സംസ്ഥാനത്തെ പൊതുമേഖലാ ആശുപത്രികളിലെ നഴ്സ് - രോഗി അനുപാതം മെച്ചപ്പെടുത്തിക്കൊണ്ട് 600ഓളം പുതിയ നഴ്സുമാർക്കും മിഡ് വൈഫുമാർക്കും അവസരം നൽകുന്നതിനുള്ള നിയമം കഴിഞ്ഞ മാസം വിക്ടോറിയൻ പാർലമെന്റ് പാസാക്കിയിരുന്നു.
ഇതിനു പുറമെ 500 നഴ്സുമാരെയും മിഡ്‌വൈഫുമാരെയും കൂടി നിയമിക്കും എന്നാണ് ആരോഗ്യ മന്ത്രി ജെന്നി മികകോസ് എസ് ബി എസ് മലയാളത്തോട് പറഞ്ഞത്. ഇതോടെ മൊത്തം 1100 പുതിയ നഴ്സുമാരാക്കും മിഡ്‌വൈഫുമാർക്കും സംസ്ഥാനത്ത് അവസരം ലഭിക്കും.

Victorian Minister for Health and Ambulance Services Jenny Mikakos Source: www.bendigoadvertiser.com.au
ജനുവരി മുതൽ പ്രാബല്യത്തിൽ വന്ന സൗജന്യ നഴ്സിംഗ് ഡിപ്ലോമ കോഴ്സ് ഓസ്‌ട്രേലിയയിൽ നഴ്‌സായി ജോലി ചെയ്യാൻ താത്പര്യപ്പെടുന്നവർക്ക് ഉപകാരപ്രദമാകുമെന്ന് മന്ത്രി ജെന്നി മികകോസ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
ഇതിലൂടെ 400 പുതിയ നഴ്സുമാർക്ക് ബിരുദം നേടാനും ഓസ്‌ട്രേലിയൻ ആശുപത്രികളിൽ എൻറോൾഡ് നഴ്‌സായി ജോലി നോക്കാനും അവസരമുണ്ട്.
എന്നാൽ ഓസ്‌ട്രേലിയയിൽ തന്നെയുള്ളവർക്ക് മാത്രമേ ഇതിൽ ചേരാൻ കഴിയുകയുള്ളൂവെന്നും വിദേശ നഴ്സുമാർക്ക് ഇതിനുള്ള അവസരമില്ലെന്നും മന്ത്രി വ്യക്തമാക്കി.
കൂടാതെ, നിലവിൽ നഴ്‌സായും മിഡ്‌വൈഫായും ജോലി ചെയ്യുന്നവർക്ക് അവരുടെ തൊഴിൽ വൈദഗ്ധ്യം വർധിപ്പിക്കാൻ 50 മില്യൺ ഡോളറിന്റെ വർക്‌ഫോഴ്‌സ് ഡെവലപ്മെന്റ് ഫണ്ടും ഈ സർക്കാർ കാലയളവിൽ തന്നെ അനുവദിക്കുമെന്ന് ജെന്നി മികകോസ് പറഞ്ഞു.
നിരവധി ഗ്രാന്റുകളും, സ്കോളർഷിപ്പുകളുമാണ് ഇതിലൂടെ പദ്ധതിയിടുന്നത്.
ഇതുവഴി എൻറോൾഡ് നഴ്‌സായി ജോലി ചെയ്യുന്ന ഒരാൾക്ക് റജിസ്റ്റേർഡ് നഴ്‌സായി ജോലി ചെയ്യാൻ കഴിയും. ഇത് മലയാളി സമൂഹത്തിലെ നഴ്‌സുമാർക്കും അവരുടെ വിദ്യാഭ്യാസയോഗ്യത കൂട്ടാൻ സഹായകമാകുമെന്ന് മന്ത്രി ജെന്നി മികകോസ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.