2019-20 സാമ്പത്തിക വർഷം ഓസ്ട്രേലിയയിലേക്ക് ആകെ പെർമനന്റ് റെസിഡൻസി വിസ ലഭിച്ചത് 140,366 പേർക്കാണ്.
15 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ കുടിയേറ്റ നിരക്കാണ് ഇത്.
ഇതിൽ 95,843 പേർക്കാണ് സ്കിൽഡ് കുടിയേറ്റവിസകൾ ലഭിച്ചിരിക്കുന്നത്.
എന്നാൽ പുതിയ റീജിയണൽ കുടിയേറ്റ വിസകൾ വരികയും, സ്കിൽഡ് ഇൻഡിപെന്റന്റ് വിസകൾ കുറയുകയും ചെയ്തതോടെ കുടിയേറ്റരീതികളിൽ പ്രകടമായ മാറ്റമാണ് കഴിഞ്ഞവർഷം ഉണ്ടായത്.
മുന്നിലുള്ള തൊഴിൽമേഖലകൾ
സബ്ക്ലാസ് 189 അഥവാ സ്കിൽഡ് ഇൻഡിപെൻഡന്റ് വിസയിൽ 12,986 വിസകളാണ് ആകെ അനുവദിച്ചത്.
ഐ ടി മേഖലയിലുള്ളവരാണ് ഇതിൽ ഏറ്റവുമധികം വിസകൾ സ്വന്തമാക്കിയിരിക്കുന്നത്.
ഏറ്റവുമധികം സ്കിൽഡ് ഇൻഡിപെന്റന്റ് വിസ ലഭിച്ചിരിക്കുന്ന അഞ്ച് തൊഴിൽമേഖലകൾ ഇവയാണ്:
- സോഫ്റ്റ്വെയർ എഞ്ചിനീയർ
- അക്കൗണ്ടന്റ്
- ഡെവലപ്പർ പ്രോഗ്രാം
- കംപ്യൂട്ടർ നെറ്റ്വർക്ക് ആന്റ് സിസ്റ്റംസ് എഞ്ചിനീയർ
- മെക്കാനിക്കൽ എഞ്ചിനീയർ
അതേസമയം, സ്കിൽഡ് ഇൻഡിപെൻഡന്റ് വിസകളേക്കാൾ കൂടുതൽ റീജിയണൽ വിസകളാണ് കഴിഞ്ഞ വർഷം അനുവദിച്ചിരിക്കുന്നത്.
ആകെ 23,372 റീജിയണൽ വിസകൾ കഴിഞ്ഞ വർഷം അനുവദിച്ചു.
ഇതിൽ 15,000 എണ്ണവും സ്കിൽഡ് വർക്ക് റീജിയണൽ (സബ്ക്ലാസ് 491) വിസകളും, 8,372 എണ്ണം സ്കിൽഡ് എംപ്ലോയർ സ്പോൺസേർഡ് റീജിയണൽ (സബ്ക്ലാസ് 494) വിസകളുമാണ്.
ഇതിൽ 1,532 വിസകളും അക്കൗണ്ടിംഗ് രംഗത്തുള്ളവർക്കാണ്. രജിസ്ട്രേഡ് നഴ്സുമാർക്ക് 897 വിസകളാണ് ലഭിച്ചിരിക്കുന്നത്.
കുക്ക്, ഷെഫ്, റെസ്റ്റോറന്റ് മാനേജർ, റീട്ടെയിൽ മാനേജർ തുടങ്ങിയ ജോലികളിലുള്ളവരും റീജിയണൽ വിസ ലഭിച്ചതിൽ മുൻപന്തിയിലാണ്.
2021ൽ ആർക്കൊക്കെയാകും വിസ കിട്ടുക?
ഈ സാമ്പത്തിക വർഷത്തിൽ അനുവദിക്കാവുന്ന ആകെ വിസകളുടെ എണ്ണത്തിൽ സർക്കാർ മാറ്റം വരുത്തിയിട്ടില്ല. 1,60,000 കുടിയേറ്റവിസകളാകും 2020-21ൽ അനുവദിക്കുന്നത്.
എന്നാൽ ഫാമിലി വിസകൾക്കും – പ്രത്യേകിച്ച് പാർട്ണർ വിസകൾക്ക് – നിലവിൽ ഓസ്ട്രേലിയയിൽ ഉള്ളവരുടെ വിസ അപേക്ഷകൾക്കും മുൻഗണന നൽകും എന്നാണ് സർക്കാർ വ്യക്തമാക്കിയത്.
സ്കിൽഡ് വിസകളുടെ എണ്ണം ഇതുകാരണം വെട്ടിക്കുറച്ചിട്ടുമുണ്ട്.
എന്നാൽ, നഴ്സിംഗ്, IT തുടങ്ങിയ മേഖലകളിലുള്ളവർക്ക് ഈ വർഷവും പരിഗണന ലഭിക്കും എന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.
തൊഴിൽ വിസയ്ക്കുള്ള അപേക്ഷകൾ മുൻഗണനാ ക്രമത്തിൽ പരിഗണിക്കുന്നതിനും, യാത്രാ നിയന്ത്രണങ്ങളിൽ നിന്ന് ഇളവു നൽകുന്നതിനുമായി 17 തൊഴിൽമേഖലകൾ ഉൾപ്പെടുന്ന ഒരു പട്ടിക സർക്കാർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
താഴെ പറയുന്ന തൊഴിൽ മേഖലകളാണ് അതിലുള്ളത്.
- Chief Executive or Managing Director
- Construction Project Manager
- Mechanical Engineer
- General Practitioner
- Resident Medical Officer
- Psychiatrist
- Medical Practitioner
- Midwife
- Registered Nurse (Aged Care)
- Registered Nurse (Critical Care and Emergency)
- Registered Nurse (Medical)
- Registered Nurse (Mental Health)
- Registered Nurse (Perioperative)
- Registered Nurses (nec)
- Developer Programmer
- Software Engineer
- Maintenance Planner
നാലു വിസ വിഭാഗങ്ങളിൽ ഈ തൊഴിൽ പട്ടികയിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാൻ കഴിയും. അവരുടെ അപേക്ഷ പരിഗണിക്കുന്നതിൽ മുൻഗണന നൽകുമെന്ന് കുടിയേറ്റകാര്യ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇവയാണ് മുൻഗണന ലഭിക്കുന്ന വിസകൾ
- Temporary Skill Shortage (TSS) visa (subclass 482)
- Skilled Employer Sponsored Regional (Provisional) visa (subclass 494)
- Employer Nomination Scheme (ENS) visa (subclass 186)
- Regional Sponsored Migration Scheme (RSMS) visa (subclass 187)