ഓസ്‌ട്രേലിയയില്‍ കൊറോണവൈറസ് ബാധയുടെ നിരക്ക് കുറച്ചു നിര്‍ത്തുന്നതില്‍ കുടിയേറ്റ സമൂഹം വലിയ സഹകരണമാണ് നല്‍കിയതെന്ന് അലന്‍ ടഡ്ജ് പറഞ്ഞു.
രാജ്യത്ത് താല്‍ക്കാലിക വിസകളില്‍ കഴിയുന്നവരുടെ കാര്യത്തില്‍, ഓരോ വിസാ വിഭാഗങ്ങളിലുള്ളവര്‍ക്കും വ്യത്യസ്ത പരിഗണനയാണ് നല്‍കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് ചെലവുകള്‍ സ്വന്തമായി താങ്ങാന്‍ കഴിയില്ലെങ്കില്‍ തിരികെ പോകണം എന്നാണ് നിര്‍ദ്ദേശം. പ്രത്യേകിച്ചും ഇവിടെ കുടുംബത്തിന്റെ പിന്തുണയില്ലെങ്കില്‍.
യാത്രാ വിലക്ക് പ്രഖ്യാപിച്ചിരിക്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ എന്തു ചെയ്യണം എന്ന എസ് ബി എസിന്റെ ചോദ്യത്തിന്, സന്ദര്‍ശക വിസ കാലാവധി കഴിയുകയാണെങ്കില്‍ അടിയന്തരമായി കുടിയേറ്റകാര്യ വകുപ്പിനെ ബന്ധപ്പെടണം എന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
'ഇന്ത്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന യാത്ര വിലക്ക് ഇന്ന് അവസാനിക്കും എന്നായിരുന്ന കരുതിയിരുന്നത്. എന്നാല്‍ ഏതാനും ആഴ്ചകള്‍ കൂടി നീട്ടിയ സാഹചര്യം ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്,' അദ്ദേഹം പറഞ്ഞു.
'താല്‍ക്കാലിക വിസയിലുള്ളവരുടെ വിസ കാലാവധി എപ്പോഴാണ് അവസാനിക്കുന്നത് എന്ന കാര്യവും സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ട്. ഇക്കൂട്ടത്തില്‍ ടൂറിസ്റ്റ് വിസകളിലുള്ളവര്‍ വിസ കാലാവധി അവസാനിക്കുകയാണെങ്കില്‍ എത്രയും വേഗം കുടിയേറ്റകാര്യ വകുപ്പിനെ ബന്ധപ്പെടണം.'
താല്‍ക്കാലിക വിസകളിലുള്ളവര്‍ക്ക് കൊറോണ വൈറസ് പരിശോധന നടത്തേണ്ടി വന്നാല്‍ അത് സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും, അക്കാര്യത്തില്‍ വിവേചനമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റുഡന്റ് വിസ
ബാക്ക്പാക്കര്‍ വിസയിലുള്ളവരും സ്റ്റുഡന്റ് വിസയിലുള്ളവരും നിരവധി അവശ്യമേഖലകളില്‍ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ കാര്യത്തില്‍ വ്യത്യസ്ത നിലപാടാണെന്ന് അലന്‍ ടഡ്ജ് പറഞ്ഞു.
ഒരു വര്‍ഷത്തിലേറെ ഓസ്‌ട്രേലിയയില്‍ ജീവിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സൂപ്പറാന്വേഷന്‍ പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ നല്‍കിയിട്ടുണ്ട്. പല മേഖലകളിലും കൂടുതല്‍ സമയം ജോലി ചെയ്യാന്‍ ഉള്ള അവകാശം നല്‍കിയിട്ടുമുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്കായി യൂണിവേഴ്‌സിറ്റികള്‍ 110 മില്യണ്‍ ഡോളറിന്റെ സഹായം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തില്‍ വിദ്യാഭ്യാസ മേഖലയുമായി സര്‍ക്കാര്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും, എന്തൊക്കെ നടപടികള്‍ ഇനിയെടുക്കാം എന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഓസ്‌ട്രേലിയയില്‍ 5.61 ലക്ഷത്തോളം വിദേശവിദ്യാര്‍ത്ഥികളാണ് ഉള്ളതെന്നും, അതില്‍ 20 ശതമാനത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാമെന്നും അലന്‍ ടഡ്ജ് ചൂണ്ടിക്കാട്ടി.