ഓസ്‌ട്രേലിയയുടെ വിവിധ സംസ്ഥാനങ്ങളിൽ കൊറോണവൈറസ് ബാധിതരുടെ എണ്ണം വൻ തോതിൽ വർധിക്കുകയാണ്. 2,252 പേർക്കാണ് രാജ്യത്ത് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഇതേതുടർന്ന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് സർക്കാർ. ഇതിന്റെ ഭാഗമായി കാറ്റഗറി ഒന്നും രണ്ടും ഒഴികെയുള്ള എല്ലാ ഇലക്ടീവ് ശസ്ത്രക്രിയകളും ബുധനാഴ്‌ച മുതൽ നിർത്തിവയ്ക്കുമെന്ന് പ്രധാന മന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചു.
30 ദിവസത്തിനകം ചികിത്സ ആവശ്യമായതും അടിയന്തരമായ ഒരു അവസ്ഥയിലേക്ക് ആരോഗ്യ മോശമാകാൻ സാധ്യതയുള്ളതുമായവരെയാണ് കാറ്റഗറി ഒന്ന് എന്ന ഗണത്തിൽപ്പെടുത്തിയിരിക്കുന്നത്.
90 ദിവസത്തിനകം ചികിത്സ ആവശ്യമായവരേയാണ് കാറ്റഗറി രണ്ട് ആയി കണക്കാക്കിയിരിക്കുന്നത്. ഇവരുടെ ആരോഗ്യം മോശമാവുന്ന അവസ്ഥയിലേക്ക് മാറാനുള്ള സാധ്യതകൾ കുറവാണ്.
അടുത്ത വര്ഷം എപ്പോഴെങ്കിലും ചികിത്സ മതിയാവുന്ന ആരോഗ്യ പ്രശനങ്ങൾ ഉള്ളവരാണ് കാറ്റഗറി മൂന്നിൽ. ഇവരുടെ ആരോഗ്യ നിലയും പെട്ടെന്ന് മോശമാവാനുള്ള സാദ്ധ്യതകൾ വിരളമാണ്.
ഫോണിലേക്ക് സർക്കാർ സന്ദേശം:
കോറോണവൈറസിനെ പ്രതിരോധിക്കാൻ ഓരോരുത്തരും എടുക്കേണ്ട നടപടികളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി ഫെഡറൽ സർക്കാർ എല്ലാ ഓസ്‌ട്രേലിയൻ ഫോൺ നമ്പറുകളിലേക്കും SMS സന്ദേശം അയയ്ക്കും.
സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ഒന്നര മീറ്റർ സോഷ്യൽ ഡിസ്റ്റൻസിംഗും മറ്റ് നിയന്ത്രണങ്ങളും പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ജനങ്ങളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്. ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ടും ചീഫ് മെഡിക്കൽ ഓഫീസർ ബ്രാൻഡൻ മർഫിയും വാർത്താവിനിമയ മന്ത്രി പോൾ ഫ്ലെച്ചറും ചേർന്ന് പ്രസ്താവന പുറത്തിറക്കി.

Source: SBS Malayalam
NSWൽ രോഗം ബാധിച്ചവരിൽ കൈക്കുഞ്ഞും:
ന്യൂ സൗത്ത് വെയിൽസിൽ രോഗം ബാധിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടിവരികയാണ്. സംസ്ഥാനത്ത് കൊറോണവൈറസ് ബാധിതരുടെ എണ്ണം 1,029 ആയി. 212 പേർക്കാണ് ഒറ്റ ദിവസം കൊണ്ട് പുതുതായി രോഗം സ്ഥിരീകരിച്ചത്.
ഇതിൽ രണ്ട് പേർ കുട്ടികളാണ്. രണ്ട് മാസം മാത്രം പ്രായമുള്ള ഒരു ആൺ കുഞ്ഞിനും ഏഴു വയസ്സുള്ള ഒരു പെൺകുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഇതാദ്യമായിട്ടാണ് പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സംസ്ഥാനത്ത് രോഗം ബാധിക്കുന്നത്. രോഗം ബാധിച്ച വീട്ടിലുള്ളയാളിൽ നിന്നാണ് രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് രോഗം ബാധിച്ചതെന്ന് ചീഫ് ഹെൽത്ത് ഓഫീസർ ഡോ കെറി ചന്റ് അറിയിച്ചു.
