കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ നികുതി റിട്ടേണില്‍ ലഭിച്ച അപ്രതീക്ഷിതമായ ചില ക്ലെയിമുകളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ടാക്‌സേഷന്‍ ഓഫീസ് (ATO).
ഡെന്റിസ്റ്റിനെ കണ്ടപ്പോള്‍ നല്‍കിയ ഫീസിന് നികുതി ഇളവ് നല്‍കണം എന്ന് ഒന്നിലേറെ ഓസ്‌ട്രേലിയക്കാരാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ജോലി കണ്ടെത്താന്‍ മനോഹരമായ ചിരി സഹായിക്കുമെന്നും, അതിനാല്‍ ഡെന്റിസ്റ്റിനെ കണ്ട തുകയ്ക്ക് നികുതി ഇളവ് നല്‍കണം എന്നുമായിരുന്നു ഒരാളുടെ ആവശ്യം.
പക്ഷേ, മനോഹരമായ ചിരി ടാക്‌സ് ഇളവിന് അര്‍ഹമല്ല. അതുകൊണ്ടുതന്നെ ടാക്‌സേഷന്‍ ഓഫീസ് ഈ ആവശ്യം തള്ളിക്കളയുകയും ചെയ്തു.
നികുതിയിളവ് ആവശ്യപ്പെടാവുന്ന 'അദര്‍ (other)' എന്ന വിഭാഗത്തില്‍ ഇത്തരത്തിലുള്ള ഒട്ടനവധി അവകാശവാദങ്ങളാണ് വരുന്നതെന്ന് ATO അസിസ്റ്റന്റ് കമ്മീഷണര്‍ കേരന്‍ ഫോട്ട് ചൂണ്ടിക്കാട്ടി.
ഏഴു ലക്ഷത്തോളം നികുതി ദായകര്‍ രണ്ടു ബില്യണിലേറെ ഡോളറാണ് ഇത്തരത്തില്‍ നികുതിയിളവായി അവകാശപ്പെട്ടിരിക്കുന്നത്.
ഒരാളുടെ വരുമാനവുമായി നേരിട്ട് ബന്ധമുള്ള ചെലവുകള്‍ക്ക് മാത്രമാണ് നികുതിയിളവ് ലഭിക്കുന്നത്. ജോലിയുടെ ഭാഗമായുള്ള ചെലവുകളിലൊന്നും ഉള്‍പ്പെടാത്ത ഇത്തരം ചെലവുകള്‍ 'Other' എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്താം.
ഉദാഹരണമായി, ഇന്‍കം പ്രൊട്ടക്ഷന്‍ ഇന്‍ഷ്വറന്‍സ് ഉണ്ടെങ്കില്‍ അതിന്റെ പ്രീമിയം ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി നികുതിയിളവ് നേടാം.
പക്ഷേ വരുമാനവുമായി ഒരു ബന്ധവുമില്ലാത്ത ചെലവുകളാണ് ഒട്ടേറെ പേര്‍ സമര്പ്പിക്കുന്നതെന്ന് ATO ചൂണ്ടിക്കാട്ടി.
ATO നിരസിച്ച ഏറ്റവും രസകരമായ ക്ലെയിമുകള്‍ ഇവയാണ്.
1. കുട്ടികളുടെ കളിപ്പാട്ടം
കുട്ടികള്‍ക്കായി വര്‍ഷത്തില്‍ പല തവണ വാങ്ങിയ Lego സെറ്റുകള്‍ക്ക് നികുതിയിളവ് ലഭിക്കണം എന്നാണ് ഒരാള്‍ ആവശ്യപ്പെട്ടത്.
കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികളുടെ ക്ലബ് അംഗത്വ ഫീസിനും, അവര്‍ക്കായി കായികോപകരണങ്ങള്‍ വാങ്ങിയതിനും നികുതിയിളവ് ആവശ്യപ്പെട്ട നിരവധി പേരുമുണ്ട്.

Source: Flickr
എന്നാല്‍ ഈ അപേക്ഷകളെല്ലാം പൂര്‍ണമായും തള്ളിക്കളഞ്ഞെന്ന് ATO അറിയിച്ചു.
2. സ്വകാര്യ വാഹനങ്ങള്‍
പുത്തന്‍ കാര്‍ വാങ്ങിയതിന് നികുതിയിളവ് നല്‍കണം എന്നാവശ്യപ്പെട്ട് ഒട്ടേറെ പേരാണ് ATO യെ സമീപിച്ചത്.
ഇത്തരത്തിലുള്ള മിക്ക ക്ലെയിമുകളും 20,000 ഡോളറില്‍ കൂടുതല്‍ നികുതിയിളവാണ് ആവശ്യപ്പെട്ടത്. പക്ഷേ സ്വകാര്യ വാഹനങ്ങള്‍ വാങ്ങുന്നത് നികുതിയിളവിന് അര്‍ഹമല്ലാത്തതിനാല്‍ നികുതി വകുപ്പ് ഇവ തള്ളിക്കളഞ്ഞു.
