കൊറോണപ്രതിസന്ധിയിൽ നിന്നും നിർമാണമേഖലയെ ഉത്തേജിപ്പിക്കാനാണ് ഫെഡറൽ സർക്കാർ 25,000 ഡോളർ ഹോം ബിൽഡർ ഗ്രാന്റ് പ്രഖ്യാപിച്ചത്.
ജൂൺ നാല് മുതൽ ഡിസംബർ 31 വരെയാണ് ഈ സ്കീം അനുവദിക്കുന്നതെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്.
എന്നാൽ ഇപ്പോൾ ഇത് 2021 മാർച്ച് വരെ നീട്ടിയതായി ഫെഡറൽ സർക്കാർ അറിയിച്ചു.
പുതിയ വീട് പണിയുകയോ നിലവിലെ വീട് പുതുക്കി പണിയുകയോ ചെയ്യുന്നവർ, ജൂൺ നാലിനും ഡിസംബർ 31 നുമിടയിൽ കരാർ ഒപ്പ് വയ്ക്കുകയോ പണി തുടങ്ങുകയോ ചെയ്യണമെന്നായിരുന്നു വ്യവസ്ഥ. ഇതിന് ശേഷം കരാർ ഒപ്പ് വയ്ക്കുന്നവർക്ക് ഗ്രാന്റ് ലഭിക്കില്ല എന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
ഇതാണ് ഇപ്പോൾ മാർച്ച് 31 വരെ നീട്ടിയിരിക്കുന്നത്. അതായത് ഡിസംബറിന് മുൻപായി കരാർ ഒപ്പ് വയ്ക്കുകയോ വീട് പണി തുടങ്ങുകയോ ചെയ്യാൻ കഴിയാത്തവർക്ക് അടുത്ത വര്ഷം മാർച്ചിന് മുൻപ് അതിനുള്ള അവസരമുണ്ടാകും.
ഗ്രാന്റ് തുകയിലും മാറ്റം
ഡിസംബറിന് മുൻപ് ഗ്രാന്റിനായി അപേക്ഷിക്കുന്നവർക്ക് 25,000 ഡോളർ ഗ്രാന്റ് ആണ് സർക്കർ പ്രഖ്യാപിച്ചിരുന്നത്. അതിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ജനുവരി ഒന്നിനും മാർച്ച് 31 നുമിടയിൽ കരാർ ഒപ്പ് വയ്ക്കുകയോ വീട് നവീകരിക്കുകയോ ചെയ്യുന്നവർക്ക് 15,000 ഡോളർ ഗ്രാന്റ് മാത്രമേ ഇനി ലഭിക്കുകയുള്ളു.
ഈ സമയത്ത് കരാർ ഒപ്പ് വയ്ക്കുന്നവർക്ക് ഏപ്രിൽ 14 വരെ ഗ്രാന്റിനായുള്ള അപേക്ഷ സമർപ്പിക്കാം.
കൂടാതെ ന്യൂ സൗത്ത് വെയിൽസിലും വിക്ടോറിയയിലും ഹോം ബിൽഡർ ഗ്രാന്റ് ലഭിക്കാൻ ഏർപ്പെടുത്തിയ ചില നിബന്ധനകളിലും സർക്കാർ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
വീടും സ്ഥലവും ഉൾപ്പെടെ 8,50,000 ഡോളർ വരെ വിലമതിക്കുന്ന വസ്തുവിനാണ് വിക്ടോറിയയിൽ ഈ സാമ്പത്തിക ഗ്രാന്റ് ലഭിക്കുന്നത്. നേരത്തെ ഇത് 7,50,000 ഡോളർ വരെയായിരുന്നു.
ന്യൂ സൗത്ത് വെയിൽസിൽ ഇത് 9,50,000 ഡോളർ ആക്കി ഉയർത്തിയിട്ടുണ്ട്
ഗ്രാന്റ് ഓസ്‌ട്രേലിയൻ പൗരന്മാർക്ക് മാത്രം
പൊതുവിൽ ഓസ്ട്രേലിയയിൽ വീടു നിർമ്മാണവുമായോ വീടു വാങ്ങുന്നതുമായോ ബന്ധപ്പെട്ടുള്ള ആനുകൂല്യങ്ങളെല്ലാം പൗരൻമാർക്കും പെർമനന്റ് റെസിഡന്റ്സിനും ഒരുപോലെ ബാധകമാണ്.
ഫസ്റ്റ് ഹോം ബയർ ഗ്രാന്റും, സ്റ്റാമ്പ് ഡ്യൂട്ടി ഇളവും പോലുള്ള ആനുകൂല്യങ്ങൾ PRലുള്ളവർക്കും ലഭിക്കും.
എന്നാൽ ഓസ്‌ട്രേലിയൻ പൗരന്മാർക്ക് മാത്രമേ ഹോം ബിൽഡർ ഗ്രാന്റ് ലഭിക്കുകയുള്ളു.
മറ്റ് നിബന്ധനകൾ
- 18 വയസിനു മേൽ പ്രായമുള്ള ഓസ്ട്രേലിയൻ പൗരൻ. കമ്പനിയോട ട്രസ്റ്റോ ആകാൻ പാടില്ല അപേക്ഷിക്കുന്നത്
- വാർഷിക വരുമാന പരിധി – ദമ്പതികൾക്ക് രണ്ടു ലക്ഷം ഡോളർ, ഒറ്റയ്ക്ക് ജീവിക്കുന്ന വ്യക്തിയാണെങ്കില് 1,25,000 ഡോളർ
- സ്വന്തമായി ജീവിക്കാനുള്ള വീടിനു മാത്രമേ ഇത് ലഭിക്കുള്ളൂ. ഇൻവെസ്റ്റ്മെന്റ് പ്രോപ്പർട്ടിക്ക് ലഭിക്കില്ല
- നീന്തൽക്കുളമോ ടെന്നീസ് കോർട്ടോ പോലെ വീടിനോട് ചേർന്നു നടത്തുന്ന നിർമ്മാണങ്ങൾക്ക് നവീകരണ ഗ്രാന്റ് ലഭിക്കില്ല.