ഉയര്‍ന്നുവരുന്ന തൊഴിലില്ലായ്മയും, സാമ്പത്തിക രംഗത്തെ മാന്ദ്യവും പിടിച്ചുനിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് റിസര്‍വ് ബാങ്ക് പലനിശ നിരക്ക് വീണ്ടും വെട്ടിക്കുറച്ചത്.
പലിശനിരക്കില്‍ വീണ്ടും 0.25 ശതമാനത്തിന്റെ കുറവാണ് വരുത്തിയത്.
ഇതോടെ 0.75 ശതമാനമായി രാജ്യത്തെ പലിശനിരക്ക് കുറഞ്ഞു. ചരിത്രത്തില്‍ ആദ്യമായാണ് പലിശ 1%ല്‍ താഴേക്കു പോകുന്നത്.
ജൂണ്‍ മാസത്തിനു ശേഷം ഇത് മൂന്നാം തവണയാണ് റിസര്‍വ് ബാങ്ക് പലിശനിരക്ക് കുറയ്ക്കുന്നത്.
രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് കൂടുന്നതായാണ് അടുത്ത കാലത്ത് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ഈ വര്‍ഷമാദ്യം 4.9 ശതമാനമായിരുന്ന തൊഴിലില്ലായ്മാ നിരക്ക്, കഴിഞ്ഞ മാസം 5.3 ശതമാനമായി കൂടിയിരുന്നു.
ഇതിനു പുറമേ വരുമാനവര്‍ദ്ധനവിന്റെ നിരക്കും കുറഞ്ഞിട്ടുണ്ട്.
ജൂണിലം ജൂലൈയിലും 0.25 ശതമാനം വീതം പലിശനിരക്ക് കുറച്ചപ്പോള്‍ അതിന്റെ 80 ശതമാനവും ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ ബാങ്കുകള്‍ തയ്യാറായിരുന്നു. എന്നാല്‍ ഇത്തവണ അത്രയും കൈമാറില്ല എന്നാണ് സൂചന.
ഇനിയും പലിശ കുറച്ചേക്കും
ഒരു ശതമാനത്തില്‍ താഴേക്ക് എത്തിയ പലിശ നിരക്ക് സമീപ ഭാവിയില്‍ വീണ്ടും വെട്ടിക്കുറയ്ക്കും എന്നാണ് റിസര്‍വ് ബാങ്ക് നല്‍കുന്ന സൂചന.
തൊഴില്‍ രംഗത്തും സാമ്പത്തിക രംഗത്തുമുള്ള സാഹചര്യങ്ങള്‍ നിരീക്ഷിച്ച് കൂടുതല്‍ നടപടികള്‍ എടുക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഫിലിപ്പ് ലോവി പറഞ്ഞു.
ഹോംലോണ്‍ നിരക്ക് കുറഞ്ഞു
റിസര്‍വ് ബാങ്ക് പ്രഖ്യാപനത്തിനു പുറമേ ചെറുകിട ബാങ്കുകള്‍ ഭവനവായ്പകളുടെ പലിശ കുറയ്ക്കാന്‍ തീരുമാനിച്ചു.
ഹോംസ്റ്റാര്‍ ഫൈനാന്‍സ്, അഥീന ഹോം ലോണ്‍സ് തുടങ്ങിയ സ്ഥാപനങ്ങള്‍ പലിശയിളവ് പൂര്‍ണമായും ഉപഭോക്താക്കള്‍ക്ക് കൈമാറും എന്നാണ് അറിയിച്ചത്. റെഡ്യൂസ് ഹോം ലോണ്‍സ് എന്ന സ്ഥാപനം പുതുതായി ലോണെടുക്കുന്നവര്ക്ക് മാത്രം 0.20 ശതമാനം കുറഞ്ഞ നിരക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചു.