"ഞാൻ എപ്പോഴും അത്ഭുതങ്ങളിൽ വിശ്വസിക്കുന്നു. ഇന്ന് മറ്റൊരത്ഭുതം കൂടി സംഭവിച്ചു"
ഈ വാചകങ്ങളുമായാണ് പ്രധാനമന്ത്രി സ്കോട്ട് മോറിസൻ പാർലമെന്റ് തെരഞ്ഞെടുപ്പിലെ വിജയം പ്രഖ്യാപിച്ചത്.
പ്രതിപക്ഷ നേതാവ് ബിൽ ഷോർട്ടൻ തന്നെ ഫോണിൽ വിളിച്ചു എന്നു പറഞ്ഞ മോറിസൻ, ഷോർട്ടന് നന്ദി അറിയിച്ചു.
ഭാര്യ ജെന്നി മോറിസനും രണ്ടു പെൺമക്കൾക്കും ഒപ്പമെത്തിയാണ് സിഡ്നിയിലെ വെന്റ്വർത്ത് ഹോട്ടലിലുള്ള പാർട്ടി ആസ്ഥാനത്ത് അദ്ദേഹം പ്രവർത്തകരെ കണ്ടത്. സ്കോമോ എന്ന ആർപ്പുവിളികളുമായി പ്രവർത്തകർ അദ്ദേഹത്തെ വരവേറ്റു.
ഓസ്ട്രേലിയയുടെ 31ാം പ്രധാനമന്ത്രിയായാണ് മോറിസൻ വീണ്ടും കസേരയിലേക്കെത്തുന്നത്.
ലിബറൽ പാർട്ടിയിലെ നേതൃത്വ പോരുകൾക്കൊടുവിൽ കഴിഞ്ഞ ഓഗസ്റ്റിലാണ് സ്കോട്ട് മോറിസൻ പ്രധാനമന്ത്രിയാകുന്നത്.

Prime Minister Scott Morrison, with his wifeJenny, may have pulled off a shock election win. (AAP) Source: AAP
ഏറെ മാസങ്ങളായി അഭിപ്രായവോട്ടെടുപ്പുകളിലെല്ലാം പിന്നിലായിരുന്ന ലിബറൽ പാർട്ടി, അധികാരത്തിൽ നിന്ന് പുറത്തുപോകുമെന്നാണ് എക്സിറ്റ് പോളുകളും സൂചിപ്പിച്ചത്. എന്നാൽ അതിനെയെല്ലാം മറികടന്നാണ് സ്കോട്ട് മോറിസന്റെ നേതൃത്വത്തിൽ സഖ്യം വീണ്ടും ഭരണം നേടുന്നത്.
പാർലമെന്റിൽ ലിബറൽ സഖ്യത്തിന് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാൻ കഴിയുമോ എന്ന് ഇപ്പോഴും വ്യക്തമല്ല. 151 അംഗ പാർലമെന്റിൽ കുറഞ്ഞത് 74 സീറ്റുകൾ സഖ്യം ഉറപ്പാക്കിക്കഴിഞ്ഞു.
76 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലെങ്കിൽ പോലും ന്യൂനപക്ഷ സർക്കാരായി ഭരിക്കാൻ മോറിസന് കഴിയും.
മുൻ പ്രധാനന്ത്രി ടോണി ആബറ്റിന്റെ തോൽവിക്കിടെയാണ് ലിബറൽ സഖ്യം അപ്രതീക്ഷിത തെരഞ്ഞെടുപ്പ് വിജയം നേടിയത്.