ഓസ്ട്രേലിയയുടെ പല ഭാഗത്തും പുതിയ കൊറോണ വൈറസ് ബാധ (കൊവിഡ് 19) സ്ഥിരീകരിച്ചതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 50 കടന്നു.
Highlights:
- അടുത്തകാലത്ത് വിദേശയാത്ര നടത്തിയിട്ടില്ലാത്ത പലർക്കും രോഗബാധ സ്ഥിരീകരിച്ചു
- ലിവർപൂൾ ആശുപത്രിയിലെ ഡോക്ടറുടെ സഹപ്രവർത്തകരുടെയും രോഗികളുടെയും വിവരം ശേഖരിക്കുന്നു
- NTയിൽ ആദ്യത്തെ കൊറോണബാധ സ്ഥിരീകരിച്ചു
ന്യൂസൗത്ത് വെയിൽസിലാണ് ഇതുവരെ ഏറ്റവുമധികം പേർക്ക് രോഗം ബാധിച്ചത്. ബുധനാഴ്ച സിഡ്നിയിൽ ആറു പേർക്കു കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതർ 22 ആയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ഓസ്ട്രേലിയയിൽ വച്ചു തന്നെ മറ്റുള്ളവരിൽ നിന്ന് രോഗം പകർന്നതാണ് ഇതിൽ പല കേസുകളുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ലിവർപൂൾ ആശുപത്രിയിലെ ഒരു വനിതാ ഡോക്ടർക്കും, നോർതേൺ ബീച്ചസിലെ ഒരു സ്ത്രീക്കും, ക്രൊണുളയിലെ ഒരു പുരുഷനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതിനു പുറമേ, മക്വാറീ പാർക്കിലെ ഡോറോത്തി ഹെന്ഡേഴ്സൻ ലോഡ്ജ് ഏജ്ഡ് കെയർ സെന്ററിലെ ഒരു വൃദ്ധയ്ക്കും രോഗബാധ സ്ഥിരീകരിച്ചു. ഇതേ കേന്ദ്രത്തിലെ ഒരു ഏജ്ഡ് കെയർ ജീവനക്കാരിക്ക് രോഗം ബാധിച്ച കാര്യം നേരത്തേ സ്ഥിരീകരിച്ചിരുന്നു. ഈ ജീവനക്കാരിയിൽ നിന്നാണ് ഏജ്ഡ് കെയർ കേന്ദ്രത്തിലുള്ള ജീവനക്കാരിക്കും രോഗം ബാധിച്ചത്.
കഴിഞ്ഞ ദിവസം മരിച്ച ഇതേ കേന്ദ്രത്തിലുണ്ടായിരുന്ന 95കാരിക്കും കൊറോണ ബാധ തന്നെയായിരുന്നുവെന്നും സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.
ലിവർപൂളിൽ രോഗബാധയുണ്ടായ വനിതാ ഡോക്ടറും അടുത്ത കാലത്ത് വിദേശയാത്ര നടത്തിയിട്ടില്ല. അതിനാൽ രാജ്യത്തു വച്ചു തന്നെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്.
ഈ ഡോക്ടർ ചികിത്സിച്ച രോഗികളെയും ഒപ്പം ജോലി ചെയ്ത മറ്റു ജീവനക്കാരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ഇവരെ കണ്ടെത്തിയാൽ ഐസൊലേഷനിലേക്ക് മാറ്റും.
നോർതേൺ ബീച്ചസിലും ക്രൊനുളയിലുമുല്ള രോഗികളുടെ യാത്രാവിവരങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.
അതിനിടെ നോർതേൺ ടെറിട്ടറിയിലും ആദ്യത്തെ കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 52കാരനായ ഒരു വിനോദസഞ്ചാരിക്കാണ് രോഗം കണ്ടെത്തിയത്.
സിഡ്നിയിൽ നിന്ന് കഴിഞ്ഞ ദിവസം ഡാർവിനിലേക്ക് എത്തിയതാണ് ഇയാൾ.