സ്‌കാം വാച്ചിന്റെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം മേയ് വരെ 4,63,43,043 ഡോളറാണ് ഓസ്‌ട്രേലിയക്കാര്‍ക്ക് തട്ടിപ്പിനിരയായി നഷ്ടപ്പെട്ടിരിക്കുന്നത്. 75,000 ലേറെ തട്ടിപ്പു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇതില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റ വിഭാഗങ്ങളിലുള്ളവര്‍ ഏറ്റവുമധികം ഇരയാകുന്ന അഞ്ചു തട്ടിപ്പുകള്‍ അറിയാം.
1. മൊബൈല്‍ നമ്പര്‍ പോര്‍ട്ടിംഗ്
ഒരാളുടെ മൊബൈല്‍ നമ്പര്‍ അയാളറിയാതെ മറ്റൊരു സിമ്മിലേക്ക് പോര്‍ട്ട് ചെയ്തുള്ള തട്ടിപ്പാണ് ഇത്. സിം സ്വാപ് സ്‌കാം എന്നും ഇതറിയപ്പെടുന്നുണ്ട്.
സിഡ്‌നി സ്വദേശിയായ മലയാളിക്ക് അടുത്തിടെ ഇത്തരം തട്ടിപ്പിലൂടെ നഷ്ടമായത് നാല്‍പതിനായിരം ഡോളറാണ്.
മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ പെട്ടന്ന് ഫോണ്‍ കട്ടായി. എമര്‍ജന്‍സി കോളുകള്‍ മാത്രം എന്നാണ് സിംകാര്‍ഡ് പിന്നീട് കാണിച്ചത്.
ജോലിയിലായതിനാല്‍ ഏറെ മണിക്കൂറുകള്‍ കഴിഞ്ഞു മാത്രമാണ് ഫോണ്‍ പിന്നീട് നോക്കാന്‍ കഴിഞ്ഞത്. അപ്പോഴും സിം പ്രവര്‍ത്തന രഹിതമായതിനാല്‍ മൊബൈല്‍ കമ്പനിയെ ബന്ധപ്പെട്ടു.
അപ്പോഴാണ് തന്റെ ഫോണ്‍ നമ്പര്‍ മറ്റാരുടെയോ പേരിലേക്ക് മാറ്റിക്കഴിഞ്ഞതായി ഈ മലയാളി അറിയുന്നത്.
ഫോണ്‍ നമ്പരും വിലാസവും ജനനത്തീയതിയും ഉപയോഗിച്ചാണ് ഒരു പ്രീ പെയ്ഡ് സിമ്മിലേക്ക് കണക്ഷന്‍ മാറ്റിയത്.
ഇക്കാര്യം അറിഞ്ഞപ്പോഴേക്കും തട്ടിപ്പുകാര്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് രണ്ടു തവണയായി നാല്‍പതിനായിരം ഡോളര്‍ ട്രാന്‍സ്ഫര്‍ ചെയ്തു കഴിഞ്ഞിരുന്നു. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചുള്ള വണ്‍ ടൈം പാസ്സ്വേര്‍ഡ് ഉള്‍പ്പെടെയുള്ള സുരക്ഷാമാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചാണ് ഇത്.

Source: Flickr
സാധാരണ രീതിയില്‍ ഫിഷിംഗ് ഇമെയിലുകള്‍ ഉപയോഗിച്ച് മൊബൈല്‍ നമ്പരും, ഇന്റര്‍നെറ്റ് ബാങ്കിംഗ് വിവരങ്ങളും, വ്യക്തിവിവരങ്ങളും തട്ടിയെടുത്ത ശേഷമായിരിക്കും ഈ പണാപഹരണം നടക്കുന്നത് എന്നാണ് സ്‌കാം വാച്ച് ചൂണ്ടിക്കാട്ടുന്നത്.
ഏറെ നാളായി ഇത്തരം തട്ടിപ്പ് നടക്കുന്നുണ്ട്.
തട്ടിപ്പ് തടയാന്‍
നിങ്ങളുടെ ജനനത്തീയതി പോലുള്ള വ്യക്തിവിവരങ്ങള്‍ ഏറ്റവും സുരക്ഷിതമായി സൂക്ഷിക്കുന്നതാണ് ഇത് നേരിടാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ചും സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ഉപയോഗിക്കുമ്പോള്‍.
