സിഡ്‌നിയിൽ നിന്നും ബ്രിസ്‌ബൈനിൽ നിന്നും എത്തിയ ഹൈദരാബാദ് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്‌ച വൈകിട്ട് ആറുമണിയോടെയാണ് കോഫ്സ് ഹാർബറിനടുത്ത് കുടുംബസമേതം ഇവർ കുളിക്കാനിറങ്ങിയത്.
സിഡ്‌നിയിലെ ഓബണിലുള്ള 45കാരനായ മുഹമ്മദ് ഗൗസുദ്ദീനും 35കാരനായ സയ്ദ് രഹത്തുമാണ് മുങ്ങി മരിച്ചത്. കടൽത്തീരത്ത് കുളിക്കുന്നതിനിടയിൽ തിരമാലയിൽപ്പെട്ട് കാണാതായ ഇവരെ രക്ഷാപ്രവർത്തകർ കണ്ടെത്തി കരയ്‌ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷപ്പെടുത്താനായില്ല.
മുഹമ്മദ് അബ്ദുൽ ജുനൈദ് എന്ന 28 വയസ്സുകാരന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
ഒരു 15 വയസ്സുള്ള പെൺകുട്ടിയും, 15 വയസ്സുള്ള ആൺകുട്ടിയും, ഒരു 17 കാരിയും അപകടത്തിൽപെട്ടിരുന്നു. എന്നാൽ ഇവരെ രക്ഷപ്പെടുത്തി.
കോഫ്സ് /ക്ലാരൻസ് പൊലീസ് ഡിസ്ട്രിക്ട്, മറൈൻ ഏരിയ കമാൻഡ്, സർഫ് ലൈഫ് സേവിങ് അസോസിയേഷൻ, പൊലീസ്, പോൾഎയർ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത് .
ഈ വര്ഷം ഡിസംബർ 17 ആം തിയതി വരെയുള്ള കണക്ക് പ്രകാരം 17 പേരാണ് ഈ വേനൽക്കാലത്ത് ഓസ്‌ട്രേലിയയിൽ മുങ്ങി മരിച്ചത്. തീരത്തെത്തുന്നവർ സുരക്ഷിതമല്ലാത്ത ഇടങ്ങളിൽ ഇറങ്ങരുതെന്ന് സർഫ് ലൈഫ് സേവിങ് അധികൃതർ അറിയിച്ചു.
കുടിയേറ്റ സമൂഹത്തിന് അപകടസാധ്യത കൂടുതൽ

ഈ വേനൽ അവധിക്കാലം എങ്ങനെ സുരക്ഷിതമായി ആഘോഷിക്കാം