മെൽബണിൽ നിന്ന് 220 കിലോമീറ്റർ തെക്കുകിഴക്കായുള്ള വിൽസൺ പ്രോമൊണ്ടറി നാഷണൽ പാർക്കിലാണ് അപകടമുണ്ടായത്.
ക്രിസ്ത്മസ് ദിന അവധി ആഘോഷിക്കാനായി നാഷണൽ പാർക്കിലെ സ്ക്വീക്കി ബിച്ചിലേക്ക് പോയതായിരുന്നു ഉറ്റ സുഹൃത്തുക്കളായ അനുപം ഛബ്രയും ആഷു ദുഗ്ഗലും.
ഇവർ കടലിൽ നീന്തുന്ന സമയത്ത് ശക്തമായ തിരയടിക്കുകയും, രണ്ടു പേരും കടലിലേക്ക് ഒഴുകിപ്പോകുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.
വൈകുന്നേരം 3.40ഓടു കൂടിയായിരുന്നു അപകടം.
ബീച്ചിലുണ്ടായിരുന്ന മറ്റൊരാൾ അനുപം ഛബ്രയെ തീരത്തേക്ക് വലിച്ചടുപ്പിച്ച് കൃത്രിമ ശ്വാസോച്ഛ്വാസം നൽകാൻ ശ്രമിച്ചെങ്കിലും, അപ്പോഴേക്കും അനുപം മരിച്ചിരുന്നു.
ആഷു ദുഗ്ഗലിനെ കണ്ടെത്താനായി വെള്ളിയാഴ്ച രാത്രി തന്നെ പൊലീസും സംസ്ഥാന എമർജൻസി വിഭാഗവും വ്യാപകമായ തെരച്ചിൽ നടത്തിയിരുന്നു.

Squeaky Beach, Wilsons Prom Source: RCoxxie CC BY-SA 2.0
കടലിലും, സമീപത്തെ തീരങ്ങളിലുമായിരുന്നു തെരച്ചിൽ.
24 മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിൽ ശനിയാഴ്ച വൈകിട്ടാണ് ആഷു ദുഗ്ഗലിന്റെ മൃതദേഹം കണ്ടെടുത്തത്.
അപകടമുണ്ടാകുന്നതിന് ഏതാനും നിമിഷങ്ങൾക്ക് മുമ്പെടുത്ത ഇരുവരുടെയും ചിത്രവും പുറത്തുവന്നിട്ടുണ്ട്.
നീന്തുന്നതിന് ഇടയ്ക്ക് തീരത്തു നിന്ന് എടുത്ത ചിത്രമാണ് ന്യൂസ് കോർപ്പ് പ്രസിദ്ധീകരിച്ചത്.
അനുപം ഛബ്രയുടെ സഹോദരൻ ആദിത്യ ഛബ്രയും ഇവർക്കൊപ്പം ബീച്ചിലുണ്ടായിരുന്നു.
യാത്രക്ക് ശേഷം തിരിച്ചുവരുമ്പോൾ അനുപവും ആഷുവും ഒപ്പമില്ല എന്നത് വിശ്വസിക്കാൻ കഴിയുന്നില്ല എന്ന് ആദിത്യ ഫേസ്ബുക്കിൽ കുറിച്ചു.
മെൽബണിലെ തോൺബറിയിലാണ് ഇരുവരും ജീവിച്ചിരുന്നത്.
പഞ്ചാബിൽ നിന്ന് മെൽബണിലേക്കെത്തിയ ഇരുവരും, കുട്ടിക്കാലം മുതൽക്കേ അടുത്ത സുഹൃത്തുക്കളായിരുന്നു.
ആദ്യമായാണ് ഇവർ ബീച്ചിലേക്ക് പോയതെന്ന് ആഷു ദുഗ്ഗലിന്റെ സഹോദരി അനു ദ ഹെറാൾഡ് സൺ പത്രത്തോട് പറഞ്ഞു.
ഈ യാത്രക്ക് മുമ്പ് ആഷു നീന്തൽ പഠിക്കാൻ പോയിരുന്നുവെന്നും അനു ദുഗ്ഗൽ പറഞ്ഞു.