ഇൻലാന്റ് തായ്പാൻ, ഈസ്റ്റേൺ ബ്രൗൺ സ്നേക്ക്, ടൈഗർ സ്നേക്ക് തുടങ്ങി ലോകത്തിലെ ഏറ്റവും വിഷമേറിയ പാമ്പുകൾ പലതും ഓസ്ട്രേലിയൻ സ്വദേശികളാണെങ്കിലും, വർഷം ശരാശരി രണ്ടു പേർ മാത്രമാണ് രാജ്യത്ത് പാമ്പു കടിയേറ്റ് മരിക്കുന്നത്.
ഏതൊക്കെയാണ് ഓസ്ട്രേലിയയിലെ ഏറ്റവും വിഷമേറിയ പാമ്പുകളെന്ന് ഇവിടെ അറിയാം.
എന്നാൽ ഓസ്ട്രേലിയയിൽ മനുഷ്യ ജീവന് അപകടകാരികളായ മറ്റു നിരവധി ജീവികളുമുണ്ട്. വിഷമുള്ളവയും അല്ലാത്തവയും.
അവയിൽ ചിലതിനെ അറിയാം
ഓസ്ട്രേലിയൻ ബോക്സ് ജെല്ലിഫിഷ്

Australian Box Jellyfish Credit: Kelvin Aitken/AP
റീഫിന് സമീപത്ത് കാണുന്ന, അതിമനോഹരമായ ചെറു ജീവികളാണ് ഓസ്ട്രേലിയൻ ബോക്സ് ജെല്ലിഫിഷ്.
എന്നാൽ സൗന്ദര്യം കാഴ്ചയിൽ മാത്രം.
ലോകത്തിലേ ഏറ്റവും വിഷമേറിയ കടൽജീവി എന്നാണ് ഓസ്ട്രേലിയൻ ബോക്സ് ജെല്ലിഫിഷ് അറിയപ്പെടുന്നത്.
ചതുരാകൃതിയിലെ സുതാര്യമായ ഉടലും, അവയിൽ നിന്ന് മൂന്നു മീറ്ററോളം നീണ്ടു കിടക്കുന്ന 15ഓളം വാലുകളും (tentacles) ഇവയ്ക്കുണ്ട്. കൊടുംവിഷം കിനിയുന്ന വാലുകളാണ് ഇവ.
മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനത്തിലേക്കും മരണത്തിലേക്കും നയിക്കാൻ ശേഷിയുള്ള വിഷമാണ് ഈ ജെല്ലിഫിഷിനുള്ളത്.
എന്നാൽ, വിഷമേറ്റാൽ ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷ നൽകുകയും, ചികിത്സ ലഭ്യമാക്കുകയും ചെയ്താൽ മരണം ഒഴിവാക്കാൻ കഴിയും.
ഫണൽ വെബ് ചിലന്തികൾ

Funnel-Web Spider Credit: AUSTRALIAN REPTILE PARK/PR IMAGE
ഫണൽ വെബ് ഇനത്തിൽപ്പെടുന്ന നിരവധി ചിലന്തികളുണ്ടെങ്കിലും, സിഡ്നി ഫണൽവെബ് ഇനത്തിലെ ആൺചിലന്തികളാണ് ഏറ്റവും വിഷമുള്ളവ.
മനുഷ്യന്റെ നാഡീവ്യൂഹത്തെ ബാധിക്കുന്ന വിഷമാണ് ഇവയ്ക്കുള്ളത്.
ഒരു സെന്റീമീറ്റർ മുതൽ അഞ്ചു സെന്റീമീറ്റർ വരെ നീളമുള്ള ഈ ചിലന്തികൾ, തണലും തണുപ്പുമുള്ള പ്രദേശങ്ങളിൽ ഒളിച്ചിരിക്കാൻ ഇഷ്ടപ്പെടുന്നവരാണ്.
പാറക്കല്ലുകൾക്ക് താഴെയോ, ഷൂസിനുള്ളിലോ ഒക്കെ ഇവ ഒളിച്ചിരിക്കാറുണ്ട്.
വെള്ളത്തിലും ഏറെ നേരം ജീവിക്കും എന്നതിനാൽ നീന്തൽക്കുളങ്ങളിൽ പോലും ഈ ചിലന്തികളെ കാണാം.
എന്നാൽ ഇവയുടെ വിഷത്തിനും ചികിത്സ ലഭ്യമായതിനാൽ 1981ന് ശേഷം മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
നീലവരയൻ നീരാളി

