ക്രിസ്മസ് ആഘോഷത്തിന് തയ്യാറെടുക്കുന്നവരുടെ പ്രധാന ആശങ്കകളിലൊന്ന് ഡിസംബർ 25ന് മഴപെയ്യുമോ എന്നതാണ്.
ക്രിസ്മസ് ദിനത്തിലെ അന്തരീക്ഷം എങ്ങനെയായിരിക്കുമെന്ന് വിലയിരുത്തി ഓസ്ട്രേലിയൻ കാലാവസ്ഥ നീരീക്ഷണകേന്ദ്രം കഴിഞ്ഞ ദിവസം ഒരു റിപ്പോർട്ട് പുറത്തിറക്കിയിരുന്നു.
രാജ്യത്തിൻറെ മിക്കയിടങ്ങളിലും ഡിസംബർ 25ന് തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്നാണ് നിലവിലെ പ്രവചനം.
ചൂട് നിറഞ്ഞ അന്തരീക്ഷം പ്രതീക്ഷിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ക്വീൻസ്‌ലാൻറ്, നോർത്തേൺ ടെറിട്ടറി സംസ്ഥാനങ്ങളുടെ ഭൂരിഭാഗം പ്രദേശങ്ങളിലും, ന്യൂ സൗത്ത് വെയിൽസിൻറെ വടക്ക് കിഴക്കൻ പ്രദേശങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയും, ശക്തമായ കാറ്റും പ്രവചിച്ചിട്ടുണ്ട്.
ന്യൂ സൗത്ത് വെയിൽസ്, ACT
ന്യൂ സൗത്ത് വെയിൽസിലും, ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിലും തെളിഞ്ഞ, ചൂടുള്ള അന്തരീക്ഷമായിരിക്കും.
കിഴക്കൻ തീര പ്രദേശങ്ങളിലുടനീളം തണുപ്പുള്ള അന്തരീക്ഷമായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
വിക്ടോറിയ
വിക്ടോറിയ സംസ്ഥാനത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും തെളിഞ്ഞ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. അതേസമയം തെക്കൻ തീരപ്രദശങ്ങളിലും, മറൈ നദീയുടെ വടക്കൻ ഭാഗത്തും നേരിയ തണുപ്പ് പ്രതീക്ഷിക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു.
സൗത്ത് ഓസ്ട്രേലിയ
സംസ്ഥാനത്തിൻറെ മിക്കയിടങ്ങളിലും തെളിഞ്ഞ കാലാവസ്ഥയാണ് ക്രിസ്മസ് ദിനം പ്രതീക്ഷിക്കുന്നത്. എന്നാൽ സംസ്ഥാനത്തിൻറെ വടക്ക്-കിഴക്കൻ ഭാഗത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
വെസ്റ്റേൺ ഓസ്ട്രേലിയ
സംസ്ഥാനത്തിൻറെ മിക്ക പ്രദേശങ്ങളിലും ചൂട് നിറഞ്ഞ അന്തരീക്ഷമായിരിക്കും ക്രിസ്മസ് ദിനത്തിൽ. ഈർപ്പമുള്ള അന്തരീക്ഷം കിംബർലി മേഖലയിലുടനീളം ശക്തമായ കാറ്റിന് കാരണമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
നോർത്തേൺ ടെറിട്ടറി
ക്രിസ്മസ് ദിനത്തിൽ നോർത്തേൺ ടെറിട്ടറിയിലുടനീളം വ്യാപക മഴയും ഇടിമിന്നലുമുണ്ടാകുമെന്നാണ് കാലാവസ്ഥ കേന്ദ്രം പറയുന്നത്.
ഡാർവിൻ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ മഴയിൽ കുതിരുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ക്വീൻസ്‌ലാൻറ്
ഉൾനാടൻ ക്വീൻസ്‌ലാന്റിലും, വടക്കൻ ഉഷ്ണമേഖലാ തീരങ്ങളിലും ഡിസംബർ 25ന് മഴയും, ഇടിമിന്നലും ഉണ്ടാകുമെന്നാണ് പ്രവചനം.
അതേസമയം, തെക്ക്-കിഴക്കൻ ക്വീൻസ്‌ലാൻറിൽ അന്തരീക്ഷം മേഘാവൃതവും, ചൂടുള്ളതും, വരണ്ടതുമായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ടാസ്മേനിയ
ടാസ്മാനിയയിൽ മേഘാവൃതമായ അന്തരീക്ഷം. തണുപ്പും മഴയും വർദ്ധിക്കുമെന്നും കാലാവസ്ഥ കേന്ദ്രത്തിൻറെ റിപ്പോർട്ടിൽ പറയുന്നു.
പ്രധാന നഗരങ്ങളിലെ ക്രിസ്മസ് ദിനത്തിലെ കാലാവസ്ഥ
- സിഡ്നി- തെളിഞ്ഞ കാലാവസ്ഥ പ്രതീക്ഷിക്കുന്ന കൂടിയ താപനില 28 ഡിഗ്രി സെൽഷ്യസ്. ഉച്ചക്ക് ശേഷം നേരിയ കാറ്റ്.
- മെൽബൺ- തെളിഞ്ഞ അന്തരീക്ഷം, കൂടിയ താപനില 27 ഡിഗ്രി സെൽഷ്യസ്.
- ബ്രിസ്ബെൻ- അന്തരീക്ഷം ഭാഗീകമായി മേഘവൃതം, പ്രതീക്ഷിക്കുന്ന കൂടിയ താപനില 31 ഡിഗ്രി സെൽഷ്യസ്.
- ഹൊബാർട്ട്- അന്തരീക്ഷം ഭാഗീകമായി മേഘാവൃതം, ഉച്ചക്ക് ശേഷം പലയിടങ്ങളിലും മഴക്ക് സാധ്യത. പ്രതീക്ഷിക്കുന്ന കൂടിയ താപനില 21 ഡിഗ്രി സെൽഷ്യസ്.
- പെർത്ത്- തെളിഞ്ഞ അന്തരീക്ഷം, പ്രതീക്ഷിക്കുന്ന കൂടിയ താപനില 30 ഡിഗ്രി സെൽഷ്യസ്. ഉച്ചക്ക് ശേഷം നേരിയ കാറ്റിന് സാധ്യത.
- അഡലൈഡ്- തെളിഞ്ഞ കാലാവസ്ഥ, പ്രതീക്ഷിക്കുന്ന കൂടിയ താപനില 30 ഡിഗ്രി സെൽഷ്യസ്.
- കാൻബറ- ചൂട് നിറഞ്ഞ അന്തരീക്ഷം, തെളിഞ്ഞ കാലാവസ്ഥ, കൂടിയ താപനില 30 ഡിഗ്രി സെൽഷ്യസ്.
- ഡാർവിൻ- മഴക്കും ശക്തമായ കാറ്റിനും സാധ്യത, കൂടിയ താപനില 33 ഡിഗ്രി സെൽഷ്യസ്.