Explainer

ഫീസ് പകുതിയിലേറെ കുറയും: ഓസ്‌ട്രേലിയയിലെ പുതിയ നഴ്‌സിംഗ് രജിസ്‌ട്രേഷന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചു

വിദേശത്തു നിന്നുള്ള നഴ്‌സുമാര്‍ക്കും മിഡൈ്വഫുമാര്‍ക്കും ഓസ്‌ട്രേലിയയില്‍ രജിസ്‌ട്രേഷന്‍ ലഭിക്കുന്നതിനുള്ള പുതുക്കിയ രീതിയുടെ ഫീസും മറ്റു വിശദാംശങ്ങളും പ്രഖ്യാപിച്ചു. നിലവിലുണ്ടായിരുന്ന ബ്രിഡ്ജിംഗ് കോഴ്‌സിന്റെ പകുതിയിലും കുറവായിരിക്കും പുതിയ രീതി പ്രകാരം ഫീസ്.

Support for health workers overseas to make the move to Victoria

Source: Getty Images

വിദേശത്ത് പഠനം പൂര്‍ത്തിയാക്കിയ നഴ്‌സുമാര്‍ക്കും മിഡൈ്വഫുമാര്‍ക്കും ഓസ്‌ട്രേലിയയില്‍ രജിസ്‌ട്രേഷന്‍ നല്‍കുന്നതിനുള്ള പുതിയ മാനദണ്ഡങ്ങള്‍ ഈ വര്‍ഷമാണ് നിലവില്‍ വരുന്നത്.


Main Points:

  • പുതിയ രീതി പ്രകാരമുള്ള ആകെ ഫീസ് ഏകദേശം 5,000 ഡോളര്‍
  • ആദ്യ ഘട്ട പരീക്ഷക്കായി വിദേശത്തും പരീക്ഷാ കേന്ദ്രങ്ങള്‍
  • OSCE പരീക്ഷ നടക്കുന്നത് അഡ്‌ലൈഡില്‍ മാത്രം
  • അംഗീകൃത പരിശീലന പരിപാടികള്‍ ഉണ്ടാകില്ല

മാര്‍ച്ച് മുതല്‍ നിലവില്‍ വരുന്ന ഔട്ട്കംസ് ബേസ്ഡ് അസസ്‌മെന്റ് (OBA) എന്ന രീതിയുടെ ഫീസും, എങ്ങനയൊക്കെ ഈ പരീക്ഷ പൂര്‍ത്തിയാക്കാമെന്നുമാണ് നഴ്‌സിംഗ് ആന്റ് മിഡൈ്വഫറി ബോര്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്.

എന്താണ് പുതിയ രീതി?

ഓസ്‌ട്രേലിയയിലെ നഴ്‌സിംഗ് വിദ്യാഭ്യാസത്തിന് സമാനമായതും, എന്നാല്‍ തത്തുല്യമല്ലാത്തതുമായ വിദ്യാഭ്യാസ യോഗ്യതകളുള്ള (qualification that is relevant but not substantially equivaletnt) വിദേശ നഴ്‌സുമാര്‍ക്ക് ഇപ്പോള്‍ ബ്രിഡ്ജിംഗ് കോഴ്‌സാണ് നിലവിലുള്ളത്.

ഇന്ത്യയില്‍ നിന്നെത്തുന്ന നഴ്‌സുമാര്‍ ഈ വിഭാഗത്തിലാണ് വരുന്നത്. ബ്രിഡ്ജിംഗ് കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ അവര്‍ക്ക് ഓസ്‌ട്രേലിയയില്‍ രജിസ്‌ട്രേഷന്‍ ലഭിക്കുകയുള്ളൂ.

എന്നാല്‍ ഈ ബ്രിഡ്ജിംഗ് കോഴ്‌സ് നിര്‍ത്തലാക്കി പകരം ഔട്ട്കംസ്-ബേസ്ഡ് അസസ്‌മെന്റ്  (OBA) എന്ന രീതിയിലേക്ക് മാറാനുള്ള നടപടി കഴിഞ്ഞ വര്‍ഷം തുടങ്ങിയിരുന്നു.
ഈ വര്‍ഷം മാര്‍ച്ച് മുതലാകും പുതിയ രീതി പൂര്‍ണമായും നിലവില്‍ വരിക. പുതിയ രീതി പ്രകാരമുള്ള വിവിധ ഘട്ടങ്ങള്‍ ഇവയാണ്.

1. സെല്‍ഫ്-ചെക്ക്

രജിസ്‌ട്രേഷനായി അപേക്ഷിക്കുന്നവര്‍ക്ക് അവരുടെ യോഗ്യതകള്‍ ഓണ്‍ലൈനായി പരിശോധിക്കാനുള്ള അവസരമാണ് ഇത്.

