കഴിഞ്ഞ ഫെഡറല്‍ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് വാഗ്ദാനം നല്‍കിയിരുന്ന താല്‍ക്കാലിക പേരന്റ് വിസ നിയമമാണ് പാര്‍ലമെന്റിന്റെ ഇരു സഭകളിലും ബുധനാഴ്ച പാസായത്.
ഓസ്‌ട്രേലിയയിലേക്ക് കുടിയേറിപ്പാര്‍ത്തവരുടെ അച്ഛനമ്മമാര്‍ക്ക് തുടര്‍ച്ചയായി പത്തു വര്‍ഷം വരെ രാജ്യത്ത് ജീവിക്കാന്‍ കഴിയുന്ന തരത്തിലാണ് ഈ വിസ വാഗ്ദാനം ചെയ്തിരുന്നത്.
മൂന്നു വര്‍ഷ വിസക്ക് ഒരാള്‍ക്ക് 5000 ഡോളറും, അഞ്ചു വര്‍ഷ വിസക്ക് 10,000 ഡോളറുമായിരിക്കും ഫീസെന്നും സര്‍ക്കാര്‍ മുമ്പ് പ്രഖ്യാപിച്ചിരുന്നു.
ഈ വിസ അഞ്ചു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കാനും കഴിയും. അങ്ങനെ പരമാവധി പത്തു വര്‍ഷം അച്ഛനമ്മമാര്‍ക്ക് തുടര്‍ച്ചയായി ഓസ്‌ട്രേലിയയില്‍ ജീവിക്കാം എന്നായിരുന്നു ബില്ലിലെ വ്യവസ്ഥ.
നിലവിലുള്ള സന്ദര്‍ശക വിസകള്‍ ഉപയോഗിച്ച് പന്ത്രണ്ട് മാസം മാത്രമേ തുടര്‍ച്ചയായി രാജ്യത്ത് ജീവിക്കാന്‍ കഴിയൂ. ആറു മാസത്തെ ഇടവേളയ്ക്കു ശേഷം മാത്രമാണ് വീണ്ടും സന്ദര്‍ശനം നടത്താന്‍ കഴിയുക.
കുടുംബങ്ങള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ വഴിയൊരുക്കുന്നതാണ് പാര്‍ലമെന്റ് പാസാക്കിയ നിയമമെന്ന് കുടിയേറ്റകാര്യമന്ത്രി ഡേവിഡ് കോള്‍മാന്‍ പറഞ്ഞു. ഓസ്‌ട്രേലിയന്‍ സമൂഹത്തിനും ഏറെ നേട്ടമുണ്ടാക്കുന്നതാകും ഈ വിസയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Source: Getty Images
കടുത്ത വ്യവസ്ഥകള്‍
2016ല്‍ അവതരിപ്പിച്ച ബില്ലിലേതിനേക്കാള്‍ കൂടുതല്‍ കടുപ്പമേറി വ്യവസ്ഥകളോടെയാണ് പാര്‍ലമെന്റ് ഇപ്പോളത് പാസാക്കിയിരിക്കുന്നത്.
അച്ഛനമ്മമാരെ സ്‌പോണ്‍സര്‍ ചെയ്യുന്ന മക്കളുടെ മേല്‍ കൂടുതല്‍ സാമ്പത്തിക ഉത്തരവാദിത്തങ്ങള്‍ നല്കുന്നതാണ് ബില്ലിലെ ഒരു വ്യവസ്ഥ.
ഏതെങ്കിലും ഒരു ഓസ്‌ട്രേലിയന്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. ഇന്‍ഷുറന്‍സിന് പുറമേ ഏതെങ്കിലും തരത്തിലുള്ള ചികിത്സാ ചെലവുകളോ, അതുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകളോ ഉണ്ടാവുകയാണെങ്കില്‍ അത് സ്‌പോണ്‍സര്‍മാര്‍ വഹിക്കണമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്.
നിലവിലെ സന്ദര്‍ശക വിസയില്‍ ഇത്തരമൊരു വ്യവസ്ഥയില്ലെന്ന് മൈഗ്രേഷന്‍ ഏജന്റുമാര്‍ ചൂണ്ടിക്കാട്ടുന്നു.
മാത്രമല്ല, ഒരു കുടുംബത്തില്‍ ഒരാളുടെ അച്ഛനമ്മമാര്‍ക്ക് മാത്രമേ വിസ അനുവദിക്കൂ എന്ന പുതിയ വ്യവസ്ഥയുമുണ്ടെന്ന് പ്രതിപക്ഷ കുടിയേറ്റകാര്യ വക്താവ് ഷെയ്ന്‍ ന്യൂമാന്‍ പറഞ്ഞു. അതായത്, ഒന്നുകില്‍ ഭാര്യയുടെയോ, അല്ലെങ്കില്‍ ഭര്‍ത്താവിന്റെയോ അച്ഛനമ്മമാര്‍ക്ക് മാത്രമേ വിസ ലഭിക്കൂ. രണ്ടു പേരുടെയും അച്ഛനമ്മമാര്‍ക്ക് ഒരുമിച്ച് ഇവിടേക്ക് വരാന്‍ കഴിയില്ല.
ഈ വ്യവസ്ഥ അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും ഷെയ്ന്‍ ന്യൂമാന്‍ പറഞ്ഞു.
രണ്ടു ഘട്ടമായിട്ടായിരിക്കും ഈ വിസയുടെ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. സ്‌പോണ്‍സറുടെ വിലയിരുത്തലായിരിക്കും ആദ്യ ഘട്ടം. സ്‌പോണ്‍സര്‍ക്ക് അനുമതി ലഭിച്ചു കഴിഞ്ഞാല്‍ മാത്രമേ അച്ഛനമ്മമാര്‍ക്കുള്ള വിസ അപേക്ഷ സമര്പ്പിക്കാന്‍ കഴിയൂ.