ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണവൈറസ് പടർന്നുപിടിക്കുകയാണ്. ഇതിലും വേഗതയിലാണ് വൈറസിനെ ചെറുക്കാനുള്ള പൊടിക്കൈകൾ എന്ന പേരിൽ വ്യാജ വാർത്തകളും പടരുന്നത്. ചില വ്യാജവാർത്തകളെക്കുറിച്ച് എസ് ബി എസ് മലയാളം നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. വീണ്ടും കൂടുതൽ വ്യാജവാർത്തകൾ പ്രചരിക്കുകയാണ്. ഇതിനെതിരെ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന.
മദ്യമോ ക്ലോറിനോ ശരീരത്തിൽ പുരട്ടുന്നത്
ശരീരത്തിൽ മദ്യമോ ക്ലോറിനോ സ്പ്രേ ചെയ്യുന്നത് വൈറസിനെ ചെറുക്കാൻ സഹായിക്കുമെന്ന വിധത്തിൽ വ്യാജ വാർത്തകൾ പ്രചാരിക്കുന്നുണ്ട്. ഇതും തെറ്റായ വിവരമാണെന്ന് WHO അറിയിച്ചു. ശരീരം മുഴുവൻ ഇവ സ്പ്രേ ചെയ്യുന്നത് കണ്ണിനും ചർമ്മത്തിനും ദോഷംചെയ്യുമെന്ന് ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റിൽ പറയുന്നു.

Source: WHO
ഹാൻഡ് ഡ്രയറിന് കൊറോണവൈറസിനെ ഇല്ലാതാക്കാൻ കഴിയുമോ
കൈകൾ വൃത്തിയാക്കിയ ശേഷം ഉണക്കുന്ന ഡ്രയറിന് കൊറോണവൈറസിനെ ഇല്ലാതാക്കാൻ കഴിയുമെന്ന പ്രചാരണമാണ് ഇതിലൊന്ന്. ഇത് തെറ്റായ പ്രചരണമാണെന്ന് ചൂണ്ടിക്കാട്ടി ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സോയ്പ്പും വെള്ളവും ഉപയോഗിച്ച് കൈ വൃത്തിയാക്കുകയോ ഹാൻഡ് സാനിറ്റയ്‌സർ ഉപയോഗിച്ച് വൃത്തിയാക്കുകയോ ചെയ്യുന്നത് രോഗത്തിൽ നിന്ന് സംരക്ഷണം നേടാൻ സഹായിക്കുമെന്ന് WHO ചൂണ്ടിക്കാട്ടുന്നു. കൈ ഇത്തരത്തിൽ വൃത്താക്കിയ ശേഷം പേപ്പർ ടവ്വലോ എയർ ഡ്രയറോ ഉപയോഗിച്ച് കൈകൾ ഉണക്കുന്നകം എന്നും WHO വെബ്സൈറ്റിലൂടെ നിർദ്ദേശം നൽകുന്നുണ്ട്.
എന്നാൽ വെറുതെ കൈകഴുകുകയല്ല കുറഞ്ഞത് 20 സെക്കന്റ് എങ്കിലും ഇടയ്ക്കിടയ്ക്ക് കൈകഴുകണമെന്നും ഇതുവഴി രോഗം പടരുന്നത് തടയാൻ സഹായിക്കുമെന്നും അഡ്‌ലൈഡിൽ പകർച്ചവ്യാധി വിദഗ്ധനായ ഡോ സന്തോഷ് ഡാനിയേൽ പറയുന്നു.
ചൈനയിൽ നിന്നുള്ള പാഴ്സലുകൾ വൈറസ് പടർത്തുമോ ?
ചൈനയിൽ നിന്നും എത്തുന്ന കത്തുകളും പാഴ്സലുകളും സ്വീകരിക്കുന്നത് വഴി കൊറോണവൈറസ് പടരുകയില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ദീർഘ നേരം കൊറോണവൈറസിന് അന്തരീക്ഷത്തിൽ തങ്ങി നില്ക്കാൻ ശേഷിയില്ലാത്തതിനാൽ ഇത് സുരക്ഷിതമാണെന്നും WHO യുടെ വെബ്സൈറ്റിൽ പറയുന്നു.

Source: WHO
അൾട്രാവയലറ്റ് ഡിസിൻഫക്ഷൻ വിളക്കുകൾ
കൈകൾ വൃത്തിയാക്കാനായി അൾട്രാവയലറ്റ് ഡിസിൻഫക്ഷൻ വിളക്കുകൾ ഉപയോഗിക്കുന്നത് കൊറോണവൈറസിനെ ഇല്ലാതാക്കാൻ കഴിയുമെന്ന വിധത്തിൽ പ്രചാരണം നടക്കുന്നുണ്ട്. ഇതും തെറ്റായ പ്രചാരണമാണെന്നും ത്വക്കിൽ അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിക്കുന്നത് അസ്വസ്ഥതകൾക്ക് കാരണമാകാമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നുണ്ട്.

Source: WHO
ന്യുമോണിയക്കുള്ള പ്രതിരോധ കുത്തിവയ്പ്പ്
ന്യുമോണിയയെ പ്രതിരോധിക്കാൻ നൽകുന്ന പ്രതിരോധകുത്തിവയ്‌പ്പിന് കൊറോണവൈറസിനെയും പ്രതിരോധിക്കാൻ കഴിയുമെന്ന വാർത്ത തികച്ചും തെറ്റാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
COVID-19 എന്നത് പുതിയ വൈറസ് ആണ്. ഇതിനായുള്ള മരുന്നോ പ്രതിരോധ കുത്തിവയ്‌പ്പോ ഇതുവരെയും കണ്ടുപിടിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഈ കുത്തിവയ്പ്പ് എടുക്കുന്നത് കൊറോണവൈറസിൽ നിന്നും സംരക്ഷണം നൽകുന്നില്ലെന്ന് WHO പറയുന്നു.

Source: WHO
ഉപ്പ് വെള്ളം ഉപയോഗിച്ച് മൂക്ക് വൃത്തിയാക്കുന്നത്
നിരന്തരമായി ഉപ്പ് വെള്ളം ഉപയോഗിച്ച് മൂക്ക് വൃത്തിയാക്കുന്നത് വഴി കൊറോണവൈറസ് ബാധിക്കാതിരിക്കാൻ സഹായിക്കുമെന്നത് തെറ്റായ വാർത്തയാണ്. ജലദോഷം ഉള്ളവർക്ക് ഇത് ഒരു പരിധിവരെ സഹായിച്ചേക്കാം. എന്നാൽ കൊറോണവൈറസിനെ പ്രതിരോധിക്കാൻ ഇതിന് കഴിയുമെന്നതിന് ഒരു തെളിവും ഇല്ലെന്ന് WHO അറിയിച്ചു.
ഇതിനു പുറമെ വെളുത്തുള്ളിയും എള്ളെണ്ണയും മറ്റും ഉപയോഗിക്കുന്നത് കൊറോണവൈറസ് വരാതിരിക്കാൻ സഹായിക്കുമെന്ന് രീതിയിൽ നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങൾ ഉണ്ടായിരുന്നു. ഇതിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന രംഗത്തെത്തുകയും ചെയ്തിരുന്നു.

Source: WHO