ഇക്കഴിഞ്ഞ ജൂലൈ ഏഴിന് രാത്രിയിലാണ് മെൽബണിൽ മലയാളിയായ ജോർജ് പണിക്കരും ഭാര്യ മഞ്ജു വര്ഗീസും രണ്ട് കുട്ടികളും സഞ്ചരിച്ചിരുന്ന കാർ ട്രഗനൈനയിലെ ഹോപ്കിൻസ് റോഡിൽ വച്ച് അപകടത്തിൽപ്പെട്ടത്. അപകടത്തെത്തുടർന്ന് പത്തു വയസുള്ള റുവാന ജോർജ്ജ് സംഭവസ്ഥലത്തു വച്ചു തന്നെ മരണമടഞ്ഞിരുന്നു.
അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന നാലു വയസുകാരൻ ഇമ്മാനുവൽ ജോർജ്ജും ദിവസങ്ങൾക്കകം മരണത്തിന് കീഴടങ്ങിയിരുന്നു. ഇവരുടെ അമ്മ മഞ്ജു വര്ഗീസ് മൂന്നാഴ്ചയോളം ഗുരുതരാവസ്ഥയിൽ റോയൽ മെൽബൺ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
അപകടത്തിന് കാരണമായ കാറിന്റെ ഡ്രൈവർ റോക്ക്ബാങ്ക് സ്വദേയിയായ ഡാമിയൻ റക്കാതൗവിനെ പൊലീസ് അറസ്റ്റ് ചെയ്ത് കേസെടുത്തിരുന്നു. ഇയാൾ ഓടിച്ച ഫോർഡ് ടെറിട്ടറി മറ്റൊരു വാഹനത്തെ മറികടന്നു മലയാളി കുടുംബം സഞ്ചരിച്ചിരുന്ന ഫോർഡ് ഫോക്കസിൽ വന്നിടിച്ചാണ് അപകടം നടന്നത്.
റിമാന്റിൽ കഴിയുന്ന റക്കാതൗവിനെ മെല്ബൺ മജിസ്ട്രേറ്റ് കോടതിയിൽ വീഡിയോ ലിങ്കിലൂടെ ഹാജരാക്കി.
അപകടം നടക്കുമ്പോൾ ലൈസൻസ് ഇല്ലാതെയാണ് ഇയാൾ വണ്ടി ഓടിച്ചിരുന്നതെന്ന കാര്യം കോടതി പരിശോധിച്ചു. ഡ്രൈവിംഗ് നിയമം ലംഘിച്ചതിന്റെ പേരിൽ ഇയാളുടെ ലൈസൻസ് നേരത്തെ റദ്ദാക്കിയിരുന്നുവെന്നും അതിനാൽ അനധികൃതമായാണ് ഇയാൾ ഡ്രൈവ് ചെയ്തതെന്നും പ്രോസിക്യൂഷൻ അറിയിച്ചു.
മാത്രമല്ല, അപകടം നടക്കുമ്പോൾ അനുവദനീയമായ അളവിൽ കൂടുതൽ പ്രതി മദ്യപിച്ചിരുന്നുവെന്നും അമിത വേഗതിയിലാണ് വണ്ടി ഓടിച്ചിരുന്നതെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്ന് പ്രോസിക്യൂട്ടർ ഫിലിപ്പ് റെയ്മൺഡോ കോടതിയിൽ പറഞ്ഞു.

Source: Nine Network
അപകടം നടന്ന് മൂന്ന് മണിക്കൂറിനു ശേഷവും അനുവദനീയമായ അളവിൽ നിന്നും അധികമായിരുന്നു മദ്യത്തിന്റെ അംശമെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു.
പ്രതിക്കെതിരെ നിരവധി കുറ്റങ്ങളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. മരണകാരണമാകുന്ന രീതിയിൽ അശ്രദ്ധയോടെ വണ്ടിയോടിച്ചു, വാഹനം ഓടിക്കുമ്പോൾ അമിതമായി മദ്യപിച്ചിരുന്നു, ലൈസൻസില്ലാത്ത സാഹചര്യത്തിലും വണ്ടി ഓടിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.
അപകടത്തിന്റെ കൂടുതൽ തെളിവുകൾ ഹാജരാക്കേണ്ടതുണ്ട്. ഇത് ഡിസംബർ മൂന്നിന് ഹാജരാക്കണമെന്നും കോടതി നിർദ്ദേശിച്ചു.

Source: Nine Network
ഡിസംബർ മൂന്നു വരെ പ്രതിയുടെ റിമാന്റ് കാലാവധി നീട്ടി.