രോഗം ബാധിച്ച ഒരു മുതിർന്ന വ്യക്തിയിൽ നിന്നുമാണ് ഏഴു വയസ്സുകാരിക്കും രോഗം പടർന്നിരിക്കുന്നത്. രണ്ട് കുട്ടികളും ഇപ്പോൾ ഐസൊലേഷനിലാണ്.
മെൽബണിൽ ആശുപത്രി ജീവനക്കാർക്ക് രോഗബാധ :
പടിഞ്ഞാറൻ മെൽബണിലെ വെറിബീയിലുള്ള മേഴ്‌സി ആശുപത്രിയിലെ നാല് ജീവനക്കാർക്ക് കോറോണവൈറസ് സ്ഥിരീകരിച്ചു. രോഗ ബാധിതരുടെ ആരോഗ്യ നില തൃപ്തികരണമാണെന്നും ആശുപത്രി പൂർണമായും വൃത്തിയാക്കിയെന്നും ആരോഗ്യ മന്ത്രി ജെനി മികകോസ് അറിയിച്ചു.
വിക്ടോറിയയിൽ രോഗം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ്. സംസ്ഥാനത്തെ സ്കൂളുകളെല്ലാം ചൊവ്വാഴ്ച അടച്ചിരുന്നു.
സംസ്ഥാനത്ത് 466 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
സ്കൂൾ നേരത്തെ അടയ്ക്കുമെന്ന് ടാസ്മേനിയ :
കുട്ടികൾക്ക് വീടുകളിൽ ഇരുന്നു പഠിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കാൻ അധ്യപകർക്ക് ആവശ്യത്തിന് സമയം നൽകാനായി സംസ്ഥാനത്തെ സ്കൂളുകൾ നേരത്തെ അടയ്ക്കുമെന്ന് ടാസ്മാനിയ അറിയിച്ചു. ഏപ്രിൽ ആറ് മുതലാണ് സ്കൂൾ അടയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ കുട്ടികളെ സ്കൂളിൽ വിടാൻ താല്പര്യമില്ലാത്ത രക്ഷിതാക്കൾക്ക് ബുധനാഴ്ച (മാർച്ച് 25) മുതൽ ഇവരെ വീട്ടിലിരുത്താമെന്ന് ടാസ്മേനിയ പ്രീമിയർ പീറ്റർ ഗട്വെയ്‌ൻ അറിയിച്ചു.
ജീവനക്കാരെ മാറ്റി നിർത്തി വിർജിൻ ഓസ്ട്രേലിയയും :
കൊറോണവൈറസ് പ്രതിസന്ധി മൂലം 125 വിമാനങ്ങളുടെ സർവീസുകൾ നിർത്തി വയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ് വിർജിൻ ഓസ്ട്രേലിയ. 90 ശതമാനം ആഭ്യന്തര സർവീസുകളും ഇതോടെ വിമാനക്കമ്പനി നിർത്തിവയ്ക്കുകയാണ്. രാജ്യാന്തര സർവീസുകളെല്ലാം കമ്പനി നേരത്തെ നിർത്തിയിരുന്നു.
ഇത് മൂലം 8,000 ജീവനക്കാരെ മെയ് വരെ ജോലിയിൽ നിന്നും മാറ്റി നിർത്തുമെന്ന് വിർജിൻ ഓസ്ട്രേലിയ അറിയിച്ചു. ഇവർക്ക് ലീവ് സംബന്ധമായ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
ടൈഗർ എയറും വിമാന സർവീസുകളെല്ലാം ഉടൻ നിർത്തിവയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Australians must stay at least 1.5 metres away from other people. Indoors, there must be a density of no more than one person per four square metres of floor space.
If you believe you may have contracted the virus, call your doctor, don’t visit, or contact the national Coronavirus Health Information Hotline on 1800 020 080.
If you are struggling to breathe or experiencing a medical emergency, call 000.