മാത്രമല്ല, അയച്ചത് ആരെന്ന് വ്യക്തമായി അറിയാത്ത ഒരു ഇമെയില്‍ സന്ദേശങ്ങള്‍ക്കും മറുപടി നല്‍കാതിരിക്കുക, ഇമെയില്‍ വഴിയോ, എസ് എം എസ് വഴിയോ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ആര്‍ക്കും നല്‍കാതിരിക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ എടുക്കണം.
ബാങ്കിംഗ് വെബ്‌സൈറ്റിലേക്ക് പോകുന്നതിന് ഒരിക്കലും ലിങ്കുകള്‍ ക്ലിക്ക് ചെയ്യരുത്. നേരിട്ട് ബാങ്ക് വെബ്‌സൈറ്റിലേക്ക് പോകുന്നതാണ് സുരക്ഷിതം.
അക്കൗണ്ട് വിശദാംശങ്ങള്‍ മറ്റാര്‍ക്കെങ്കിലും ലഭിച്ചുവെന്നോ, മൊബൈല്‍ നമ്പര്‍ പ്രവര്‍ത്തിക്കുന്നില്ല എന്നോ സംശയമുണ്ടെങ്കില്‍ നിങ്ങളുടെ ബാങ്കിനെ ഉടന്‍ വിവരം അറിയിക്കുക.
2. NBN തട്ടിപ്പ്
ദേശീയ ഇന്റര്‍നെറ്റ് സേവനമായ നാഷണല്‍ ബ്രോഡ്ബാന്റ് നെറ്റ്വര്‍ക്ക് (NBN) കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതിനൊപ്പം അതിന്റെ പേരിലുള്ള തട്ടിപ്പും കൂടുകയാണ്.
ഈ വര്‍ഷം മേയ് വരെയുള്ള കണക്കു നോക്കിയാല്‍ മാസം ശരാശരി 1,10,000 ഡോളര്‍ വീതമാണ് ഈ തട്ടിപ്പിലൂടെ നഷ്ടമായിരിക്കുന്നത്.
ഈ തട്ടിപ്പ് പല തരത്തില്‍ നടക്കുന്നുണ്ട്
ഫോണ്‍ കണക്ഷനോ ഇന്റര്‍നെറ്റ് കണക്ഷനോ പ്രശ്‌നമുണ്ട് എന്നു പറഞ്ഞ് NBN ന്റെ പേരിലാകും തട്ടിപ്പുകാര്‍ വിളിക്കുക. നിങ്ങളുടെ കമ്പ്യൂട്ടര്‍ റിമോട്ട് ആക്‌സസിലൂടെ അവര്‍ക്ക് പരിശോധിക്കണമെന്ന് പറയും. അങ്ങനെ ലഭിച്ചാല്‍ കമ്പ്യൂട്ടറില്‍ മാല്‍വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യുകയോ, സ്വകാര്യ വിവരങ്ങള്‍ തട്ടിയെടുക്കുകയോ ചെയ്യാം.
NBN പ്രതിനിധികള്‍ എന്ന പേരില്‍ നിങ്ങള്‍ക്ക് ഉല്‍പ്പന്നങ്ങളും സേവനങ്ങളും വില്‍ക്കാന്‍ ശ്രമിക്കാം
വീട്ടില്‍ നേരിട്ടെത്തി കുറഞ്ഞ നിരക്കില്‍ NBN സേവനം നല്‍കാം എന്ന് വാഗ്ദാനം നല്‍കും. തുടര്‍ന്ന് പേരും വിലാസവും, ജനനത്തീയതിയും, മെഡികെയര്‍ നമ്പരും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈക്കലാക്കും.
മെല്‍ബണിലുള്ള ഉഷ വിജയകൃഷ്ണന് അടുത്തിടെ ഇത്തരത്തില്‍ NBN ന്റെ പേരില്‍ ഫോണ്‍കോള്‍ ലഭിച്ചിരുന്നു. ഫോണില്‍ നിന്നും നിയമവിരുദ്ധമായ ഇടപാടുകള്‍ നടത്തിയെന്നും, അതിനാല്‍ NBN കണക്ഷന്‍ റദ്ദാക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് പണം തട്ടാന്‍ ശ്രമിച്ചത്.
എന്നാല്‍ തട്ടിപ്പാണെന്ന് തോന്നിയതിനാല്‍ താന്‍ ഫോണ്‍ വിച്ഛേദിച്ചതായി ഉഷ എസ് ബിഎസ് മലയാളത്തോട് പറഞ്ഞു.
