അഫ്ഗാനിസ്ഥാനിൽ ഓസ്ട്രേലിയൻ സൈനികർ "നിയമവിരുദ്ധമായ" പ്രവർത്തനങ്ങൾ നടത്തിയെന്ന് 2017ൽ ABC നൽകിയ റിപ്പോർട്ടുകളുടെ വിവരങ്ങൾക്ക് വേണ്ടിയാണ് കഴിഞ്ഞ വര്ഷം ജൂണിൽ ഫെഡറൽ പൊലീസ് എ ബി സി ഓഫീസുകളിൽ റെയ്ഡ് നടത്തിയത്.
എ ബി സിയിലെ മൂന്നു മാധ്യമപ്രവർത്തകരുടെ പേരിലാണ് റെയ്ഡ് വാറണ്ടുള്ളതെന്ന് സ്ഥാപനത്തിലെ ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസം മേധാവി അറിയിച്ചിരുന്നു.
മാധ്യമസ്വാതന്ത്ര്യത്തിനു മേലേയുള്ള കടന്നുകയറ്റമാണ് ഈ റെയ്ഡെന്ന് വിമർശനമുയരുകയും ഇതിനെതിരെ മാധ്യമപ്രവർത്തകർ ഒന്നടങ്കം രംഗത്തെത്തുകയും ചെയ്തിരുന്നു.
രേഖകൾക്കായി ഓഫീസുകൾ റെയ്ഡ് ചെയ്ത സംഭവത്തിൽ ഫെഡറൽ പൊലീസിനെതിരെ എ ബി സി നിയമനടപടി കൈക്കൊണ്ടിരുന്നു.
ക്രൈംസ് ആക്ട് പ്രകാരം ഫെഡറൽ പൊലീസ് വാറന്റ് അംഗീകൃതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എ ബി സി കോടതിയെ സമീപിച്ചത്. പൊലീസ് പിടിച്ചെടുത്ത 124 ഫയലുകളും രണ്ടു യു എസ് ബി സ്റ്റിക്കുകളും തിരികെ നൽകണമെന്നും എ ബി സി ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഫെഡറൽ പൊലീസ് വാറന്റ് അംഗീകൃതമാണെന്ന് വ്യക്തമാക്കിക്കൊണ്ട് കേസ് പൂർണമായി ഫെഡറൽ കോടതി തിങ്കളാഴ്ച തള്ളിക്കളഞ്ഞു. നിയമ നടപടിക്കായി ചിലവാക്കിയ മുഴുവൻ തുകയും എ ബി സി തിരികെ നൽകണമെന്നും ജഡ്ജി വെന്റി എബ്രഹാം ഉത്തരവിട്ടു.
കോടതിയുടെ ഈ നടപടി പൊതു താല്പര്യത്തോടെ പ്രവർത്തിക്കുന്ന ഓസ്‌ട്രേലിയൻ മാധ്യമ സ്ഥാപനങ്ങൾക്ക് ഒരു തിരിച്ചടിയാണെന്ന് എ ബി സി ന്യൂസ് ഡയറക്ടർ ഗാവൻ മോറിസ് അറിയിച്ചു.
കോടതി വിധി നിരാശാജനകമാണെന്ന് മോറിസ് പ്രതികരിച്ചു. രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യത്തിനും പൊതുജനങ്ങളുടെ അറിയാനുള്ള അവകാശത്തിനും എതിരാണ് ഈ വിധിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം കാര്യങ്ങളിൽ അടിയന്തര നിയമ ഭേദഗതി ആവശ്യമാണെന്നും മോറിസ് ആവശ്യപ്പെട്ടു. കോടതി വിധിക്കെതിരെ അപ്പീലുമായി മുൻപോട്ടു പോകുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇത് ജനാധിപത്യത്തിനേറ്റ പ്രഹരമായെന്ന് എ ബി സി മാനേജിംഗ് ഡയറക്ടർ ഡേവിഡ് ആൻഡേഴ്സൺ പ്രതികരിച്ചു.
അതേസമയം ഫെഡറൽ പൊലീസിന്റേത് പൂർണമായും സ്വകാര്യതയിലേക്കുള്ള കടന്നുകയമായിരുന്നില്ലെന്നും റെയ്ഡ് എ ബി സി യിലെ അഭിഭാഷകരുടെ സാന്നിധ്യത്തിലാണ് നടത്തിയതെന്നും കോടതി പരിശോധിച്ചു.
മാത്രമല്ല ഒരു മുറിയിൽ മാത്രമാണ് പൊലീസ് തിരച്ചിൽ നടത്തിയത്. മാധ്യമസ്ഥാപനത്തിന്റെ മറ്റ് പരിസരങ്ങളിൽ ഒന്നും തന്നെ പൊലീസ് തിരച്ചിൽ നടത്തിയില്ലെന്നും കോടതി നിരീക്ഷിച്ചു.
എ ബി സി ആവശ്യപ്പെട്ടത് പ്രകാരം പിടിച്ചെടുത്ത രേഖകൾ അടച്ചുമുദ്രവെക്കുകയും നിയമനടപടികൾ തീരും വരെ ഇവ പരിശോധിക്കില്ലെന്ന് പോലീസ് സമ്മതിച്ചിരുന്നതായും ജഡ്ജി വെണ്ടി കണ്ടെത്തി.
ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്തതാണ് ഫെഡറൽ കോടതി കേസ് തള്ളിയത്.