തൊഴിലില്ലായ്മാ വര്‍ദ്ധനവും, സാമ്പത്തിക രംഗത്തെ മാന്ദ്യവും കണക്കിലെടുത്താണ് റിസര്‍വ് ബാങ്ക് വീണ്ടും പലിശ നിരക്ക് വെട്ടിക്കുറച്ചത്.
കഴിഞ്ഞ മാസം 1.25 ശതമാനമായി പലിശ കുറച്ചിരുന്നു. വീണ്ടും 0.25 ശതമാനം വെട്ടിക്കുറച്ച് രാജ്യത്തെ പലിശ നിരക്ക് ഒരു ശതമാനമാക്കിയിരിക്കുകയാണ് റിസര്‍വ് ബാങ്ക്.
പലിശ നിരക്കിന്റെ കാര്യത്തിലെ പുതിയ റെക്കോര്‍ഡാണ് ഇത്.
ലോകത്ത് ഏറ്റവും കുറഞ്ഞ ആറാമത്തെ പലിശ നിരക്കുള്ള രാജ്യമാണ് ഇപ്പോള്‍ ഓസ്‌ട്രേലിയ. -0.75%(മൈനസ് 0.75 ശതമാനം) നിരക്കുള്ള സ്വിറ്റ്‌സര്‍ലന്റാണ് ഏറ്റവും പലിശ കുറഞ്ഞ രാജ്യം.
2012നു ശേഷം ഇതാദ്യാമായാണ് തുടര്‍ച്ചയായി രണ്ടു മാസങ്ങളില്‍ റിസര്‍വ് ബാങ്ക് പലിശ കുറയ്ക്കുന്നത്.
കഴിഞ്ഞ മാസം തന്നെ ഇതുസംബന്ധിച്ചുള്ള സൂചനകള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഫിലിപ്പ് ലോവി നല്‍കിയിരുന്നു. പ്രതീക്ഷിച്ച നിലയിലേക്ക് തൊഴിലില്ലായ്മാ നിരക്ക് കുറയാന്‍ പലിശ കുറയ്‌ക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.
തൊഴിലില്ലായ്മാ നിരക്ക് 4.5 ശതമാനമായി കുറയ്ക്കണം എന്നാണ് റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്നത്. നിലവില്‍ 5.2 ശതമാനമാണ് തൊഴിലില്ലായ്മ.

Source: iStockphoto
ഇനിയും കുറച്ചേക്കും
പലിശ നിരക്ക് ഇനിയും ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയിട്ടില്ല എന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.
2020ഓടെ പലിശ നിരക്ക് 0.5 ശതമാനമായി കുറഞ്ഞേക്കുമെന്ന് ക്യാപിറ്റല്‍ എക്കണോമിക്‌സിലെ മാര്‍സല്‍ തെലിയെന്റ് പറഞ്ഞു.
എന്നാല്‍ റിസര്‍വ് ബാങ്ക് പലിശ കുറയ്ക്കുമ്പോഴും അതു പൂര്‍ണമായും ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ വന്‍കിട ബാങ്കുകള്‍ തയ്യാറാകാറില്ല.
കഴിഞ്ഞ മാസം പലിശ കുറച്ചപ്പോള്‍ അതു പൂര്‍ണമായും നടപ്പാക്കിയത് രണ്ടു വന്‍കിട ബാങ്കുകള്‍ മാത്രമായിരുന്നു. നിരവധി ചെറു ബാങ്കുകളും ഇളവ് പൂര്‍ണമായും കൈമാറി.
2011 മുതല്‍ ഇതുവരെ റിസര്‍വ് ബാങ്ക് പലിശ നിരക്കില്‍ വരുത്തിയ കുറവിന്റെ 50 ശതമാനം മാത്രമേ ബാങ്കുകള്‍ പൊതുജനങ്ങള്‍ക്ക് നല്‍കിയിട്ടുള്ളൂ.