള്‍ തെളിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഈ കണ്ടെത്തലുകളെക്കുറിച്ച് കൂടുതലറിയാന്‍ ടോണി ജോസഫുമായുള്ള അഭിമുഖം ഇവിടെ കേള്‍ക്കാം.