സൗത്ത് ഓസ്‌ട്രേലിയയിൽ നടക്കുന്ന 25മത് ലോക റൂട്സ് കോൺഫറൻസിൽ ആണ് മന്ത്രി ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിമാന കമ്പനികളിൽ നിന്നും, വിമാനത്താവളങ്ങളിൽ നിന്നുമുള്ള 2,000ത്തോളം പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
ഓസ്‌ട്രേലിയൻ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കമ്മീഷന്റെ കണക്ക് പ്രകാരം ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്ന എട്ടാമത്തെ രാജ്യമാണ് ഇന്ത്യ.
ഇന്ത്യയിൽ നിന്നും 342,694 പേരാണ് കഴിഞ്ഞ വർഷം ഓസ്ട്രേലിയ സന്ദർശിച്ചത്. എന്നാൽ സന്ദർശകരുടെ എണ്ണത്തിന് ആനുപാതികമായുള്ള വിമാന സർവീസുകൾ ഇരു രാജ്യങ്ങളിലെക്കും ഇല്ല എന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ന്യൂ ഡൽഹിയിലേക്ക് നേരിട്ട് ആഴ്ചയിൽ എട്ട് സർവീസുകൾ നടത്തുന്നത് എയർ ഇന്ത്യ മാത്രമാണ്. ഓസ്‌ട്രേലിയൻ ടൂറിസം മേഖലയുടെ വികസനത്തിന് ഇനിയും നേരിട്ടുള്ള കൂടുതൽ വിമാന സർവീസുകൾ ആവശ്യമാണെന്ന് സൈമൺ ബർമിംഗ്ഹാം വ്യക്തമാക്കി. ഇതിനായി കൂടുതൽ സിമാന കമ്പനികൾ മുൻപോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Federal Minister for Trade, Tourism and Investment Simon Birmingham Source: AAP
നിലവിൽ 90 ശതമാനം ഇന്ത്യൻ സന്ദർശകരും ഓസ്‌ട്രേലിയയിലെത്താൻ സിംഗപ്പൂർ എയർലൈൻസിനേയും തായ് എയർലൈൻസിനേയുമാണ് ആശ്രയിക്കുന്നത്.
എയർ ഇന്ത്യ വിമാനത്തിൽ സിഡ്‌നിയിൽ നിന്നും ഡൽഹിയിലെത്താൻ പന്ത്രണ്ടര മണിക്കൂറും, ഹോംഗ് കോങ്ങ് വഴി 18 മണിക്കൂറും യാത്ര ചെയ്യണം.
ഇത് മൂലം വർദ്ധിച്ച യാത്രാ സമയവും ചിലവുമാണ് യാത്രക്കാർ നേരിടേണ്ടി വരുന്നത്. ഇത് കൂടുതൽ സന്ദർശകർ ഓസ്‌ട്രേലിയയിലേക്ക് എത്തുന്നതിന് തടസ്സമാകുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഓസ്‌ട്രേലിയിൽ 13 പേരിൽ ഒരാൾ ടൂറിസം മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. മേഖലയിൽ കൂടുതൽ വികസനം അനിവാര്യമാണ്. അതുകൊണ്ടു തന്നെ പുതിയ വിമാന റൂട്ടുകളും സർവീസുകളും തുടങ്ങുന്നത് വഴി മാത്രമേ ഇത് സാധ്യമാകൂവെന്ന് മന്ത്രി സൈമൺ ബർമിംഗ്ഹാം വ്യക്തമാക്കി.
2019 മാർച്ച് വരെയുള്ള കണക്ക് അനുസരിച്ച് ഏതാണ്ട് 170,800 ഇന്ത്യക്കാർ വിക്ടോറിയ സന്ദർശിച്ചപ്പോൾ 163,000 പേരാണ് NSW സന്ദർശിച്ചിരിക്കുന്നത്.
2030 ഓടെ ഒരു മില്യൺ ഇന്ത്യൻ സന്ദർശകരെയാണ് ഓസ്ട്രേലിയ പ്രതീക്ഷിക്കുന്നത്. ഇത് സാധ്യമാക്കാൻ വർഷം 250 അധിക വിമാന സർവീസുകൾ അഥവാ ആഴ്‌ചയിൽ അഞ്ച് അധിക സർവീസുകൾ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.
"കൂടുതൽ സർവീസുകൾ ആരംഭിക്കുന്നത് കമ്പനികൾക്ക് നഷ്ടം"
എന്നാൽ ഇരു രാജ്യങ്ങളിൽ നിന്നും കൂടുതൽ വിമാന സർവീസുകൾ ആരംഭിച്ചാൽ വിമാന കമ്പനികൾ നഷ്ടം നേരിടേണ്ടി വരുമെന്ന് സെന്റർ ഫോർ ഏവിയേഷൻറെ ചെയർമാൻ പീറ്റർ ഹാർബിസൺ അറിയിച്ചു.
ഓരോ വർഷവും സർവീസുകളുടെ കാര്യത്തിൽ പുനഃപരിശോധന നടത്തുന്നുണ്ടെന്നും ഇന്ത്യയിലേക്ക് നേരിട്ടുള്ള സർവീസുകൾ തുടങ്ങുന്ന കാര്യത്തിൽ നിലവിൽ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും ഓസ്‌ട്രേലിയൻ വിമാന കമ്പനിയായ ക്വണ്ടാസും വ്യക്തമാക്കി.
ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകളും വിശേഷങ്ങളുമറിയാൻ SBS Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക