തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ ട്വീറ്റിലൂടെയാണ് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൻ മോഡിയെ അഭിനന്ദിച്ചത്. ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ മോഡിയുടെ വിജയം സഹായിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചുകൊണ്ടാണ് മോറിസന്റെ സന്ദേശം.
അഭിനന്ദനമേകിയ മോറിസന് മോഡി നന്ദി പറഞ്ഞു.
ഓസ്‌ട്രേലിയയിൽ കഴിഞ്ഞയാഴ്ച നടന്ന ഫെഡറൽ തെരഞ്ഞെടുപ്പിലൂടെ വീണ്ടും പ്രധാനമന്ത്രി പദത്തിലേക്കെത്തിയ മോറിസനെ മോഡിയും അഭിനന്ദിച്ചിരുന്നു.
ഓസ്‌ട്രേലിയക്ക് പുറമെ വിവിധ ലോകരാഷ്ട്രങ്ങൾ മോഡിക്ക് അഭിനന്ദന സന്ദേശങ്ങൾ അയച്ചു. ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഹിന്ദിയിലും ഹീബ്രൂ ഭാഷയിലും ട്വീറ്റ് ചെയ്തു.
മോഡിയുടെ തിരിച്ചു വരവ് ഇന്ത്യ-അമേരിക്ക ബന്ധത്തിന് ആക്കം കൂട്ടുമെന്ന് പ്രതീക്ഷിക്കുന്നതായാണ് അമേരിക്കൻ പ്രധാനമന്ത്രി ഡൊണാൾഡ് ട്രംപിന്റെ ട്വീറ്റ്.
കൂടാതെ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ശ്രീ ലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന, ചൈനീസ് പ്രസിഡന്റ് സി ജിൻപിങ് തുടങ്ങിയ നേതാക്കൾ ട്വീറ്ററിലൂടെ അഭിനന്ദന സന്ദേശങ്ങൾ അയച്ചപ്പോൾ മറ്റു ചില നേതാക്കൾ നേരിട്ട് ഫോണിലൂടെയാണ് ചരിത്ര വിജയത്തിൽ മോഡിയെ അഭിനന്ദിച്ചത്.
റഷ്യൻ പ്രധാനമന്ത്രി വ്ലാഡിമിർ പുടിൻ ടെലിഗ്രാം സന്ദേശത്തിലൂടെയാണ് മോഡിയെ അഭിനന്ദിച്ചത്.
ജപ്പാൻ പ്രധാനമന്ത്രി ആബെ ഷിൻസോ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ എന്നിവരാണ് മോഡിയെ നേരിൽ വിളിച്ച് സന്തോഷം പങ്കുവച്ച നേതാക്കന്മാരിൽ ചിലർ.