NBN അധികൃതര്‍ തന്നെ ഈ തട്ടിപ്പിനെതിരെ നിരവധി മുന്നറിയിപ്പുകള്‍ നല#്കുന്നുണ്ട്.
3. ടാക്‌സേഷന്‍ തട്ടിപ്പ്
സാമ്പത്തിക വര്‍ഷത്തിന്റെ അവസാനകാലത്തും, നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സമയത്തും വ്യാകമാകുന്ന ഒരു തട്ടിപ്പാണ് ഇത്.
ടാക്‌സേഷന്‍ ഓഫീസിന്റേ പേരില്‍ വരുന്ന ഒരു ഫോണ്‍ കോളോ, മിസ്ഡ് കോളോ ആകും ഈ തട്ടിപ്പിന്റെ തുടക്കം.
ശബ്ദം കൊണ്ടും, ഭാവം കൊണ്ടുമെല്ലാം ടാക്‌സേഷന്‍ ഓഫീസാണെന്ന് നിങ്ങളെ വിശ്വസിപ്പിക്കുന്ന തരത്തിലായിരിക്കും ഒരു 'ഓഫീസര്‍' ഫോണില്‍ സംസാരിക്കുക. നിങ്ങള്‍ നികുതി നല്‍കിയതില്‍ വീഴ്ചകളുണ്ടെന്നും, അത് പരിഹരിക്കാനുള്ള അവസാന മുന്നറിയിപ്പാണ് ഈ ഫോണ്‍ കോള്‍ എന്നുമാണ് വിളിക്കുന്നയാള്‍ പറയുക.
ഉടന്‍ പിഴയടച്ച് അത് പരിഹരിച്ചില്ലെങ്കില്‍ അറസ്റ്റ് ചെയ്യും എന്നും ഭീഷണിപ്പെടുത്തും.
iTunes വഴിയോ, ഷോപ്പിംഗ് കാര്‍ഡുകള്‍ വഴിയോ പിഴയടക്കാന്‍ ആവശ്യപ്പെടും
മറ്റാരുമായും ബന്ധപ്പടാന്‍ പാടില്ലെന്നും, എത്രയും വേഗം പണം നല്‍കണം എന്നുമായിരിക്കും നിര്‍ദ്ദേശം. പണമായി ഇല്ലെങ്കില്‍ iTunes വഴിയോ, ഷോപ്പിംഗ് കാര്‍ഡുകള്‍ വഴിയോ, ഓസ്‌ട്രേലിയ പോസ്റ്റ് വഴിയോ പിഴയടക്കാമെന്നും ഇവര്‍ നിര്‍ദ്ദേശിക്കും.
പ്രായമേറിയ നിരവധി പേര്‍ ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയായി പണമടയ്ക്കാന്‍ എത്താറുണ്ടെന്ന് മെല്‍ബണില്‍ ഓസ്‌ട്രേലിയ പോസ്റ്റില്‍ ജോലി ചെയ്യുന്ന ഗായിക കുമാരന്‍ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
ATO യുടെ പേരിലെ ഫോണ്‍ കോളിനെ തുടര്‍ന്ന് 4000 ഡോളര്‍ അടയ്ക്കാനെത്തിയ ഒരാളെ തട്ടിപ്പ് മനസിലാക്കി പോസ്റ്റ് ഓഫീസ് മാനേജര്‍ മടക്കി അയച്ച സംഭവവും അടുത്ത കാലത്തുണ്ടായി എന്ന് ഗായിക കുമാരന്‍ ചൂണ്ടിക്കാട്ടി.
ഇത്തരം തട്ടിപ്പുകള്‍ തിരിച്ചറിയാന്‍ നിരവധി മാര്‍ഗ്ഗങ്ങള്‍ ATO ചൂണ്ടിക്കാട്ടുന്നുണ്ട്.
- ഒരിക്കലും മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത മെസേജുകള്‍ ATO അയക്കില്ല
- ആരെയും അറസ്റ്റ് ചെയ്യുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തില്ല
- ഫോണ്‍ വിളിക്കുമ്പോള്‍ തന്നെ പിഴയടയ്ക്കണമെന്നോ, പണം നല്കണമെന്നോ ഒരിക്കലും ആവശ്യപ്പെടില്ല.
