1996ൽ രണ്ട് ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിൽ ആറു വർഷത്തേക്കാണ് കർദിനാൾ പെല്ലിനെ ശിക്ഷിച്ചിരിക്കുന്നത്. ഈ ശിക്ഷ തുടരുമെന്നും അപ്പീൽ കോടതി ഉത്തരവിട്ടു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആൻ ഫെർഗൂസനാണ് വിധി പ്രസ്താവിച്ചത്. വിചാരണ കോടതി വിധിച്ചതുപോലെ മൂന്നു വർഷവും എട്ടു മാസവും കഴിഞ്ഞ് കർദിനാൾ പെല്ലിന് പരോളിന് അപേക്ഷിക്കാമെന്നും എന്നാൽ പരോൾ അനുവദിക്കണമോ എന്ന കാര്യത്തിൽ പരോൾ ബോർഡാണ് തീരുമാനമെടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസും അപ്പീൽ കോടതി പ്രസിഡന്റ് ക്രിസ് മാക്സ്വെല്ലും അപ്പീൽ തള്ളിയപ്പോൾ, ജസ്റ്റിസ് മാർക്ക് വെയിൻബെർഗ് ഇതിനോട് വിയോജിച്ചു. കർദിനാൾ പെല്ലിനെ കുറ്റവിമുക്തനാക്കണം എന്ന വിധിയാണ് അദ്ദേഹം എഴുതിയത്.
1996ൽ മെൽബണിലെ പള്ളിയിൽ വച്ച് രണ്ട് ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിൽ ജോർജ് പെൽ കുറ്റക്കാരനാണെന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ ജൂറി കണ്ടെത്തിയിരുന്നു. ജൂറി ഉത്തരവിനെതിരെയാണ് പെൽ അപ്പീൽ നൽകിയത്.
മൂന്നു കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കർദിനാൾ പെൽ ജൂറി കണ്ടെത്തലിനെതിരെ അപ്പീൽ നൽകിയത്. ഇതിൽ ഒന്നാമത്തെ കാരണം മാത്രമേ അപ്പീലിനായി പരിഗണിച്ചിട്ടുള്ളൂ.
കർദിനാൾ പെല്ലിനെതിരെ പരാതി നൽകിയ യുവാവിന്റെ ആരോപണങ്ങൾ വിശ്വസനീയമല്ലെന്നും, ഈ യുവാവ് ഭാവനയിൽ നിന്ന് കള്ളം പറയുകയാണ് എന്നുമായിരുന്നു അപ്പീലിലെ ഒന്നാമത്തെ കാരണം.
പരാതി നൽകിയ യുവാവ് കള്ളം പറയുകയാണെന്ന് കരുതുന്നില്ല ചീഫ് ജസ്റ്റിസ് ആൻ ഫെർഗൂസൻ
ഇതായിരുന്നു ചീഫ് ജസ്റ്റിസ് ഫെർഗൂസൻ വിധിയിൽ പറഞ്ഞത്. ഇയാളുടെ മൊഴി സത്യമാണെന്ന് ബോധ്യപ്പെടുന്നതായും കോടതി ചൂണ്ടിക്കാട്ടി.
ഭാരമേറിയ തിരുവസ്ത്രങ്ങളാണ് കർദിനാൾ പെൽ ഉപയോഗിക്കുന്നതെന്നും, അതിനിടയിലൂടെ ലിംഗം പുറത്തെടുത്ത് പ്രദർശിപ്പിക്കുന്നതും പീഡനം നടത്തുന്നതും പ്രായോഗികമല്ല എന്നുമാണ് അദ്ദേഹത്തിന്റെ അഭിഭാഷകർ അപ്പീലിൽ ചൂണ്ടിക്കാട്ടിയത്.
എന്നാൽ ഈ വാദവും പൂർണമായും തള്ളിക്കൊണ്ടാണ് കോടതി അപ്പീൽ തള്ളിയത്.
പെല്ലിനെ ശിക്ഷിച്ചത് ആറു വർഷത്തേക്ക്
ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു കർദിനാൾ പെല്ലിനെ കോടതി ആറു വർഷത്തേക്ക് ശിക്ഷിച്ചത്.
മെൽബണിലെ സെന്റ് പാട്രിക് കത്തീഡ്രലിൽ ആർച്ച് ബിഷപ്പായിരുന്ന ജോർജ്ജ് പെൽ, ഞായറാഴ്ച കുര്ബാന കഴിഞ്ഞ സമയത്ത് രണ്ട് ആൺകുട്ടികളെ പീഡിപ്പിച്ചു എന്നാണ് കേസ്.
