ഓസ്ട്രേലിയയിൽ കൊവിഡ്-19 വൈറസ് ബാധിതരുടെ എണ്ണം 280 കടന്നതിനു പിന്നാലെയാണ് കടുത്ത പ്രതിരോധ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറായത്. പുതുതായി രൂപീകരിച്ച ദേശീയ ക്യാബിനറ്റിന്റെ യോഗത്തിനു ശേഷം പ്രധാനമന്ത്രി സ്കോട്ട് മോറിസനാണ് ഈ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.
Highlights
- എല്ലാ രാജ്യങ്ങളിൽ നിന്നും വരുന്നവർ 14 ദിവസം സെൽഫ് ഐസൊലേഷനിൽ കഴിയണം
- സ്കൂളുകൾ അടച്ചിട്ടാൽ രോഗം പകരുന്നത് കൂടാമെന്ന് പ്രധാനമന്ത്രി
- NSWൽ ഒരു ദിവസം കൊണ്ട് 22 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു
വിദേശത്തു നിന്ന് ഓസ്ട്രേലിയയിലേക്കെത്തുന്ന എല്ലാവരും 14 ദിവസം സ്വയം ഐസൊലേഷനിൽ കഴിയേണ്ടി വരും. ഏതു രാജ്യത്തു നിന്ന് വരുന്നവർക്കും ഇത് ബാധകമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ഞായറാഴ്ച അർദ്ധരാത്രി മുതൽ ഇത് നിലവിൽ വരും.
ഈ നിർദ്ദേശം ലംഘിക്കുന്നവർക്ക് എന്തു ശിക്ഷ നൽകണം എന്ന കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് നിയമം കൊണ്ടുവരാമെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്താവളങ്ങളിലെ പരിശോധനയിൽ രോഗലക്ഷണങ്ങൾ കാണുന്നവർക്ക് സുരക്ഷാ ഉപകരണങ്ങൾ നൽകും. എന്നാൽ ആഭ്യന്തര വിമാനയാത്രകളിൽ നിയന്ത്രണം ഒന്നുമില്ല.

Health Minister Greg Hunt, Prime Minister Scott Morrison and Chief Medical Officer Brendan Murphy. Source: AAP
ഓസ്ട്രേലിയയിലേക്കുള്ള ക്രൂസ് കപ്പലുകൾ അടുത്ത 30 ദിവസത്തേക്ക് നിരോധിച്ചിട്ടുണ്ട്.
സ്കൂൾ അടക്കില്ല
രാജ്യത്തെ സ്കൂളുകൾ അടച്ചിടണമെന്ന ആവശ്യം വ്യാപകമാണെങ്കിലും ഇപ്പോൾ അത് ചെയ്യില്ല എന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.
സ്കൂളുകൾ അടച്ചിടുന്നത് രോഗം പടരുന്നത് കൂടാൻ ഇടയാക്കും എന്ന ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നും, പിന്നീട് ഇക്കാര്യം വീണ്ടും പരിശോധിക്കുമെന്നും സ്കോട്ട് മോറിസൻ പറഞ്ഞു.
ഹസ്തദാനങ്ങളും ആലിംഗനങ്ങളും ഒഴിവാക്കണമെന്നും, മറ്റുള്ളവരുമായി ഒന്നര മീറ്റർ അകലം പാലിക്കുന്നത് പോലുള്ള സോഷ്യൽ ഡിസ്റ്റൻസിംഗ് നടപടികൾ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, 500 പേരിൽ കൂടുതൽ ഉള്ള പരിപാടികൾ നിർത്തിവയ്ക്കണമെന്ന നിർദ്ദേശം ശക്തമായി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
രോഗം പടരുന്നത് അതിവേഗം
ഓസ്ട്രേലിയയിൽ വൈറസ് പടർന്നുപിടിക്കുന്നതിന്റെ വേഗത കൂടുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ന്യൂസൗത്ത് വെയിൽസിൽ മാത്രം ഒരു ദിവസത്തിൽ 22 പേർക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.
രാജ്യത്ത് ഇതുവരെ ഏറ്റവുമധികം പേർക്ക് ഒറ്റ ദിവസം വൈറസ്ബാധ സ്ഥിരീകരിച്ച സംഭവമാണ് ഇത്.
ഇതോടെ സംസ്ഥാനത്തെ മൊത്തം കൊറോണബാധിതരുടെ എണ്ണം 134 ആയി. ഇതിൽ പത്തു പേർക്ക് എങ്ങനെയാണ് വൈറസ് ബാധിച്ചത് എന്ന് ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

The number of cases of coronavirus is Australia has grown. Source: AAP
വിക്ടോറിയയിൽ എട്ടുപേർക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്.
ഇതിൽ ഒരു വിദ്യാർത്ഥിയുമുണ്ട്. കേരീ (Carey) ഗ്രാമർ സ്കൂളിലെ* വിദ്യാർത്ഥിക്ക്, അതേ സ്കൂളിലെ തന്നെ ഒരു അധ്യാപകനിൽ നിന്നാണ് വൈറസ് ബാധിച്ചത്.
ഈ അധ്യാപകന് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്തെ മൊത്തം വൈറസ് ബാധിതർ 57 ആയിട്ടുണ്ട്. വിക്ടോറിയൻ കോടതികളിലെ ജൂറി വിചാരണകൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചു.
സിഡ്നിയിൽ ഏറ്റവും പ്രധാന വാർഷിക ആഘോഷങ്ങളിലൊന്നായ വിവിഡ് സിഡ്നി റദ്ദാക്കിയിട്ടുണ്ട്.
(തിരുത്ത്: സ്കൂളിന്റെ പേര് കേസീ ഗ്രാമർ സ്കൂൾ എന്നാണ് മുമ്പ് നൽകിയിരുന്നത്. അത് കേരീ ഗ്രാമർ സ്കൂളിലാണ്. തെറ്റുണ്ടായതിൽ ഖേദിക്കുന്നു)