സിഡ്നിയിലെ പെൻറിത്തിലുള്ള പ്രീതി റെഡ്ഡിയെ (32) ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ മുതലാണ് കാണാതായത്.
സെൻറ് ലിയനാർഡ്സിൽ ഡെന്റൽ കോൺഫറൻസിൽ പങ്കെടുക്കാൻ പോയിരുന്ന പ്രീതി ഞായറാഴ്ച രാവിലെ 11 മണിയോടെ വീട്ടുകാരുമായി സംസാരിച്ചിരുന്നു. അതിനു ശേഷം പ്രീതിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല.
പ്രീതിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.
ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ കിംഗ്സ്ഫോർഡിലെ സ്റ്റാർച്ചൻ ലൈനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ പ്രീതിയുടെ കാർ കണ്ടെത്തിയിരുന്നു. ഈ കാർ പരിശോധിക്കുമ്പോഴാണ് പ്രീതിയുടെ മൃതദേഹം സ്യൂട്ട് കേസിലാക്കിയ നിലയിൽ പൊലീസിന് ലഭിച്ചത്.
സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
പ്രീതിയുടെ ശരീരത്തിൽ നിരവധി കുത്തുകളേറ്റിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
അതിനിടെ ഞായറാഴ്ച പ്രീതിക്കൊപ്പമുണ്ടായിരുന്ന പുരുഷ സുഹൃത്ത് വാഹനാപകടത്തിൽ കൊല്ലപ്പെട്ടതായും പൊലീസ് അറിയിച്ചു.
ഞായറാഴ്ച പുലർച്ചെ രണ്ടേകാലിന് സിഡ്നി നഗരത്തിലെ ഒരു മക്ഡൊണാൾഡ്സിൽ നിന്ന് പ്രീതി ഭക്ഷണം വാങ്ങുന്നതിന്റെ CCTV ദൃശ്യങ്ങൾ നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. കറുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചെത്തിയ പ്രീതി ഒറ്റയ്ക്കായിരുന്നു എന്നാണ് സൂചന.
പ്രീതിയെ കണ്ടെത്താനായി ബന്ധുക്കളും സുഹൃത്തുക്കളും പ്രത്യേക ഫേസ്ബുക്ക് പേജ് തുടങ്ങി അന്വേഷണവും നടത്തിയിരുന്നു.
ഗ്രീൻവിച്ചിലുള്ള അർബൻ ഹോട്ടലിലും പ്രീതിയെ കണ്ടിരുന്നതായി സഹോദരി നിത്യ റെഡ്ഡി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
പ്രീതിയെ കാണാതായെന്ന റിപ്പോർട്ടുകളെ തുടർന്ന് പെൻറിത്ത് പോലീസിനെ എസ് ബി എസ് മലയാളം ബന്ധപ്പെട്ടിരുന്നു.
സംഭവം അറിഞ്ഞതോടെ ഡോ പ്രീതി ജോലി ചെയ്തിരുന്ന ഗ്ലെൻബ്രൂക്കിലുള്ള ഡെന്റൽ സർജറി അടച്ചിട്ടു. തങ്ങളുടെ സഹപ്രവർത്തകയുടെ ദാരുണാന്ത്യത്തിൽ ദുഃഖം രേഖപ്പെടുത്തിക്കൊണ്ടാണ് സർജറി അടച്ചിട്ടത്.
സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം നൽകാൻ കഴിയുന്നവർ ക്രൈം സ്റ്റോപ്പേഴ്സിനെ ബന്ധപ്പെടേണ്ടതാണ്.

Glenbrook Dental surgery. Source: SBS

Glenbrook Dental surgery. Source: SBS