ഓസ്ട്രേലിയയിൽ കുട്ടികളിലേക്കും കൊറോണ വൈറസ് (Covid 19) പടർന്നുതുടങ്ങുന്നതായി അധികൃതർ സ്ഥിരീകരിച്ചു.
അഡ്ലൈഡിൽ ഒരു കൈക്കുഞ്ഞിന് വൈറസ് ബാധ കണ്ടെത്തിയതിന് പിന്നാലെയാണ്, സിഡ്നിയിൽ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിക്കും രോഗം സ്ഥിരീകരിച്ചത്.
വെള്ളിയാഴ്ച സ്കൂൾ അടച്ചിട്ട ശേഷം സ്കൂളിൽ അണുനശീകരണ നടപടികൾ പൂർത്തിയാക്കും. തിങ്കളാഴ്ച വീണ്ടും സ്കൂൾ തുറന്നു പ്രവർത്തിക്കുമോ, അതോ ക്വാറന്റൈൻ നടപടി കൂടുതൽ കാലത്തേക്ക് തുടരുമോ എന്ന കാര്യം പിന്നീട് അറിയിക്കുമെന്ന് സ്കൂളധികൃതർ വ്യക്തമാക്കി.
1100 ഓളം കുട്ടികൾ പഠിക്കുന്ന സ്കൂളാണ് ഇത്. കുട്ടികളെയും സ്കൂൾ ജീവനക്കാരെയും നേരിൽ ബന്ധപ്പെടുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.
ന്യൂസൗത്ത് വെയിൽസിലെ ആകെ രോഗബാധിതരുടെ എണ്ണം ഇതോടെ 25 ആയിട്ടുണ്ട്.
സംസ്ഥാനത്ത് വൈറസ് ബാധ കൂടുതൽ ഗൗരവമേറി അവസ്ഥയിലേക്ക് എത്തിയതായി ആരോഗ്യമന്ത്രി ബ്രാഡ് ഹസാഡ് അറിയിച്ചു.
സാധ്യമായ നടപടികളെല്ലാം എടുക്കുന്നുണ്ടെങ്കിലും വൈറസിനെ ഇപ്പോൾ നിയന്ത്രിക്കാൻ കഴിയുന്നത് അസാധ്യമാണ് എന്നും അദ്ദേഹം സൂചിപ്പിച്ചു.
മക്വാറീ പാർക്കിൽ കൊറോണ വൈറസ്ബാധ കണ്ടെത്തിയ ഏജ്ഡ് കെയർ സന്ദർശിച്ചിരുന്ന ചൈൽഡ് കെയറിലെ കുട്ടികളെയും നിരീക്ഷിക്കുന്നുണ്ട്. ബാങ്ക്സിയ കോട്ടേജ് ചൈൽഡ് കെയർ സെന്ററിലെ 17 വിദ്യാർത്ഥികളാണ് ഏജ്ഡ് കെയർ കേന്ദ്രം സന്ദർശിച്ചത്.
ഈ ഏജ്ഡ് കെയർ കേന്ദ്രത്തിൽ കൊറോണ ബാധിച്ച് ഒരു 95കാരി മരിച്ചിരുന്നു. ഒരു ജീവനക്കാരിക്കും രണ്ടു താമസക്കാർക്കും കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.