മെൽബൺ മൊണാഷ് ചിൽഡ്രൻസ് ആശുപത്രിയുടെ അടിയന്തര വിഭാഗത്തിൽ പ്രവേശിപ്പിച്ച എട്ട് വയസുകാരി അമൃത വർഷിനി ലങ്കയാണ് 21 മണിക്കൂറിന് ശേഷം മരിച്ചത്.
ഏപ്രിൽ 29 നാണ് അമൃതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വയറുവേദന, ചർദ്ധി, പനി തുടങ്ങിയ രോഗലക്ഷണങ്ങളെ തുടർന്ന് ജിപിയെ കണ്ടതിന് ശേഷമാണ് അമൃത മൊണാഷ് ചിൽഡ്രൻസ് എമർജൻസി വാർഡിൽ എത്തിയത്.
ആശുപത്രിയുടെ അടിയന്തര വിഭാഗത്തിൽ എത്തിയതിന് രണ്ട് മണിക്കൂറിന് ശേഷമാണ് അമൃതയെ ട്രിയാജ് ചെയ്തതെന്ന് എബിസി റിപ്പോർട്ട് ചെയ്തു.
അപ്പന്റിസൈറ്റിസാകാനുള്ള സാധ്യതയുണ്ടെന്നായിരുന്നു ജിപിയുടെ പ്രാഥമിക നിഗമനമെങ്കിലും, ഗ്യാസ്‌ട്രോ എന്ററൈറ്റിസിനുള്ള സാധ്യതയായിരുന്നു മൊണാഷ് ചിൽഡ്രൻസിലെ നേഴ്‌സുമാരുടെ പ്രാഥമിക വിലയിരുത്തല്ലെന്ന് എബിസി റിപ്പോർട്ടിൽ പറയുന്നു.
പിന്നീട് അമൃതക്ക് ശ്വസന സംബന്ധമായ ബുദ്ധിമുട്ടും ഹൃദയസ്‌തംഭനവും ഉണ്ടായതായും, ഏതാനും മണിക്കൂറുകൾക്കകം മരിച്ചുവെന്നുമാണ് റിപ്പോർട്ട്.
ഏപ്രിൽ 30 ശനിയാഴ്ചയാണ് എട്ട് വയസുകാരി മരിച്ചതെന്ന് മൊണാഷ് ചിൽഡ്രൻസ് ആശുപത്രി വക്താവ് എസ് ബി എസ് മലയാളത്തോട് സ്ഥിരീകരിച്ചു.
ആശുപത്രിയിൽ ശുശ്രൂഷ സ്വീകരിക്കുന്നിനിടെ സംഭവിക്കുന്ന മരണങ്ങൾ ക്ലിനിക്കൽ റിവ്യൂവിന് വിധേയമാകുമെന്ന് വക്താവ് പറഞ്ഞു.
കൊറോണറും സേഫ് കെയർ വിക്ടോറിയയും മരണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ആശുപത്രി വ്യക്തമാക്കിയിട്ടുണ്ട്. ആശുപത്രിക്ക് പുറത്തുള്ള വിദഗ്ദ്ധരെ ഉൾപ്പെടുത്തി മൊണാഷ് ഹെൽത്തും അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കി.
അമൃത വർഷിനി ലങ്കയുടെ കുടുംബത്തെ ബന്ധപ്പെട്ട് ആവശ്യമുള്ള പിന്തുണ നൽകുമെന്നും ആശുപത്രി വക്താവ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
മരണകാരണം ഇത് വരെ കണ്ടെത്തിയിട്ടില്ല എന്നും ആശുപത്രി വക്താവ് സ്ഥിരീകരിച്ചു.
കൊറോണറുടെ പരിശോധനയും സേഫ് കെയർ വിക്ടോറിയയുടെ അന്വേഷണവും കഴിയുന്നതിന് മുൻപ് കൂടുതലൊന്നും പറയാൻ കഴിയില്ലെന്ന് വിക്ടോറിയൻ ആരോഗ്യ മന്ത്രി മാർട്ടിൻ ഫോളി പറഞ്ഞു.
മൊണാഷ് ഹെൽത്ത് പൂർണ വിലയിരുത്തലിന് വിധേയമാകുമെന്ന് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് വ്യക്തമാക്കി.
2021 ഏപ്രില്‍ മൂന്നിന് പെര്‍ത്ത് ചില്‍ഡ്രന്‍സ് ആശുപത്രിയുടെ എമര്‍ജന്‍സി വാര്‍ഡില്‍ രണ്ടു മണിക്കൂറോളം ചികിത്സ കിട്ടാതെ കാത്തിരുന്ന ശേഷം ഐശ്വര്യ അശ്വത് എന്ന ഏഴുവയസുള്ള മലയാളി ബാലിക മരിച്ചിരുന്നു.
അന്വേഷണത്തിൽ ആരോഗ്യസംവിധാനത്തിലെ നിരവധി വീഴ്ചകളാണ് കണ്ടെത്തിയത്.
ഇതിനു പിന്നാലെ 'ഐശ്വര്യ കെയർ' എന്ന പേരിൽ ഒരു പുതിയ പദ്ധതി വെസ്റ്റേണ് ഓസ്ട്രേലിയ സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു. കുട്ടികൾക്ക് രോഗമുണ്ടാകുമ്പോൾ മാതാപിതാക്കൾക്ക് രോഗാവസ്ഥയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകുന്നതിന് അല്ലെങ്കിൽ അസ്സസ്‌മെന്റിൽ പങ്കാളികളാകുന്നതിനാണ് 'ഐശ്വര്യ കെയർ' സഹായിക്കുക.