ഓസ്‌ട്രേലിയന്‍ പൗരന്‍മാര്‍ക്കും പെര്‍മനന്റ് റെസിഡന്‍സി വിസയിലുള്ളവര്‍ക്കും അച്ഛനമ്മമാരെ അഞ്ചു വര്‍ഷത്തേക്ക് കൊണ്ടുവരാന്‍ കഴിയുന്ന വിസ ഈ വര്‍ഷം ഏപ്രിലിലാണ് നിലവില്‍ വന്നത്.
സ്‌പോണ്‍സേര്‍ഡ് പേരന്റ് (ടെംപററി) വിസ അഥവാ സബ്ക്ലാസ് 870 എന്ന ഈ വിസയ്ക്ക് രണ്ടു ഘട്ടങ്ങളിലായായിരുന്നു അപേക്ഷ സമര്‍പ്പിക്കേണ്ടത്.
അച്ഛനമ്മമാരെ സ്‌പോണ്‍സര്‍ ചെയ്യുന്ന മക്കള്‍ ആദ്യം സ്‌പോണ്‍സര്‍ഷിപ്പിനുള്ള അപേക്ഷയും, ജൂലൈ ഒന്നു മുതല്‍ അച്ഛനമ്മമാര്‍ക്ക് വിസ അപേക്ഷയും സമര്‍പ്പിക്കാം എന്നായിരുന്നു വ്യവസ്ഥ.
ഇതുവരെ 1300 പേര്‍ സ്‌പോണ്‍സര്‍മാരാകാന്‍ അപേക്ഷ സമര്‍പ്പിച്ചതായി കുടിയേറ്റകാര്യമന്ത്രി ഡേവിഡ് കോള്‍മാന്‍ അറിയിച്ചു. 170 പേരാണ് വിസ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്.
ഇതില്‍ ആദ്യ വിസകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ അനുവദിച്ചതായും കുടിയേറ്റകാര്യമന്ത്രി ഡേവിഡ് കോള്‍മാന്‍ പറഞ്ഞു.
ആദ്യം വിസ ലഭിച്ചതില്‍ ഇന്ത്യന്‍ വംശജരും ഉള്‍പ്പെടുന്നു.
അപേക്ഷ സമര്‍പ്പിച്ച് പത്തു ദിവസത്തിനുള്ളില്‍ അന്നപൂര്‍ണ്ണ ചെട്ടിക്ക് അഞ്ചു വര്‍ഷ വിസ ലഭിച്ചതായി മെല്‍ബണ്‍ സ്വദേശിയ നാഗേന്ദര്‍ ചെട്ടി എസ് ബി എസ് പഞ്ചാബി പരിപാടിയോട് പറഞ്ഞു.
ഏപ്രിലില്‍ സ്‌പോണ്‍സര്‍ഷിപ്പ് അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയപ്പോള്‍ തന്നെ അതിനായി അപേക്ഷ നല്‍കിയതാണ് നാഗേന്ദര്‍ ചെട്ടി. ജൂലൈ ആദ്യവാരം തന്നെ അമ്മയുടെ വിസ അപേക്ഷയും സമര്‍പ്പിച്ചു.

Annapurna Chetti with other members of her family in Melbourne. Source: Supplied
ഈ വിസ ലഭിക്കാന്‍ വൈകും എന്നു കരുതി സന്ദര്‍ശക വിസയ്ക്കായി അപേക്ഷിക്കാന്‍ ഒരുങ്ങുകയായിരുന്നു. അപ്പോഴാണ് അഞ്ചു വര്‍ഷ വിസ ലഭിച്ചത് എന്ന് നാഗേന്ദര്‍ ചെട്ടി പറഞ്ഞു.
മൂന്നു വര്‍ഷത്തേക്ക് 5,000 ഡോളറും അഞ്ചു വര്‍ഷത്തേക്ക് 10,000 ഡോളറുമാണ് ഈ താല്‍ക്കാലിക പേരന്റ് വിസയുടെ ഫീസ്. അതോടൊപ്പം സ്വകാര്യ ആരോഗ്യ ഇന്‍ഷ്വറന്‍സും നിര്‍ബന്ധമാണ്.