Blue ringed octopus Credit: MARK NORMAN/AAPIMAGE
ബ്രൗൺ നിറത്തിലോ, മഞ്ഞനിറത്തിലോ ഉള്ള ശരീരമാണ് ഇവയ്ക്ക്. ആരെങ്കിലും ശല്യപ്പെടുത്തുമ്പോഴാണ് ശരീരത്തിലെ മനോഹരമായ നീലവരകൾ തെളിയുന്നത്.
തീരത്തെ പാറക്കെട്ടുകളിലും, പവിഴപ്പുറ്റുകളിലുമെല്ലാം ഒളിച്ചിരിക്കാൻ ഇഷ്ടപ്പെടുന്ന ഇവ സാധാരണഗതിയിൽ മനുഷ്യനെ ആക്രമിക്കാറില്ല.
പക്ഷേ ശല്യപ്പെടുത്തിയാൽ ഇവ അപകടകാരിയാകാം.
26 മനുഷ്യരെ കൊല്ലാനുള്ള വിഷമാണ് ഒരു നീലവരയൻ നീരാളിയുടെ ശരീരത്തിൽ ഉണ്ടാകുക.
വിഷമേറ്റാൽ ശരീരം തളരുകയും, ശ്വാസോച്ഛ്വാസം പതിയെ നിലയ്ക്കുകയും ചെയ്യും. ഈ നീരാളികളുടെ വിഷത്തെ പ്രതിരോധിക്കാനുള്ള മരുന്നും ഇതുവരെയും കണ്ടെത്തിയിട്ടില്ല.
പക്ഷേ മുറിവിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ശരീരത്തിൽ നിന്ന് വിഷം ഒഴിവാക്കാൻ കഴിയും. മാത്രമല്ല, ഇവയെ പെട്ടെന്ന് കാണാം എന്നതുകൊണ്ട് ബ്ലു റിംഗ്ഡ് ഒക്ടോപ്പസിന്റെ ആക്രമണത്തിലുള്ള മരണം വളരെ കുറവാണ്.
അഴിമുതല (Saltwater Crocodile)

Australian Saltwater Crocodile in river Credit: MOODBOARD/MOODBOARD
വിഷമല്ല, കരുത്താണ് ഇവയെ അപകടകാരികളാക്കുന്നത്.
മുതല വർഗ്ഗത്തിലെ ഏറ്റവും വലുതും, ഏറ്റവും അപകടകാരികളുമായ ഇവ, 65 ദശലക്ഷം വർഷങ്ങളായി കാര്യമായ രൂപമാറ്റമൊന്നും വരാതെ ഈ ഭൂമുഖത്തുണ്ട്.
ഇന്ത്യയുടെ കിഴക്കൻ തീരങ്ങൾ മുതൽ ഓസ്ട്രേലിയയുടെ വടക്കൻ തീരങ്ങൾ വരെയാണ് ഇത്തരം മുതലകളെ കാണുന്നത്.
കടൽത്തീരങ്ങളിലും അവയോടു ചേർന്നുള്ള ജലാശയങ്ങളിലും ഇവ ജീവിക്കുന്നു.
ഏഴു മീറ്റർ വരെ നീളവും, 1,000 കിലോഗ്രാം വരെ ഭാരമുള്ള ഇവയ്ക്ക്, കാട്ടുപന്നിയെയോ, കംഗാരുവിനെയോ വരെ അകത്താക്കാൻ കഴിയും.
ഒരു കടി കിട്ടിയാൽ 13 സെന്റീമീറ്റർ വരെ ആഴത്തിലാണ് ഇവയുടെ പല്ലുകൾ ആഴ്ന്നിറങ്ങുന്നത്.
ഓരോ വർഷവും ഒന്നോ രണ്ടോ പേർ വീതം ഓസ്ട്രേലിയയിൽ ഇത്തരം മുതലകളുടെ ആക്രമണത്തിൽ മരിക്കാറുണ്ട്.
സതേൺ കാസോവരി

