ആദ്യ വീടു വാങ്ങാൻ ശ്രമിക്കുന്നവരെ ആകർഷിക്കുന്ന പുതിയ വാഗ്ദാനവുമായാണ് ഫെഡറൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ആഴ്ചയ്ക്ക് പ്രധാനമന്ത്രി സ്കോട്ട് മോറിസൻ തുടക്കമിട്ടത്.
വീടു വാങ്ങുന്നതിനാവശ്യമായ നിക്ഷേപ തുക കണ്ടെത്താനായി സൂപ്പറാന്വേഷൻ ഫണ്ട് ഉപയോഗിക്കാൻ അനുവദിക്കും എന്നാണ് പ്രഖ്യാപനം.
തന്റെ സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ, ആദ്യ വീടു വാങ്ങാൻ ശ്രമിക്കുന്നവർക്ക് സൂപ്പറാന്വേഷൻ നീക്കിയിരിപ്പിന്റെ 40 ശതമാനം അതിനായി ഉപയോഗിക്കാൻ അനുവാദം നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
വീടു വിലയുടെ അഞ്ചു ശതമാനം തുക സമ്പാദ്യമായി കൈവശമുള്ളവർക്കാണ് ഇത്തരത്തിൽ സൂപ്പറാന്വേഷൻ തുക കൂടി ഉപയോഗിക്കാൻ കഴിയുക.
പരമാവധി 50,000 ഡോളർ വരെയാകും ഇങ്ങനെ ഉപയോഗിക്കാൻ കഴിയുക.
എപ്പോഴെങ്കിലും ആ വീട് വിറ്റാൽ, സൂപ്പറാന്വേഷനിൽ നിന്ന് പിൻവലിച്ച തുക തിരിച്ചടയ്ക്കേണ്ടിവരും. വീടുവിലയിലെ വർദ്ധനവിൽ നിന്നും (ക്യാപിറ്റൽ ഗെയിൻസ്) ആനുപാതികമായ തുക കൂടി സൂപ്പർ ഫണ്ടിലേക്ക് നിക്ഷേപിക്കണം.
2023 ജൂലൈ ഒന്നു മുതൽ പദ്ധതി നടപ്പാക്കും എന്നാണ് സ്കോട്ട് മോറിസന്റെ പ്രഖ്യാപനം.
വീടുവില ഇനിയും കൂട്ടുമെന്ന് ആശങ്ക
പദ്ധതി നടപ്പാക്കിയാൽ വീടു വിലയിൽ താൽക്കാലികമായി വർദ്ധനവ് ഉണ്ടാകുമെന്ന് സൂപ്പറാന്വേഷൻ വകുപ്പ് മന്ത്രി ജെയ്ൻ ഹ്യൂം സമ്മതിച്ചു.
വീടുവാങ്ങാൻ കാത്തിരിക്കുന്നവർ നേരത്തേ തന്നെ വിപണിയിലേക്ക് എത്തുന്ന സാഹചര്യമുണ്ടാകുമെന്നും, ഇത് താൽക്കാലികമായി വില കൂട്ടും എന്നും ജെയ്ൻ ഹ്യൂം പറഞ്ഞു.
എന്നാൽ, ഈ വില വർദ്ധനവിന്റെ ഭാരം ഒഴിവാക്കാൻ സർക്കാരിന്റെ മറ്റു നിരവധി പദ്ധതികൾ സഹായിക്കും എന്നാണ് പ്രധാനമന്ത്രി സ്കോട്ട് മോറിസൻ വിശദീകരിച്ചത്.
മുതിർന്ന പൗരൻമാരെ ചെറിയ വീടുകളിലേക്ക് മാറാൻ പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ പദ്ധതി നടപ്പാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
വലിയ വീടുകൾ വിപണിയിലേക്ക് തിരിച്ചെത്താൻ ഈ പദ്ധതി സഹായിക്കുമെന്നും, അങ്ങനെ വീടുകളുടെ ലഭ്യത കൂടൂന്നത് വിലക്കയറ്റം ഒഴിവാക്കാൻ സഹായിക്കും എന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം.
എന്നാൽ, എരിതീയിൽ എണ്ണയൊഴിക്കുന്ന നടപടിയാണ് ലിബറൽ സഖ്യത്തിന്റേത് എന്ന് ലേബർ പാർട്ടി പ്രതികരിച്ചു.
നിലവിൽ തന്നെ രൂക്ഷമായിരിക്കുന്ന വീടുവില ഇനിയും കൂട്ടാനാകും ഇത് സഹായിക്കുക എന്ന് ലേബർ കുറ്റപ്പെടുത്തി.
മാത്രമല്ല, ജോലിയിൽ നിന്ന് വിരമിച്ച ശേഷമുള്ള സുരക്ഷ ഇല്ലാതാക്കുന്ന നടപടിയാകും സൂപ്പർ നിക്ഷേപം പിൻവലിക്കലെന്നും ലേബർ വക്താവ് ടാനിയ പ്ലിബർസെക് പറഞ്ഞു.
ഈ പദ്ധതി നടപ്പാക്കിയാൽ വീടു വില കൂടുമെന്ന് നിരവധി സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Labor's education spokeswoman Tanya Plibersek speaks to the media at St Mary’s Cathedral school on Monday, 9 May, 2022. Source: AAP / LUKAS COCH/AAPIMAGE
വീടു വാങ്ങാൻ ശ്രമിക്കുന്നവരെ ലക്ഷ്യമിട്ട് ലേബർ പാർട്ടിയും നേരത്തേ പദ്ധതി പ്രഖ്യാപിച്ചിരുന്നു.
വീടു വിലയുടെ 40 ശതമാനം വരെ സർക്കാർ ഓഹരിയായി നൽകുന്ന പദ്ധതിയാണ് ലേബറിന്റേത്.
വീട് വാങ്ങുന്നവർക്ക് പിന്നീട് സർക്കാരിന്റെ ഓഹരികൾ കൂടെ വാങ്ങാൻ കഴിയും. വരുമാനം കൂടിയാൽ സർക്കാരിന്റെ ഓഹരികൾ വാങ്ങണം എന്നായിരിക്കും വ്യവസ്ഥ.
നിശ്ചിത വരുമാനപരിധിയിൽ ഉൾപ്പെടുന്ന 10,000 പേർക്ക് ഈ പദ്ധതി ലഭ്യമാകുമെന്നാണ് ലേബർ പ്രഖ്യാപനം.