ഫെഡറൽ പൊലീസും വിക്ടോറിയ പൊലീസും ഓസ്‌ട്രേലിയൻ രഹസ്യാന്വേഷണ ഏജന്സിയായ ആസിയോയും ചേർന്നാണ് റെയ്ഡ് നടത്തിയത്. ഇതേതുടർന്ന് 21 നും 30 നും ഇടയിൽ പ്രായമുള്ള മൂന്ന് ടർക്കിഷ് വംശജരെ പൊലീസ് അറസ്റ്റ് ചെയ്തു.
സെമി ഓട്ടോമാറ്റിക് തോക്കുകൾ ഉപയോഗിച്ച് ജനക്കൂട്ടം കൂടുതലായുള്ള സ്ഥലങ്ങളിൽ ആക്രമണം നടത്തി ജനങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് വിക്ടോറിയ പൊലീസ് ആരോപിച്ചു.
ഗ്രീൻവെയിലിലുള്ള 21കാരൻ, ക്യാമ്പ്ബെൽഫീൽഡിലുള്ള 26 വയസ്സുള്ള യുവാവ്, ഡാലസിലുള്ള 30 കാരൻ എന്നിവരാണ് അറസ്റ്റിലായത്.
ഓസ്‌ട്രേലിയൻ പൗരത്വമുള്ള ഇവർ സിറിയയിലേക്ക് യാത്ര ചെയ്യാൻ പദ്ധതിയിട്ടതിന് ഇവരുടെ പാസ്പോര്ട്ട് നേരത്തെ റദ്ദാക്കിയിരുന്നു.
ബർക്ക് സ്ട്രീറ്റ് ആക്രമണത്തിൽ മരിച്ചയാളുടെ സംസ്കാരം ഇന്ന്
നവംബർ ഒമ്പതിന് നടന്ന ബർക്ക് സ്ട്രീറ്റ് ആക്രമണത്തിൽ അക്രമിയുടെ കുത്തേറ്റു മരിച്ച സിസ്റ്റോ മലസ്പിന എന്ന മെൽബൺ റെസ്റ്റോറന്റ് ഉടമയുടെ സംസ്കാരം ഇന്ന് സെയ്ന്റ് പാട്രിക്സ് കത്തീഡ്രലിൽ നടക്കും. ഇതിൽ പങ്കെടുക്കാനായി ആയിരങ്ങൾ ഇവിടെ ഒത്തുകൂടിമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ സാഹചര്യം കണക്കിലെടുത്താണ് പോലീസ് റെയ്ഡ് നടത്തിയത്. 200ൽ പരം പൊലീസുകാരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.
നവംബർ ഒമ്പതിന് മെൽബൺ നഗരമധ്യത്തിലെ ബർക്ക് സ്ട്രീറ്റിൽ കത്തിയുമായി പൊലീസിനും ജനങ്ങൾക്കും നേരേ ഒരാൾ ആക്രമണം നടത്തിയിരുന്നു. അക്രമിയുടെ കുത്തേറ്റ ഒരാൾ മരിച്ചിരുന്നു. ഇത് ഭീകരവാദ ആക്രമണമായാണ് പൊലീസ് കണക്കാക്കുന്നത്.