ഓസ്‌ട്രേലിയന്‍ ഹെല്‍ത്ത് പ്രാക്ടീഷണേഴ്‌സ് റെഗുലേഷന്‍ ഏജന്‍സി (AHPRA) പുറത്തിറക്കിയിട്ടുള്ള മൂന്നു മാനദണ്ഡങ്ങള്‍ പ്രകാരമായിരിക്കും ഇത് വിലയിരുത്തുന്നത്.

2. ഓറിയന്റേഷന്‍ പ്രോഗ്രാം

ഓണ്‍ലൈന്‍ മുഖേന പൂര്‍ത്തിയാക്കേണ്ട രണ്ടു ഘട്ടങ്ങളാണ് ഓറിയന്റേഷന്‍ പ്രോഗ്രാമില്‍ ഉള്ളത്.

ഓസ്‌ട്രേലിയയെക്കുറിച്ചും, ഇവിടത്തെ ആരോഗ്യസംവിധാനത്തെക്കുറിച്ചുമായിരിക്കും ഇതിന്റെ ഒന്നാം ഭാഗത്തില്‍.
nursing assessment change
New assessment model for international nurses to commence in March Source: GettyImages/Jetta Productions Inc.
രണ്ടാം ഭാഗത്തില്‍, ഓസ്‌ട്രേലിയയുടെ സാംസ്‌കാരിക വൈവിധ്യമായിരിക്കും പഠിക്കേണ്ടി വരിക. NMBA രജിസ്‌ട്രേഷന്‍ കിട്ടുമ്പോഴേക്കും ഇത് പൂര്‍ത്തിയാക്കിയിരിക്കണം.

രജിസ്‌ട്രേഷന്‍ ലഭിച്ച് ജോലിക്ക് കയറുമ്പോള്‍ ജോലി ചെയ്യുന്ന സ്ഥാപനം ഒരു വര്‍ക്ക് പ്ലേസ് ഇന്‍ഡക്ഷനും പൂര്‍ത്തിയാക്കണം.

3. OBA അഥവാ ഔട്ട്കംസ്-ബേസ്ഡ് അസസ്‌മെന്റ്

രണ്ടു ഘട്ടങ്ങളായാണ് ഔട്ട്കംസ്‌ബേസ്ഡ് അസസ്‌മെന്റ് നടത്തുന്നത്. ഇതിലാണ് ഒബ്ജക്ടീവ് സ്ട്രക്‌ചേര്‍ഡ് ക്ലിനിക്കല്‍ എക്‌സാം അഥവാ OSCE ഉള്‍പ്പെടുന്നത്.

കമ്പ്യൂട്ടര്‍ അധിഷ്ഠിതമായ മള്‍ട്ടിപ്പിള്‍ ചോയിസ് പരീക്ഷയാണ് OBAയുടെ ഒന്നാം ഘട്ടം.
ഇത് വിദേശത്തുള്ള പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും ചെയ്യാന്‍ കഴിയും.
ഇതില്‍ ജയിച്ചാല്‍ മാത്രമേ OSCE പരീക്ഷയിലേക്ക് കടക്കാന്‍ കഴിയൂ.

സൗത്ത് ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ അഡ്‌ലൈഡിലുള്ള അഡ്‌ലൈഡ് ഹെല്‍ത്ത് സിമുലേഷന്‍ കേന്ദ്രത്തിലായിരിക്കും OSCE പരീക്ഷ നടക്കുകയെന്ന് നഴ്‌സിംഗ് ആന്റ് മിഡൈ്വഫറി ബോര്‍ഡ് വക്താവ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.

ഫീസ് ഘടന ഇങ്ങനെ

നിലവിലുള്ള ബ്രിഡ്ജിംഗ് കോഴ്‌സിന് 15,000 മുതല് 17,000 ഡോളര്‍ വരെയാണ് ഫീസ്. കോഴ്‌സിനായി സ്ഥാപനങ്ങള്‍ ഈടാക്കുന്ന ഫീസ് മാത്രമാണ് ഇത്.

അപേക്ഷകര്‍ക്ക് ബ്രിഡ്ജിംഗ് കോഴ്‌സിനെക്കാള്‍ കുറഞ്ഞ ഫീസു മാത്രമേ പുതിയ രീതിയില്‍ നല്‍കേണ്ടി വരുള്ളൂവെന്ന് മെല്‍ബണിലെ സാന്‍ ജോസ് എജ്യൂക്കേഷന്‍ കണ്‍സല്‍ട്ടന്‍സിയിലുള്ള ജെയ്‌സന്‍ തോമസ് ചൂണ്ടിക്കാട്ടി.

പുതിയ രീതി പ്രകാരം, ഓരോ ഘട്ടത്തിലായാണ് ഫീസ് നല്‍കേണ്ടത്.