അഞ്ച്ു വര്‍ഷ വിസയുള്ളവര്‍ക്ക്, അത് കഴിഞ്ഞ് തിരികെ പോയാല്‍ ആറു മാസത്തിനു ശേഷം വീണ്ടും അപേക്ഷിക്കാം. അങ്ങനെ ആകെ പത്തു വര്‍ഷം വരെ ഓസ്‌ട്രേലിയയില്‍ നില്‍ക്കാന്‍ കഴിയും.
മൂന്നാം തവണയും ഇതേ വിസയ്ക്കായി അപേക്ഷിക്കാന്‍ കഴിയില്ല.
നിബന്ധനകള്‍
നിരവധി നിബന്ധനകളും ഈ വിസ ലഭിക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതില്‍ ചില നിബന്ധനകളെക്കുറിച്ച് ഇതിനകം തന്നെ ആശങ്കകള്‍ ഉയര്‍ന്നു കഴിഞ്ഞു.
ഈ വിസയിലെത്തുന്ന അച്ഛനമ്മമാരുടെ സാഹചര്യങ്ങളില്‍ എന്തെങ്കിലും മാറ്റമുണ്ടായാല്‍, ആ മാറ്റമുണ്ടാകുന്നതിന് രണ്ടു ദിവസം മുമ്പു തന്നെ കുടിയേറ്റകാര്യ വകുപ്പിനെ അറിയിക്കണമെന്നാണ് വ്യവസ്ഥ.
പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം തുടങ്ങിയ വിശദാംശങ്ങള്‍ മാറുകയാണെങ്കിലാണ് രണ്ടു ദിവസം മുമ്പ് അറിയിക്കണം എന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
അതായത്, പുതിയ ഒരു മൊബൈല്‍ ഫോണ്‍ കണക്ഷന്‍ എടുക്കുകയാണെങ്കില്‍, അത് എടുക്കുന്നതിനും രണ്ടു ദിവസം മുമ്പ് കുടിയേറ്റകാര്യ വകുപ്പിനെ അറിയിച്ചിരിക്കണം.
എന്നാല്‍, പല സാഹചര്യങ്ങളിലും ഇത്തരം കാര്യങ്ങള്‍ അത് സംഭവിക്കുന്നതിന് മുമ്പു തന്നെ അറിയിക്കുന്നത് പ്രായോഗികമായിരിക്കില്ലെന്ന് ഗോള്‍ഡ് കോസ്റ്റില്‍ മൈഗ്രേഷന്‍ ഏജന്റായ സീമ ചൗഹാന്‍ എസ് ബി എസിനോട് ചൂണ്ടിക്കാട്ടി.
വിസയുമായി ബന്ധപ്പെട്ടുള്ള നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ വിസ റദ്ദാക്കി തിരിച്ചയയ്ക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ എടുക്കാം എന്നാണ് പൊതുവിലെ വ്യവസ്ഥ.
കുടുംബവുമായി ഒരുമിച്ച് ജീവിക്കാനെത്തുന്ന അച്ഛനമ്മമാര്‍ക്ക് നാടുകടത്തല്‍ പോലുള്ള ആശങ്കകള്‍ ഉണ്ടാകുന്നത് അംഗീകരിക്കാവുന്ന കാര്യമല്ലെന്ന് ഫെഡറേഷന്‍ ഓഫ് എത്‌നിക് കമ്മ്യൂണിറ്റീസ് കൗണ്‍സില്‍സ് ഓഫ് ഓസ്‌ട്രേലിയയുടെ ചീഫ് എക്‌സിക്യുട്ടീവ് മുഹമ്മദ് അല്‍ ഖഫാജി എ ബി സിയോട് പറഞ്ഞു.