Southern Cassowary Credit: PAUL IJSENDOORN/PR IMAGE
കണ്ടാൽ നിരുപദ്രവകാരിയെന്ന് തോന്നുന്ന, ബഹുവർണ്ണക്കഴുത്തും, തലയിലൊരു ഹെൽമെറ്റുമുള്ള പക്ഷി.
എമുവിനെയും ഒട്ടകപ്പക്ഷിയെയും പോലെ പറക്കാൻ കഴിയാത്ത പക്ഷികൾ.
വടക്കുകിഴക്കൻ ക്വീൻസ്ലാന്റിലും പാപ്പുവ ന്യൂ ഗിനിയിലുമൊക്കെയാണ് വംശനാശ ഭീഷണി നേരിടുന്ന ഇവയെ കാണുന്നത്. ഇന്നു ജീവിച്ചിരിക്കുന്നതിൽ ദിനോസറുകളുമായി ഏറ്റവും ബന്ധമുള്ള ജീവികൾ എന്നാണ് കാസോവരികൾ അറിയപ്പെടുന്നത്.
ആറടി ആറിഞ്ചു വരെ പൊക്കവും, ഒന്നര മീറ്ററോളം നീളവുമുള്ള സതേൺ കാസോവരികൾ, അവയുടെ കാലുകളുടെ ശക്തികൊണ്ടാണ് അപകടകാരികളാകുന്നത്.
വാളു പോലെ കൂർത്തുവളഞ്ഞ കുളമ്പുകളാണ് ഇവയുടേത്.
പത്തു സെന്റിമീറ്ററിലേറെ നീളമുള്ള കുളമ്പുകൾകൊണ്ടുള്ള ചവിട്ടാണ് കാസോവരിയുടെ പ്രധാന ആയുധം.
പറക്കില്ലെങ്കിലും, മണിക്കൂർ 70 കിലോമീറ്റർ വരെ വേഗതയിൽ ഓടാൻ കഴിയുന്ന ഇവ, വടക്കുകിഴക്കൻ ഓസ്ട്രേലിയയിലെ മഴക്കാടുകളിൽ വാഹനങ്ങളെ പിന്തുർന്ന സംഭവങ്ങളുമുണ്ട്.
കാസോവരികളെ പ്രകോപിപ്പിക്കുകയോ, ഭക്ഷണം കൊടുക്കാൻ ശ്രമിക്കുകയോ ഒക്കെ ചെയ്യുമ്പോഴാണ് ഇവ ആക്രമിക്കുന്നത്.
ഇവയ്ക്കു പുറമേ അപകടകാരികളായ മറ്റു നിരവധി ജീവികളും ഓസ്ട്രേലിയൻ വൻകരയിലുണ്ട്. സ്റ്റോൺ ഫിഷ്, ടെക്സ്റ്റൈൽ കോൺ ഒച്ചുകൾ, റെഡ് ബാക്ക് ചിലന്തികൾ തുടങ്ങിയ വിഷജീവികളും, ഗ്രേറ്റ് വൈറ്റ് ഷാർക്ക് എന്ന അപകടകാരികളായ സ്രാവുമൊക്കെ ഓസ്ട്രേലിയൻ ആവാസവ്യവസ്ഥയുടെ ഭാഗമാണ്.
എന്നാൽ കൃത്യമായ ബോധവക്തരണവും, മുന്നറിയിപ്പും, ചികിത്സാ സംവിധാനവുമെല്ലാം ഉപയോഗിച്ച് അപകടനിരക്ക് കുറച്ചു നിർത്തുകയാണ് ചെയ്യുന്നത്.