നികുതി കുടിശ്ശിക അടയ്ക്കാൻ വൈകിയതിന് അറസ്റ്റ് ചെയ്യും എന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പണം തട്ടാൻ ശ്രമം.
അഡ്ലൈഡിലെ സാലിസ്ബറി ഡൗൺസിലുള്ള വീട്ടിൽ തിങ്കളാഴ്ചയാണ് വ്യാജ പൊലീസ് വേഷത്തിൽ തട്ടിപ്പുകാർ എത്തിയത്. വീട്ടുടമസ്ഥന് ഇതിനു മുമ്പ് ടാക്സേഷൻ ഓഫീസിന്റെ പേരിൽ ഒരു ഫോണ് കോൾ ലഭിച്ചിരുന്നു. നികുതി കുടിശ്ശികയുണ്ടെന്നും ഇത് തിരിച്ചടയ്ക്കാൻ വൈകിയാൽ പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്യും എന്നായിരുന്നു ഫോണിലെ ഭീഷണി.
തുടർന്ന് അര മണിക്കൂറിന് ശേഷം ഫെഡറൽ പൊലിസ് എന്ന് എഴുതിയ വേഷം ധരിച്ച രണ്ട് പേർ വീട്ടിൽ എത്തി. ഫെഡറൽ പൊലീസിന്റെ അഡ്ലലൈഡ് ബ്രാഞ്ചിലെ ഉദ്യോഗസ്ഥർ എന്നാണ് ഇവർ അവകാശപ്പെട്ടതെന്ന് പേര് വെളിപ്പെടുത്താൻ താല്പര്യമില്ലാത്ത വീട്ടുടമ മാധ്യമങ്ങളോട് പറഞ്ഞു.
ഇവർ ധരിച്ചിരുന്ന നീല ജാക്കറ്റിൽ AFP എന്നല്ല മറിച്ച് ഫെഡറൽ പൊലീസ് എന്ന് എഴിതിയിരുന്നതായും ഇവർ കൈവിലങ്ങുകൾ കരുതിയിരുന്നതായും ഇദ്ദേഹം സൂചിപ്പിച്ചു.
കൈയിൽ EFTPOS മെഷീനുമായാണ് ഈ വ്യാജ പൊലീസുകാർ എത്തിയത്. ക്രെഡിറ്റ് കാർഡുപയോഗിച്ച് ഇതിലൂടെ പണമടയ്ക്കാനാണ് അവർ ആവശ്യപ്പെട്ടത്.
സംശയം തോന്നിയ വീട്ടുടമസ്ഥൻ ഇവരുടെ തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെട്ടു. ഇതോടെ തട്ടിപ്പുകാർ ഓടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് ടാക്സേഷൻ ഓഫീസിനെ ബന്ധപ്പെട്ട് തനിക്ക് കുടിശ്ശികയൊന്നും ഇല്ലെന്ന് ഉറപ്പു വരുത്തിയശേഷം ഇദ്ദേഹം പൊലീസിനെ ബന്ധപ്പെടുകയായിരുന്നുവെന്ന് സൗത്ത് ഓസ്ട്രേലിയ പൊലീസ് വ്യക്തമാക്കി.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുള്ള ഒരാളും ഒരു ഏഷ്യൻ വംശജനുമാണ് പൊലീസ് വേഷം ധരിച്ച് എത്തിയതെന്ന് പൊലീസ് അറിയിച്ചു. ഒരാൾക്ക് ഇരുപതുകളിലും രണ്ടാമത്തെയാൾക്ക് 40കളിലുമാണ് പ്രായം എന്നാണ് കരുതുന്നത്.
ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 1800 333 000 എന്ന നമ്പറിൽ ക്രൈം സ്റ്റോപ്പേഴ്സിനെ അറിയിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.