ആദ്യ ഘട്ടമായ സെല്‍ഫ്-ചെക്കിന് ഫീസ് ഉണ്ടാകില്ല. എന്നാല്‍ അതു കഴിഞ്ഞ് അടുത്ത ഘട്ടങ്ങളിലേക്ക് പോകുകയാണെങ്കില്‍ 640 ഓസ്‌ട്രേലിയന്‍ ഡോളര്‍ അസസ്‌മെന്റ് ഫീസായി നല്‍കണം.

OBAയുടെ ആദ്യ ഘട്ടമായ മള്‍ട്ടിപ്പിള്‍ ചോയിസ് പരീക്ഷയ്ക്ക് വ്യത്യസ്ത ഫീസ് നിരക്കുകളാണ്.

രജിസ്റ്റേര്‍ഡ് നഴ്‌സ്: National Council Licensure Examination for Registered Nurses (NCLEX-RN) എന്ന പരീക്ഷയാണ് രജിസ്റ്റേര്ഡ് നഴ്സുമാര്ക്കായി നടത്തുക. Pearson VUE പരീക്ഷാ കേന്ദ്രങ്ങള്‍ വഴി ഇത് എഴുതാം.

ഫീസായി 200 US ഡോളറും, ഇന്റര്‍നാഷണല്‍ ഷെഡ്യൂളിംഗ് ഫീസായി 150 US ഡോളറും ഉള്‍പ്പെടെ ആകെ 350 US ഡോളറാകും ഇതിന്റെ ഫീസ് (ഏകദേശം 520 ഓസ്‌ട്രേലിയന്‍ ഡോളര്‍).

മിഡൈ്വഫ്:  NMBA നേരിട്ടാണ് ഈ പരീക്ഷ നടത്തുന്നത്. Aspeq പരീക്ഷാ കേന്ദ്രങ്ങള്‍ വഴിയാകും വിവിധ രാജ്യങ്ങളില്‍ ഇതു നടത്തുക.

165 ന്യൂസിലന്റ് ഡോളര്‍ പരീക്ഷാ ഫീസും (AUD 160), ഒപ്പം വിദേശത്ത് പരീക്ഷ നടത്തുന്നതിനുള്ള അധിക ഫീസുമുണ്ടാകും. 

എന്‍്റോള്‍ഡ് നഴ്‌സ്: ഈ പരീക്ഷയുടെ വിശദാംശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും.

OSCE പരീക്ഷ AHPRA തന്നെയാകും നടത്തുക. 4,000 ഓസ്‌ട്രേലിയന്‍ ഡോളറാകും ഇതിന്റെ ഫീസ്.

ഫലത്തില്‍ ആകെ 5,200 ഓസ്‌ട്രേലിയന്‍ ഡോളറോളമായിരിക്കും പുതിയ രീതി പ്രകാരമുള്ള ആകെ ഫീസ്.

മാര്‍ച്ചില്‍ തുടങ്ങും

കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ തന്നെ അപേക്ഷകര്‍ക്ക് ബ്രിഡ്്ജിംഗ് കോഴ്‌സ് അല്ലെങ്കില്‍ പുതിയ രീതി തെരഞ്ഞെടുക്കാനുള്ള അവസരം നല്‍കുന്നുണ്ട്.

ബ്രിഡ്ജിംഗ് കോഴ്‌സിനുള്ള അപേക്ഷകള്‍ ഫെബ്രുവരി 21 വരെ മാത്രമേ AHPRA സ്വീകരിക്കുകയുള്ളൂ. അതുകഴിഞ്ഞ് പുതിയ രീതിയിലേക്ക് മാറേണ്ടി വരും.

മാര്‍ച്ചിലായിരിക്കും പുതിയ പരീക്ഷാ രീതികള്‍ നിലവില്‍ വരിക.

എങ്ങനെ പരിശീലിക്കാം?

പുതിയ പരീക്ഷാ രീതിക്കായി അംഗീകൃത കോഴ്‌സുകളോ പരിശീലന പരിപാടികളോ ഉണ്ടാകില്ലെന്ന് NMBA വക്താവ് അറിയിച്ചു. അപേക്ഷകര്‍ക്ക് സ്വയം പരിശീലന രീതികള്‍ തെരഞ്ഞെടുക്കാം.

OSCE, MCQ പരിശീലന രംഗത്ത് കൂടുതല്‍ പേര്‍ കടന്നുവരാനും, അതിലൂടെ കുറഞ്ഞ ഫീസില്‍ പരിശീലനം ലഭിക്കാനും ഇത് വഴിയൊരുക്കാം എന്ന് എജ്യൂക്കേഷന്‍ കണ്‍സല്‍ട്ടന്റ് ജെയ്‌സന്‍ തോമസ് പറഞ്ഞു.


Share

Published

Updated

By Deeju Sivadas

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service
ഫീസ് പകുതിയിലേറെ കുറയും: ഓസ്‌ട്രേലിയയിലെ പുതിയ നഴ്‌സിംഗ് രജിസ്‌ട്രേഷന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചു | SBS Malayalam