ഓസ്‌ട്രേലിയന്‍ കത്തോലിക്കാ സഭയിലെ ഏറ്റവും ഉന്നതനായിരുന്ന കര്‍ദിനാള്‍ ജോര്‍ജ്ജ് പെല്‍ കറുത്ത ഷര്‍ട്ടും ചാരനിറത്തിലെ സ്യൂട്ടും ധരിച്ചാണ് മെല്‍ബണ്‍ കൗണ്ടി കോടതിയിലെ പ്രതിക്കൂട്ടിലിരുന്നത്.
വൈദികര്‍ പതിവായി ധരിക്കുന്ന വെളുത്ത നിറമുള്ള കോളര്‍ ഇന്ന് ജോര്‍ജ്ജ് പെല്‍ ധരിച്ചിരുന്നില്ല.
ഒരു മണിക്കൂറിലേറെ നീണ്ട വിധിപ്രസ്താവത്തില്‍ കുറ്റകൃത്യങ്ങളും, അതിന്റെ കാഠിന്യവും, കോടതി അതിനെ എങ്ങനെ കാണുന്നു എന്നുമെല്ലാം ജഡ്ജി വായിച്ചപ്പോള്‍, ശാന്തനായി ജഡ്ജിയെ തന്നെ നോക്കിയിരിക്കുകയായിരുന്നു ജോര്‍ജ്ജ് പെല്‍.
ലൈംഗിക കുറ്റവാളി രജിസ്റ്ററില്‍
ബാലപീഡന കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ലൈംഗിക കുറ്റവാളി രജിസ്റ്ററിലും പെല്ലിന്റെ പേര് ഉള്‍പ്പെടുത്തി.
ഈ രജിസ്റ്ററില്‍ ഒപ്പുവച്ചിട്ടാണ് ജോര്‍ജ്ജ് പെല്‍ കോടതിയില്‍ നിന്ന് പുറത്തേക്ക് പോയത്. പെല്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഈ രജിസ്റ്ററില്‍ പേരുണ്ടാകും.
അതേസമയം, ജോര്‍ജ്ജ് പെല്‍ ഭാവിയില്‍ കുട്ടികള്‍ക്ക് അപകടകാരിയാകും എന്ന് കരുതാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സെക്‌സ് ഒഫന്‍ഡേഴ്‌സ് രജിസ്റ്ററില്‍ പേരുള്ളതിനാല്‍, ജയില്‍ശിക്ഷ കഴിഞ്ഞാലും കുട്ടികളുമായി സ്വതന്ത്രമായി ഇടപഴകാന്‍ പെല്ലിന് കഴിയില്ല.
പെല്ലിന് 77 വയസ് പ്രായമായി എന്നതും, കുറ്റകൃത്യം നടന്ന് 22 വര്‍ഷമായിട്ടും മറ്റു കുറ്റകൃത്യങ്ങളിലൊന്നും ഉള്‍പ്പെട്ടിട്ടില്ല എന്നതും ഇനിയും അപകടകാരിയാകില്ല എന്നതിനുള്ള കാരണമായി കോടതി ചൂണ്ടിക്കാട്ടി.
അഹംഭാവവും വിശ്വാസലംഘനവും
ആര്‍ച്ച് ബിഷപ്പ് എന്ന നിലയില്‍ ഏറെ അധികാരവും ബഹുമാനവും ലഭിച്ചിരുന്ന വ്യക്തിയായിരുന്നു ജോര്‍ജ്ജ് പെല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഒരു വിശ്വാസത്തിന്റെ പേരിലാണ് കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും മതസ്ഥാപനങ്ങളിലേക്കും ഒക്കെ അയക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകുന്നത്.
ആ വിശ്വാസത്തിന്‌റെ ലംഘനമാണ് ജോര്‍ജ്ജ് പെല്‍ നടത്തിയത്.
ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുന്ന സമയത്താണ് രണ്ടു തവണയും പീഡനമുണ്ടായത്. സ്‌കോളര്‍ഷിപ്പ് ലഭിച്ച് പഠിച്ചിരുന്ന കുട്ടികളോട് 'നിങ്ങള്‍ കുഴപ്പത്തിലാകും' എന്നു പറഞ്ഞ ജോര്‍ജ്ജ് പെല്‍, അധികാരം ഉപയോഗപ്പെടുത്തുകയാണ് അവിടെ ചെയ്തത്.
കുട്ടികളുടെ ആ ദൗര്‍ബല്യമാണ് പെല്‍ ചൂഷണം ചെയ്തതെന്നും കോടതി കണ്ടെത്തി.
അവിശ്വസനീയമായ രീതിയിലുള്ള അഹംഭാവം കൊണ്ടാണ് (staggering arrogance) പെല്‍ ഈ കുറ്റം ചെയ്തതെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്. കുട്ടികള്‍ കരഞ്ഞപ്പോള്‍ അവരോട് മിണ്ടാതിരിക്കാന്‍ പറയുകയാണ് പെല്‍ ചെയ്തത്. അതും അധികാരത്തിന്റെ വ്യക്തമായ ദുരുപയോഗമാണ്.
പെല്ലിന്റെ മേൽ ചുമത്തിയിരുന്ന എല്ലാ കുറ്റങ്ങളും അദ്ദേഹം നിഷേധിച്ചിരുന്നു. അതിനാൽ കുറ്റം ചെയ്തിട്ടില്ല എന്ന നിലപാടെടുത്ത കർദിനാൾ ജോർജ്ജ് പെൽ പശ്ചാത്തപിക്കുന്നില്ല എന്ന് മനസിലാക്കുന്നതായും കോടതി പറഞ്ഞു.
പെല്ലിനെതിരെയുള്ള ജനരോഷത്തെ അപലപിച്ച് ജഡ്ജി
"കർദ്ദിനാൾ ജോര്‍ജ്ജ് പെൽ, തങ്ങൾക്കുള്ള ശിക്ഷ ഇന്ന് വിധിക്കുമ്പോൾ കാതോലിക്കാ സഭയുടെയോ മതത്തിന്റെയോ വിധി അല്ല ഞാൻ വിധിക്കുന്നത്. മറിച്ച് ശിക്ഷാ വിധി അർഹിക്കുന്ന ജോര്‍ജ്ജ് പെല്ലിനുള്ള ശിക്ഷയാണിത്," ജഡ്ജി പറഞ്ഞു.
കോടതി പുറത്ത് പെൽ നേരിട്ട ജനരോഷം കോടതിക്ക് ഒരിക്കലും അംഗീകരിക്കാം കഴിയില്ലെന്നും പരിഷ്കൃത സമൂഹത്തിന് ചേരാത്ത ഇത്തരം പ്രവർത്തികളിൽ അപലപിക്കുന്നതായും കോടതി പറഞ്ഞു.
കത്തോലിക്കാ സഭയില്‍ പീഡനം നേരിട്ട മറ്റ് ഇരകള്‍ക്കു വേണ്ടിയുള്ള വിധിയല്ല ഇതെന്നും കോടതി വ്യക്തമാക്കി. ഇത് ജോര്‍ജ്ജ് പെല്ലിന് എതിരെയുള്ള വിധി മാത്രമാണ്.

Source: (SBS News)
അത്തരത്തില്‍ പീഡനമേറ്റവര്‍ക്കും നീതി ലഭിക്കണം. പക്ഷേ ഈ വിധിയെ അതുമായി ബന്ധപ്പെടുത്തിയാല്‍ അത് നീതിക്ക് നിരക്കാത്തതാകും.