പൂർണ്ണ ആരോഗ്യമുള്ള കുട്ടികളെ പോലും ഹെപ്പറ്റൈറ്റിസ് രോഗം ബാധിച്ചു തുടങ്ങിയതാണ് ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. രോഗം പലരിലും ഗുരുതരമാണെന്നും കാരണം വിശദീകരിക്കാൻ സാധിക്കുന്നില്ലെന്നുമാണ് റിപ്പോർട്ടുകൾ.
ഏപ്രിൽ ആദ്യം ഇംഗ്ലണ്ടിലാണ് കുട്ടികളിൽ ഇത്തരം കേസുകൾ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട് തുടങ്ങിയത്. നിലവിൽ ബ്രിട്ടനിൽ 100 ലധികം ഹെപ്പെറ്റൈറ്റിസ് കേസുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
രോഗ കാരണമായ വകഭേദം അജ്ഞാതമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.
അസുഖ ബാധിതരായ 17 കുട്ടികൾക്ക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായി വന്നെന്നും കുറഞ്ഞത് ഒരു കുട്ടിക്കെങ്കിലും ജീവഹാനി ഉണ്ടായിട്ടുണ്ടെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്.
മെയ് 1വരെ, 20 രാജ്യങ്ങളിൽ നിന്നായി കുറഞ്ഞത് 228 ഹെപ്പറ്റൈറ്റിസ് കേസുകളെങ്കിലും ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും, ഇതിൽ 50 ലധികം കേസുകളിൽ അന്വേഷണം തുടരുകയാണെന്നും ലോകാരോഗ്യ സംഘടന വക്താവ് താരിക് ജസരെവിക് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഹെപ്പറ്റൈറ്റിസ് കേസുകളിൽ വർദ്ധനവുണ്ടായതാണോ അതോ കേസുകളെ പറ്റിയുള്ള അവബോധം വർദ്ധിച്ചതാണോ രോഗബധിതരായി കുട്ടികളുടെ എണ്ണം കൂടാന് കാരണമെന്ന് വ്യക്തമായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ഭൂരിഭാഗം കേസുകളും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നാണെന്നാണ് കണക്കുകൾ. ഓസ്ട്രേലിയയിൽ ഇതുവരെ കുട്ടികളിൽ ഇത്തരം കേസുകൾ രിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ലോകത്തിൽ ഇത് വരെ ഹെപ്പറ്റെറ്റസിൻറെ അഞ്ച് വകഭേദങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും, നിലവിൽ തിരച്ചറിയപ്പെട്ട അഞ്ച് വൈറസുകൾക്ക് പുറമെയുള്ള വൈറസിനെ കണ്ടെത്തുകയാണെങ്കിൽ അത് കഴിഞ്ഞ 30 വർഷത്തിനിടെ ആദ്യമാണെന്നും UNSWലെ പകർച്ചവ്യാധി പ്രതിരോധ വിഭാഗം പ്രൊഫസർ പീറ്റർ വൈറ്റ് പറഞ്ഞു.
എന്നാൽ പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട് കേസുകളിൽ സാധാരണ കണ്ട് വരുന്ന വൈറസുകളുടെ സാന്നിധ്യം തിരിച്ചറിയപ്പെട്ടില്ലെന്നാണ് WHOയുടെ വിശദീകരണം.
കുട്ടികളിൽ കരൾവീക്കം ഉണ്ടാക്കുന്ന എഫ് ടൈപ്പ് 41 എന്ന് വിളിക്കപ്പെടുന്ന ഒരു തരം അഡെനോവൈറസാണ് രോഗത്തിൻറ വ്യാപനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കിന്ന കേസുകളിൽ കുറഞ്ഞത് 74 എണ്ണത്തിലെങ്കിലും അഡെനോവൈറസ് കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന പറയുന്നു. അതിൽ 18 എണ്ണം F41 വൈറസ് വകഭേദം ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
പല കേസുകളിലും മഞ്ഞപ്പിത്തം, വയറുവേദന, വയറിളക്കം, ഛർദ്ദി എന്നിവയുൾപ്പെടെ ലക്ഷണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കുട്ടികളുടെ ആരോഗ്യ സ്ഥിതിയെ രോഗം ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും, പലപ്പോഴും കരൾ മാറ്റിവെയ്ക്കൽ പോലും ആവശ്യമായി വരുന്നുണ്ടെന്നും UNSWലെ കിർബി ഇൻസ്റ്റിറ്റ്യൂട്ടിലെ പകർച്ചവ്യാധി പ്രതിരോധ വിദഗ്ദനും ഹെപ്പറ്റൈറ്റിസ് ഗവേഷകനുമായ പ്രൊഫസർ ആൻഡ്രൂ ലോയ്ഡ് ചൂണ്ടിക്കാട്ടി.
ഓസ്‌ട്രേലിയയിൽ അസാധാരണമായ കേസുകളൊന്നും ഉണ്ടായിട്ടില്ലെന്നും, തുടർച്ചയായ നിരീക്ഷണം നടക്കുന്നുണ്ടെന്നും ഗ്യാസ്ട്രോഎൻട്രോളജിക്കൽ സൊസൈറ്റി ഓഫ് ഓസ്‌ട്രേലിയ (GESA) വ്യക്തമാക്കിയിട്ടുണ്ട്.
ഛർദ്ദി, വയറുവേദന, വിശപ്പില്ലായ്മ, 38C-ന് മുകളിൽ ഉള്ള പനി എന്നിവയുൾപ്പെടെയുള്ള ലക്ഷണങ്ങൾ കണ്ടാൽ വൈദ്യ സഹായം തേടണമെന്നാണ് നിർദ്ദേശം.