വിക്ടോറിയൻ പാർലമെന്റിന്റെ ഇരു സഭകളിലും കൂടി നടന്ന 100 മണിക്കൂർ നീണ്ട ചർച്ചക്കൊടുവിലാണ് ബുധനാഴ്ച്ച ഉച്ചയോടെ അധോസഭയിൽ ദയാവധ ബിൽ പാസ് ആയത്.
ഇത് സംബന്ധിച്ച ബിൽ പാർലമെന്റിന്റെ ഉപരിസഭയിൽ കഴിഞ്ഞ ആഴ്ചയിൽ പാസ് ആയിരുന്നു. എന്നാൽ അംഗങ്ങള്‍ ഉന്നയിച്ച നിരവധി ഭേദഗതികള്‍ കൂടി ഉള്‍പ്പെടുത്തിയ ബില്‍ അധോസഭ അംഗീകരിച്ച ശേഷമാണ് ദയാവധം നിയമം ആക്കിയത്.
ഇതോടെ ഓസ്ട്രേലിയയിൽ ഈ നിയമം നിലവിൽ കൊണ്ടുവരുന്ന ആദ്യ സംസ്ഥാനം ആയി മാറിയിരിക്കുകയാണ് വിക്ടോറിയ.
ഇനി ബിൽ ഗവർണരുടെ അംഗീകാരത്തിനായി വിടും.
ഇത് 2019 മധ്യത്തോടെ നടപ്പിലാക്കുമെന്ന് സർക്കാർ അറിയിച്ചു.
ബില്ലിനെ എതിർത്ത പ്രതിപക്ഷം തീരുമാനം അനിശ്ചിതമായി നീട്ടാൻ ശ്രമം നടത്തിയെങ്കിലും ഈ നീക്കം വിജയിച്ചില്ല.
മാരകമായ രോഗം ബാധിച്ച് ആറു മാസത്തിനുള്ളിൽ മരിക്കാൻ സാധ്യതയുള്ള രോഗികൾക്കാണ് ദയാവധത്തിനുള്ള അവകാശം. 12 മാസം എന്നതായിരുന്നു ആദ്യം തീരുമാനിച്ചിരുന്ന കാലാവധി.
ദയാവധത്തിനായി അപേക്ഷിക്കുന്നവർ, അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ഒരു വര്ഷം എങ്കിലും വിക്ടോറിയയിൽ താമസിച്ചിരിക്കണമെന്നും, പത്തു ദിവസത്തിനുള്ളിൽ മൂന്നു തവണ അഭ്യർത്ഥന നടത്തണമെന്നും ബില്ലിൽ പറയുന്നു.
18 വയസ്സിന് മേൽ പ്രായമായവർക്ക് മാത്രമേ ദയാവധത്തിനായി അപേക്ഷിക്കാൻ അനുവാദമുള്ളൂ. മാത്രമല്ല, ഇവർ സുബോധത്തോടെയായിരിക്കണം അപേക്ഷ സമർപ്പിക്കുന്നത്.
ഇവരുടെ അഭ്യർഥന രണ്ടു ഡോക്ടർമാർ അംഗീകരിച്ച ശേഷമാകും ദയാവധം നടപ്പിലാക്കുക.
രോഗിക്ക് അസഹനീയമായതും ചികിത്സിച്ചു ഭേദമാക്കാൻ പറ്റാത്തതുമായ രോഗങ്ങൾക്ക് മാത്രമേ ഇത് അനുവദിച്ചു നൽകുകയുള്ളൂ.
രോഗികൾ സ്വമേധയാ തന്നെയാണ് ഇതിനായുള്ള മരുന്ന് എടുക്കേണ്ടത്. ഇവർക്ക് സ്വന്തം ജീവൻ അവസാനിപ്പിക്കാൻ ശാരീരികമായി ബുദ്ധിമുട്ടുള്ള പക്ഷം മാത്രമേ ഡോക്ടർക്ക് മരുന്ന് നൽകുവാൻ അനുവാദമുള്ളൂ.
അതേസമയം നിയമം ദുരുപയോഗം ചെയ്യുന്നത് തടയാനായി പുതിയ ക്രിമിനൽ കുറ്റങ്ങൾ ഉൾപ്പടെ 68 സുരക്ഷാ സംവിധാനങ്ങളാണ് നടപ്പാക്കാൻ പദ്ധതിയിടുന്നത്. മാത്രമല്ല ഇത്തരം കേസുകൾ പുരപരിശോധനക്ക് വിധേയമാക്കാൻ ഒരു പ്രത്യേക ബോർഡും രൂപീകരിക്കും .