ദോഹയിൽ നിന്ന് ഫെബ്രുവരി 23ന് സിഡ്‌നിയിൽ എത്തിയ QR908 എന്ന വിമാനത്തിൽ യാത്ര ചെയ്ത 50 വയസ്സുള്ള സ്ത്രീക്കാണ് കോറോണവൈറസ് സ്ഥിരീകരിച്ചത്.
ഇറാനിൽ നിന്ന് ഖത്തർ വഴിയാണ് ഇവർ സിഡ്‌നിയിലേക്ക് യാത്ര ചെയ്തതെന്ന് NSW ആരോഗ്യ വകുപ്പ് അറിയിച്ചു.
ഫെബ്രുവരി 23ന് വൈകിട്ട് 6:50 ന് സിഡ്‌നിയിലെത്തിയ ഈ വിമാനത്തിൽ യാത്ര ചെയ്തവർക്ക് ഫ്ലൂവിന് സമാനമായ രോഗലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ ആരോഗ്യ വിദഗ്ധരെ സമീപിക്കണമെന്ന് NSW ആരോഗ്യ മന്ത്രി ബ്രാഡ് ഹസാഡ് മുന്നറിയിപ്പ് നൽകി.
സിഡ്‌നിയിലെത്തി 24 മരിക്കൂറിനകം രോഗലക്ഷണങ്ങൾ കാണിച്ചിരുന്നുവെങ്കിലും ആറ് ദിവസങ്ങൾക്ക് ശേഷമാണ് ഇവർ ആശുപത്രിയിൽ പോയത്. ഇവരുടെ അടുത്തിരുന്ന് യാത്ര ചെയ്തവരെ സർക്കാർ ബന്ധപ്പെടാൻ ശ്രമിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.
ന്യൂ സൗത്ത് വെയിൽസിൽ കൊറോണവൈറസ് ബാധിക്കുന്ന ആറാമത്തെ രോഗിയാണ് ഇവർ. ഇതോടെ ഓസ്‌ട്രേലിയയിൽ രോഗം ബാധിച്ചവരുടെ എണ്ണം 29 ആയി.
വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന 78 കാരൻ ശനിയാഴ്ച രാത്രി മരണമടഞ്ഞിരുന്നു. രാജ്യത്ത് കൊറോണവൈറസ് മൂലമുള്ള ആദ്യത്തെ മരണമാണ് ഇത്. ജപ്പാൻ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ക്രൂസ് കപ്പലായ ഡയമണ്ട് പ്രിൻസസ്സിലെ യാത്രക്കാരിൽ ഒരാളാണ് മരിച്ചത്. ജെയിംസ് ക്വൻ എന്ന 78 കാരൻ ജോലിയിൽ നിന്ന് വിരമിച്ച ഒരു ട്രാവൽ ഏജന്റ് ആയിരുന്നു .
ഇതിന് പിന്നാലെ കൊറോണവൈറസ് മഹാമാരിയായി പൊട്ടിപ്പുറപ്പെട്ടാൽ നേരിടാൻ കഴിയുന്ന വിധത്തിൽ ക്വീസ്ലാന്റിലെ ആശുപത്രികളിലെ ശസ്ത്രക്രിയ തീയേറ്ററുകൾ വാരാന്ത്യത്തിലും ഈസ്റ്റർ സമയത്തും പ്രവർത്തക്കുമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി സ്റ്റീവൻ മൈൽസ് അറിയിച്ചു.
ക്വീൻസ്ലാന്റിലെ ഗോൾഡ് കോസ്റ്റിൽ ഒരു സലൂണിൽ ബ്യൂട്ടീഷ്യനായി ജോലി ചെയ്യുന്ന സ്ത്രീക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതേതുടർന്ന് ഈ സലൂണിലെത്തിയ 40ഓളം പേരെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു അധികൃതർ.