- പ്രീ പെയ്ഡ് കാര്‍ഡുകള്‍, ഗിഫ്റ്റ്കാര്‍ഡുകള്‍, ബിറ്റ് കോയിന്‍ തുടങ്ങിയവ വഴി പണം അടയ്ക്കാനും ആവശ്യപ്പടില്ല.
- ടാക്‌സ് ഏജന്റുമായോ മറ്റാരെങ്കിലുമായോ സംസാരിക്കുന്നതില്‍ നിന്ന് നിങ്ങളെ തടയില്ല.
4. ഓണ്‍ലൈന്‍ വ്യാപാര തട്ടിപ്പ്
വ്യാപാരരംഗവുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകള്‍ ഓസ്‌ട്രേലിയക്കാര്‍ക്ക് വലിയ രീതിയില്‍ പണം നഷ്ടമാകുന്ന മറ്റൊരു മേഖലയാണ്.
2019ല്‍ ഇതുവരെ 73 ലക്ഷം ഡോളറിലേറെയാണ് ഇതുവഴി തട്ടിപ്പുകാര്‍ നേടിയത്.
പല തരത്തില്‍ ഈ തട്ടിപ്പുകള്‍ നടക്കാറുണ്ട്. പല വെബ്‌സൈറ്റുകളിലും പത്രങ്ങളിലുമെല്ലാം വ്യാജ പരസ്യങ്ങള്‍ നല്‍കിയുള്ള ക്ലാസിഫൈഡ് തട്ടിപ്പുകള്‍, നിങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഒറ്റമൂലികളും മറ്റു പ്രതിവിധികളും നല്‍കാം എന്ന പേരിലുള്ള മെഡിക്കല്‍ തട്ടിപ്പുകള്‍ തുടങ്ങിയവയെല്ലാം ഉണ്ടാകാം.
പലപ്പോഴും വ്യാജ വെബ്‌സൈറ്റുകള്‍ ഉണ്ടാക്കിയാണ് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ പ്രവര്‍ത്തിക്കുന്നത്. പ്രമുഖ ബ്രാന്റുകളുടെയോ, ബാങ്കുകളുടെയോ ഒക്കെ വെബ്‌സൈറ്റുകളാണ് എന്ന ഒറ്റനോട്ടത്തില്‍ തോന്നുന്നവയാകും ഇത്.

2019年黑五期间线上营业额远超实体店。 Source: pexels
ഈ ബ്രാന്റുകളുടെ ലോഗോയും, ഓസ്‌ട്രേലയിന്‍ ബിസിനസ് നമ്പരുമെല്ലാം തട്ടിയെടുത്ത് അതും വെബ്‌സൈറ്റില്‍ നല്‍കുന്നുണ്ടാകും.
അടുത്ത കാലത്തായി സോഷ്യല്‍ മീഡിയ സൈറ്റുകള്‍ വഴിയും വ്യാജ ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ പെരുകുന്നുണ്ടെന്ന് സ്‌കാം വാച്ച് മുന്നറിയിപ്പ് നല്‍കുന്നു.
ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ തട്ടിപ്പാണോ എന്ന് തിരിച്ചറിയാന്‍ അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ് ഇവയാണ്:
- വിശ്വസിക്കാന്‍ കഴിയുന്നതിനെക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങള്‍ പരസ്യം ചെയ്യുക
- ഉത്പന്നം വാങ്ങുന്നതിന് ബാങ്ക് അക്കൗണ്ടിലേക്ക് പണം മാറ്റാനോ, മണി ട്രാന്‍സ്ഫര്‍ സേവനങ്ങള്‍ ഉപയോഗിക്കാനോ ആവശ്യപ്പെടുക
- PayPal, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയ സേവനങ്ങള്‍ അനുവദിക്കാതിരിക്കുക
- കൃത്യമായ പ്രൈവസി പോളിസിയും റീഫണ്ട് പോളിസിയും നല്‍കാതിരിക്കുക
5. നിക്ഷേപ തട്ടിപ്പുകള്‍
ഓസ്‌ട്രേലിയയില്‍ ഏറ്റവുമധികം പണം തട്ടിയെടുക്കുന്ന മാര്‍ഗ്ഗമാണ് നിക്ഷേപ തട്ടിപ്പുകള്‍.
