താൽക്കാലിക വിസകളിൽ ഓസ്ട്രേലിയയിൽ എത്തിയ ശേഷം തിരികെ പോകാൻ കഴിയാതെ കുടുങ്ങിക്കിടക്കുന്ന പതിനായിരക്കണക്കിന് ഇന്ത്യാക്കാരാണ് ഉള്ളത്.
സന്ദർശക വിസയിലെത്തിയ രക്ഷിതാക്കളും, വിനോദസഞ്ചാരികളും, വിദ്യാർത്ഥികളും ഉൾപ്പെടെയാണ് ഇത്.
ഇവരുടെ കണക്ക് ശേഖരിക്കുന്നതിനു വേണ്ടിയാണ് കാൻബറയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ രജിസ്ട്രേഷൻ നടപടികൾ തുടങ്ങിയത്.
വിദേശത്തു കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചെത്തിക്കാൻ വിമാന-കപ്പൽ സർവീസുകൾ നടത്താൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചതിനു പിന്നാലെയാണ് ഈ രജിസ്ട്രേഷൻ.
എന്നാൽ ഓസ്ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് വിമാനസർവീസ് നടത്തുന്ന കാര്യത്തിൽ ഇതുവരെയും തീരുമാനമൊന്നും എടുത്തിട്ടില്ല ഇന്ത്യൻ ഹൈക്കമ്മീഷൻ
മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നവരുടെ കാര്യത്തിൽ പദ്ധതികൾ തയ്യാറാക്കുന്നതിനു വേണ്ടി മാത്രമാണ് ഈ രജിസ്ട്രേഷനെന്നും ഹൈക്കമ്മീഷൻ വെബ്സൈറ്റിൽ ചൂണ്ടിക്കാട്ടി. മേയ് പത്തു വരെയാണ് രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി.
ഗൂഗിൾ ഫോം ഉപയോഗിച്ചാണ് ഹൈക്കമ്മീഷൻ വിവരങ്ങൾ ശേഖരിക്കുന്നത്.
അതിനുള്ള ലിങ്കും ഹൈക്കമ്മീഷന്റെ വെബ്സൈറ്റിലും സോഷ്യൽ മീഡിയ പേജുകളിലും നൽകിയിട്ടുണ്ട്.
പേര്, പ്രായം, പാസ്പോർട്ട് നമ്പർ, പാസ്പോർട്ട് എക്സ്പയറി തിയതി, വിസ തുടങ്ങിയ നിരവധി വിശദാംശങ്ങളാണ് ഇതിൽ നൽകേണ്ടത്.
കോവിഡ്-19 പരിശോധന നടത്തിയോ, മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടോ എന്ന വിശദാംശങ്ങളും ഈ ഗൂഗിൾ ഫോമിൽ നൽകണം.