ന്യൂ സൗത്ത് വെയിൽസിലെ നൗറയിലും ഇലവാരയിലുമുള്ള ആദിത്യ കേരള റെസ്റ്റോറന്റിന്റെ ഉടമയാണ് ഇവിടെ ജോലിചെയ്ത രണ്ട് ഷെഫുമാർക്ക് മതിയായ ശമ്പളം നൽകാഞ്ഞത്.
രണ്ടു വര്‍ഷത്തോളം ഇവിടെ ദിവസം പന്ത്രണ്ട് മണിക്കൂര്‍ വീതം ആഴ്ചയില്‍ ആറു ദിവസവും ജോലി ചെയ്തിട്ടും 38 മണിക്കൂറിന്റെ ശമ്പളം മാത്രം നല്കിയെന്നാരോപിച്ച് മലയാളിയായ മിഥുന്‍ ഭാസി കഴിഞ്ഞ ജൂലൈയിൽ രംഗത്തെത്തിയിരുന്നു.
മിഥുനിന് റെസ്റ്റോറന്റ് ഉടമ രണ്ട് ലക്ഷത്തിൽ പരം ഡോളർ നൽകാനുണ്ടെന്നാണ് ഇയാൾ അവകാശപ്പെടുന്നത്. ശമ്പളക്കുടിശ്ശികയ്ക്കായി മാസങ്ങളായി റെറ്റോറന്റ് ഉടമയെ താൻ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് മിഥുൻ എ ബി സി യോട് സൂചിപ്പിച്ചു.
ഇതിനു പിന്നാലെയാണ് ഇപ്പോൾ പാകിസ്താനി വംശജനായ സെയ്ദ് ഹൈദറും രംഗത്തെത്തിയിരിക്കുന്നത്.
സെയ്ദും രണ്ട് വർഷത്തോളം ഷെഫ് ആയി ഇലവാരയിലുള്ള ആദിത്യ കേരളയിൽ ജോലി ചെയ്തിരുന്നു. 72 മണിക്കൂർ ജോലി ചെയ്ത സെയ്‌ദിന് മണിക്കൂറിൽ 8.33 ഡോളർ മാത്രമാണ് നല്കിയിരുന്നതെന്നാണ് സെയിദിന്റെ ആരോപണം .
അതുകൊണ്ടുതന്നെ ആകെത്തുകയായി ഏതാണ്ട് 230,000 ഡോളർ ലഭിക്കാനുണ്ടെന്നും സെയ്ദ് അവകാശപ്പെട്ടു.
ഈ സാഹചര്യത്തിൽ ഇരു ജീവനക്കാർക്കും രണ്ട് ലക്ഷം ഡോളർ വീതം
ശമ്പളക്കുടിശ്ശിക ഇനത്തിൽ നൽകാനുള്ള റെസ്റ്റോറന്റിന്റെ 450,000 ഡോളർ വിലമതിക്കുന്ന സ്വത്തുക്കൾ മരവിപ്പിക്കാൻ കോടതി ഉത്തരവിട്ടു.
അതേസമയം ഇത്തരത്തിലുള്ള സ്വത്ത് മരവിപ്പിക്കൽ നടപടി വിരളമായി മാത്രമേ കണ്ടുവരാറുള്ളുവെന്ന് റെസ്റ്റോറന്റ് പണം നൽകാനുള്ള ഇരു ജീവനക്കാർക്കും വേണ്ടി ഹാജരായ അഭിഭാഷകൻ ക്രിസ്ത്യൻ ബോൾവെൽ എ ബി സി യോട് പറഞ്ഞു.
ഈ കോടതി ഉത്തരവ് ലംഘിക്കുന്ന പക്ഷം റെസ്റ്റോറന്റ് ഉടമ ജയിൽ ശിക്ഷ നേരിടേണ്ടി വന്നേക്കും.
ഇരുവരുടെയും ഭാഗത്ത് മതിയായ തെളിവുകൾ ഉള്ളതിനാൽ കേസ് ആറ് മാസത്തിനും ഒരു വര്ഷത്തിനുമിടയിൽ പൂർത്തിയാക്കാൻ കഴിയുമെന്ന് ബോൾവെൽ പ്രതീക്ഷ പ്രകടിപ്പിച്ചു.
തുടർനടപടികൾക്കായി കോടതി മെയ് ഒന്നിന് കേസ് വീണ്ടും പരിഗണിക്കും.
ആദിത്യ കേരള റെസ്റ്റോറന്റ് ഉടമയെ ബന്ധപ്പെടാൻ എസ് ബി എസ് മലയാളം ശ്രമിച്ചെങ്കിലും ഇതുവരെയും പ്രതികരണം ലഭ്യമായിട്ടില്ല.