അമ്മയ്ക്ക് സമ്മാനമായി പുത്തന്‍ കാറു വാങ്ങിയതായിരുന്നു ഇതില്‍ ഒരാളുടെ നികുതി ക്ലെയിം. അമ്മയോടുള്ള സ്‌നേഹത്തിന് അഭിനന്ദനമറിയിച്ച ATO, പക്ഷേ നികുതിയിളവ് നല്‍കാന്‍ മാത്രം കഴിയില്ലന്ന് മറുപടി നല്‍കി.
3. ചൈല്‍ഡ് കെയര്‍ ചെലവുകള്‍
കുട്ടികളെ വളര്‍ത്തുന്നത് ഓസ്‌ട്രേലിയയില്‍ നല്ല ചെലവുള്ള കാര്യമാണെന്ന് ഒട്ടേറെ പേരാണ് ATO യെ അറിയിച്ചിരിക്കുന്നത്.
'ഇരട്ടക്കുട്ടികളെ വളര്‍ത്തുന്നതിന്റെ ചെലവ്' നികുതിയിളവിന് അര്‍ഹമാണ് എന്നാണ് ഒരാള്‍ അവകാശപ്പെട്ടിരിക്കുന്നത്. പുതിയ കുഞ്ഞ് ജനിച്ചതിന്റെ ചെലവാണ് മറ്റൊരാളുടെ ക്ലെയിം.
സ്‌കൂള്‍ യൂണിഫോം, ബിഫോര്‍ സ്‌കൂള്‍ കെയര്‍, സ്‌കൂള്‍ ഫീസ് എന്നിവയ്ക്കും നിരവധി പേര്‍ നികുതിയിളവ്‌ചോദിച്ചിട്ടുണ്ട്.
എന്നാല്‍ ഇതൊന്നും നികുതിയിളവിന് അര്‍ഹമല്ല എന്നാണ് ടാക്‌സേഷന്‍ ഓഫീസ് അറിയിച്ചിരിക്കുന്നത്.
4. ചികിത്സാ ചെലവുകള്‍
മെഡിക്കല്‍-ഡെന്റല്‍ ചെലവുകള്‍ക്ക് നികുതിയിളവ് അവകാശപ്പെട്ട് ഒട്ടേറെ ക്ലെയിമുകളാണ് കഴിഞ്ഞ വര്‍ഷം ATOക്ക് ലഭിച്ചത്.
എന്നാല്‍ ഇത് വരുമാനവുമായി നേരിട്ട് ബന്ധമില്ലാത്ത സ്വകാര്യ ചെലവുകളായതിനാല്‍ ക്ലെയിമുകള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞെന്ന് ATO വ്യക്തമാക്കി.
5. കല്യാണ പാര്‍ട്ടി
ATOയ്ക്ക് ലഭിച്ച ക്ലെയിമുകളില്‍ ഏറ്റവും വേറിട്ടത് ഇതായിരുന്നു.
കല്യാണത്തിന് സ്വീകരണപാര്‍ട്ടി നടത്തിയതിന്റെ ചെലവ് ഓസ്‌ട്രേലിയന്‍ ഖജനാവില്‍ നിന്ന് നികുതിയിളവായി നല്‍കണം എന്നായിരുന്നു ആവശ്യം. അതായത്, സ്വന്തം കല്യാണ ചെലവ് രാജ്യത്തെ മറ്റെല്ലാ നികുതി ദായകരുടെയും കൂടി ഉത്തരവാദിത്തമാണെന്ന്.
പക്ഷേ സ്വന്തം കല്യാണം സ്വന്തം ഉത്തരവാദിത്തം മാത്രമാണെന്നായിരുന്നു ATOയുടെ മറുപടി.

Source: Getty images
'Other' എന്ന വിഭാഗത്തില്‍ എന്തെല്ലാം ചെലവുകള്ക്ക് നികുതിയിളവ് ആവശ്യപ്പെടാം എന്ന് ടാക്‌സേഷന്‍ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. അത് ഇവിടെ അറിയാം.
മനപൂര്‍വം തെറ്റായ വിവരങ്ങള്‍ നല്‍കുകയോ, തെറ്റായി നികുതിയിളവ് അവകാശപ്പെടുകയോ ചെയ്താല്‍ ടാക്‌സേഷന്‍ ഓഫീസ് പിഴയീടാക്കുകയും ചെയ്യും. ATOയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു എന്ന് ക്‌ണ്ടെത്തിയാല്‍ വലിയൊരു തുക തന്നെ പിഴയായി നല്‍കേണ്ടി വരും. അതിന്റെ വിശദാംശങ്ങളും അറിയാം.
തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി എട്ടു മണിക്ക് പ്രധാന ഓസ്‌ട്രേലിയന്‍ വാര്‍ത്തകള്‍ കേള്‍ക്കാം - SBS Malayalam ഇന്നത്തെ വാര്‍ത്ത