രണ്ടു കോടിക്കടുത്ത് ഡോളറാണ് നിക്ഷേപ തട്ടിപ്പുകളിലൂടെ 2019ന്റെ ആദ്യ അഞ്ചു മാസങ്ങളില്‍ ഓസ്‌ട്രേലിയക്കാര്‍ക്ക് നഷ്ടമായിരിക്കുന്നത്.
ഓഹരി വിപണി ബ്രോക്കറെന്നോ, പോര്‍ട്ട്‌ഫോളിയോ മാനേജരെന്നോ സ്വയം പരിചയപ്പെടുത്തി ഫോണ്‍ വിളിച്ചാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട തട്ടിപ്പ് നടക്കുന്നത്. മികച്ച വരുമാനം വാഗ്ദാനം ചെയ്ത് വിദേശ കമ്പനികളില്‍ നിക്ഷേപിക്കാന്‍ ഇവര്‍ ആവശ്യപ്പെടും. നിങ്ങള്‍ക്ക് അല്‍പമെങ്കിലും താല്‍പര്യമുണ്ടെന്ന് കണ്ടാല്‍ ഇവര്‍ പല തവണ തുടര്‍ന്നും വിളിച്ച്, കൂടുതല്‍ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യും.
ഉടന്‍ നിക്ഷേപിച്ചില്ലെങ്കില്‍ കൂടുതല്‍ ലാഭം നേടാനുള്ള അവസരം നഷ്ടമാകുമെന്ന് പറഞ്ഞ് സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യും.
ഓഹരിവിപണി, മോര്‍ട്ട്‌ഗേജ്, റിയല്‍ എസ്‌റ്റേറ്റ് പദ്ധതികള്‍ എന്നിവയാണ് ഇതില്‍ ഏറ്റവും പ്രധാന മേഖലകള്‍.
നിക്ഷേപ സെമിനാറുകള്‍ എന്ന പേരിലും തട്ടിപ്പുകള്‍ നടക്കാറുണ്ടെന്ന് സ്‌കാം വാച്ച് ചൂണ്ടിക്കാട്ടുന്നു. വളരെ പെട്ടെന്ന് കോടീശ്വരന്മാരായ പലരും ഇത്തരം സെമിനാറുകളില്‍ അനുഭവം പങ്കുവയ്ക്കാനെത്തും.
സെമിനാറില്‍ പങ്കെടുക്കുതിനുള്ള ഫീസും, അവിടെ വില്‍ക്കുന്ന റിപ്പോര്‍ട്ടുകളുടെ വിലയിലും തുടങ്ങുന്ന തട്ടിപ്പ്, വലിയ തുക കടമെടുത്ത് റിയല്‍ എസ്റ്റേറ്റ് മേഖലയിലൊക്കെ നിക്ഷേപിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്ുകന്നതിലേക്ക് വരെ നീങ്ങും.
ഇത്തരം നിക്ഷേപ സെമിനാറുകളെക്കുറിച്ച് ഓസ്‌ട്രേലിയന്‍ സെക്യൂരിറ്റീസ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അത് ഇവിടെ വായിക്കാം.

Source: AAP
നിങ്ങള്‍ ആവശ്യപ്പെടാതെ ലഭിക്കുന്ന ഏത് സാമ്പത്തിക ഉപദേശവും സ്വീകരിക്കാതിരിക്കുക എന്നതാണ് ഈ തട്ടിപ്പില്‍ പെടാതിരിക്കാന്‍ അധികൃതര്‍ നല്‍കുന്ന പ്രാഥമിക ഉപദേശം.
മാത്രമല്ല ഇത്തരത്തില്‍ സമീപിക്കുന്ന ആര്ക്കും നിങ്ങളുടെ വ്യക്തി വിവരങ്ങളോ സാമ്പത്തിക വിവരങ്ങളോ നല്കാതിരിക്കാനും ശ്രദ്ധിക്കണമെന്ന് സ്‌കാം വാച്ച് ചൂണ്ടിക്കാട്ടുന്നു.
ASIC ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ധനകാര്യ ഉപദേശകരുടെ (ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍) മാത്രം ഉപദേശം തേടുക.
ഇത്തരം തട്ടിപ്പുകാര്‍ നിങ്ങളെ ബന്ധപ്പെടുകയാണെങ്കില്‍ അത് സ്‌കാം വാച്ചില്‍ റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്. ഓസ്‌ട്രേലിയയില്‍ വ്യാപകമാകുന്ന എല്ലാ തട്ടിപ്പുകളെക്കുറിച്ചും അവിടെ അറിയാം.