പള്ളിയിലെ വീഞ്ഞ് കുടിച്ച ഈ കുട്ടികളെ ജോർജ്ജ് പെൽ പിടികൂടിയിരുന്നു. തുടർന്ന് തിരുവസ്ത്രത്തിനിടയിലൂടെ തന്റെ ലിംഗം പുറത്തെടുത്ത ജോർജ്ജ് പെൽ, ഒരു ആൺകുട്ടിയുടെ മുഖത്തിനടുത്തേക്ക് ഇത് ചേർത്തു പിടിച്ചു.
രണ്ടാമത്തെ ആൺകുട്ടിയുടെ വായിലേക്ക് ലിംഗം ബലമായി തള്ളിക്കയറ്റിയെന്നും, കുട്ടികൾ കരഞ്ഞപ്പോൾ നിങ്ങൾ കുഴപ്പത്തിലാകും എന്ന് ഭീഷണിപ്പെടുത്തിയതായും കോടതി വിധി പ്രസ്താവത്തിൽ പറഞ്ഞു.
പാന്റ്സ് അഴിച്ച് കുട്ടിയുടെ ലിംഗങ്ങളിൽ തലോടുകയും ചെയ്തു എന്നാണ് കോടതി കണ്ടെത്തിയത്. ഈ സമയം ജോർജ്ജ് പെൽ സ്വയംഭോഗം ചെയ്യുകയായിരുന്നുവെന്നും ശിക്ഷാവിധിയിൽ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഒരു മാസത്തിനു ശേഷം ഇതിൽ ഒരു കുട്ടിയെ വീണ്ടും പള്ളിയിൽ വച്ച് ജോർജ്ജ് പെൽ പീഡിപ്പിച്ചു. അന്ന് ചുമരിൽ ചേർത്തു നിർത്തി ആ കുട്ടിയുടെ ലിംഗങ്ങളിൽ തലോടുകയാണ് ജോർജ്ജ് പെൽ ചെയ്തത്.
ഇപ്പോൾ 30 വയസു പ്രായമുള്ള ഒരു ആൺകുട്ടി കോടതിയിൽ ഹാജരായിരുന്നു. വിചാരണ സമയത്ത് ഇയാൾ തെളിവു നല്്കുകയും ചെയ്തിരുന്നു.
രണ്ടാമത്തെ ആൺകുട്ടി ഏതാനും വർഷങ്ങൾക്ക് മുമ്പ് ദുരൂഹസാഹചര്യത്തിൽ മരിച്ചിരുന്നു.
R എന്നും J എന്നുമാണ് ഇവരെ കോടതി പരാമർശിച്ചത്. അവരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ഇത്.
മെൽബൺ കൗണ്ടി കോടതിയിലെ ചീഫ് ജഡ്ജ് പീറ്റർ കിഡാണ് മാർച്ചിൽ ജോർജ്ജ് പെല്ലിന് ശിക്ഷ വിധിച്ചത്.
കുറ്റകൃത്യങ്ങളും, സാമുഹ്യപരിതസ്ഥിതിയും, ജോർജ്ജ് പെല്ലിന് പള്ളിയിലുണ്ടായിരുന്ന അധികാരവും, കുറ്റകൃത്യങ്ങൾ കുട്ടികൾക്കുണ്ടാക്കിയ മാനസികാഘാതവും എല്ലാം വിശദമായി തന്നെ ജഡ്ജി വിധിയിൽ ഉൾക്കൊള്ളിച്ചിരുന്നു.
കുറ്റകൃത്യങ്ങളുടെ ഗൗരവവും, അത് 13 വയസുള്ള രണ്ട് ആൺകുട്ടികളിലുണ്ടാക്കിയ മാനസിക ആഘാതവും, ജോർജ്ജ് പെല്ലിന്റെ ഭാഗത്തുനിന്നുണ്ടായ വിശ്വാസലംഘനവും അധികാരദുർവിനിയോഗവും കണക്കിലെടുത്താണ് വിധി.
ഇതോടൊപ്പം, പെല്ലിന്റെ പ്രായവും ആരോഗ്യസ്ഥിതിയും മറ്റു കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്നതും ശിക്ഷ വിധിക്കുമ്പോൾ കോടതി കണക്കിലെടുത്തിരുന്നു. ഇക്കാര്യങ്ങൾ കണക്കിലെടുത്ത്, സമാനമായ കേസുകളിൽ നൽകുന്നതിനെക്കാൾ കുറഞ്ഞ പരോൾ കാലാവധി പെല്ലിന് നൽകുകയാണെന്നും അന്ന് കോടതി വ്യക്തമാക്കി. ജീവിതത്തിന്റെ അവസാന ഘട്ടത്തിലേക്കെത്തി എന്നതിനാൽ സമൂഹത്തിൽ ഇനിയും ജീവിക്കാൻ അവസരം ലഭിക്കുന്നതിന് വേണ്ടിയാണ് ഇത്.
ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകളും വിശേഷങ്ങളുമറിയാൻ SBS Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക