ഗോൾഡ് കോസ്റ്റിലെ ബ്രോഡ് ബീച്ചിലുള്ള സാഫ്രൺ ഇന്ത്യൻ ഗോർമെറ് റെസ്റ്റോറന്റ് ആണ് അവിടെ ജോലി ചെയ്ത 22 തൊഴിലാളികൾക്ക് കുറഞ്ഞ വേതനം നൽകിയത്. വിദ്യാർത്ഥി വിസയിലുള്ള 14 പേർക്കും താത്കാലിക വിസയിൽ ഓസ്‌ട്രേലിയയിൽ എത്തിയ അഞ്ച് പേർക്കുമാണ് കഴിഞ വർഷം റെസ്റ്റോറന്റ് ശമ്പളം കുറച്ചു നൽകിയത്.
ഇവർക്ക് മണിക്കൂറിൽ ലഭിക്കേണ്ട മിനിമം വേതനമോ, കാഷ്വൽ ലോഡിങ്ങോ, വാരാന്ത്യത്തിൽ ജോലി ചെയ്തതിനുള്ള പെന്റാലിറ്റി റേറ്റോ നൽകിയിരുന്നില്ല. മറിച്ച് ഫ്ലാറ്റ് റേറ്റ് ആയി 15 ഡോളറും 18.50 ഡോളറും മാത്രമാണ് ഇവർക്ക് നല്കിയിരുന്നതെന്ന് ഫെയർ വർക് ഓംബുഡ്സ്മാൻ കണ്ടെത്തി.
22 ജോലിക്കാർക്ക് 54,470 ഡോളർ ശമ്പളക്കുടിശ്ശിക ഉണ്ടായിരുന്നതെന്നാണ് ഓംബുഡ്‌സ്മാന്റെ കണ്ടെത്തൽ .
കുറഞ്ഞ ശമ്പളം നല്കുന്നതായി ഇവിടെ ജോലി ചെയ്തിരുന്ന ഒരു തൊഴിലാളി അജ്ഞാത സന്ദേശം നൽകിയതിനെത്തുടർന്നാണ് ഫെയർ വർക് ഓംബുഡ്സ്മാൻ അന്വേഷണം ആരംഭിച്ചത്.
അന്വേഷണത്തിൽ റെസ്റ്റോറന്റ് നിയമവിരുദ്ധമായി പ്രവർത്തിക്കുന്നത് കണ്ടെത്തിയ സാഹചര്യത്തിൽ തൊഴിലാളികൾക്ക് ശമ്പളം തിരിച്ചു നല്കാൻ ഓംബുഡ്സ്മാൻ ഉത്തരവിട്ടു. ഇതേതുടർന്ന് 22 തൊഴിലാളികൾക്കായി 50,000ലേറെ ഡോളർ റെസ്റ്റോറന്റ് തിരികെ നൽകിയതായി ഫെയർ വർക് ഓംബുഡ്സ്മാൻ അറിയിച്ചു.
മാത്രമല്ല, തൊഴിലിടത്തിലെ സാഹചര്യങ്ങൾ മെച്ചപ്പെടുത്താമെന്ന സമ്മതപത്രവും റെസ്റ്റോറന്റിന്റെ ഡയറക്ടർ ശ്രീധർ പെനുമെച്ചു കോടതിയുമായി ഒപ്പു വച്ചു.
ഓസ്‌ട്രേലിയയിലെ എല്ലാ തൊഴിലിടങ്ങളിലും ജോലി ചെയ്യുന്നവർക്ക് ഒരേ അവകാശമാണുള്ളതെന്നും ഗോൾഡ് കോസ്റ്റിലെ ഈ റെസ്റ്റോറന്റിന്റെ അനുഭവം മറ്റുള്ള വ്യാപാരസ്ഥാപനങ്ങൾക്ക് ഒരു മുന്നറിയിപ്പാണെന്നും ഫെയർ വർക് ഓംബുഡ്സ്മാനിലെ സാന്ദ്ര പാർക്കർ പറഞ്ഞു.
ഇത്തരത്തിൽ കുറഞ്ഞ വേതനത്തിൽ ജോലിചെയ്യുന്നവർക്ക് വിവിധ ഭാഷകളിൽ ഫെയർ വർക്കിനെ അജ്ഞാത സന്ദേശത്തിലൂടെ വിവരം അറിയിക്കാവുന്നതാണ്.
ഓസ്‌ട്രേലിയയിൽ കുടിയേറ്റ തൊഴിലാളികൾക്ക് തുടർച്ചയായി കുറഞ്ഞ വേതനം നൽകുന്ന തൊഴിലുടമകൾക്ക് ജയിൽ ശിക്ഷ നൽകണമെന്ന കുടിയേറ്റ തൊഴിലാളികൾക്കായുള്ള കർമ്മസമിതി കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത് സർക്കാർ തത്വത്തിൽ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.