പുതിയ നിയമം ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ കൊണ്ടുവരുമെന്ന് വെള്ളിയാഴ്ചയാണ് സർക്കാർ അറിയിച്ചത്. നിയമം നടപ്പിലാക്കുമെന്ന പ്രഖ്യാപനം വന്നതിന് തൊട്ടു പിന്നാലെയാണ് ഇത് പാലിക്കാൻ കഴിയില്ലെന്ന പ്രസ്താവനയുമായി സൗത്ത് ഓസ്ട്രലിയൻ കത്തോലിക്കാ സഭ രംഗത്തെത്തിയത്.
രാഷ്ട്രീയകാർക്ക് നിയമത്തിൽ ഭേദഗതി വരുത്താം എന്നാൽ പരിപാവനമായി കണക്കാക്കുന്ന കുമ്പസാരമെന്ന പാപമോചനത്തിന്റെ കൂദാശയുടെ സ്വഭാവം മാറ്റാൻ സഭക്ക് സാധിക്കില്ലെന്ന് ബിഷപ്പ് ഗ്രെഗ് ഒ കെല്ലി എ ബി സി റേഡിയോയോട് പറഞ്ഞു.
പുതിയ നിയമം തങ്ങളെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാത്രമല്ല, കാനോൻ നിയമ പ്രകാരം കുമ്പസാരം കേൾക്കുന്ന വൈദികന് പാപം ഏറ്റുപറയുന്ന വ്യക്തിയെ വഞ്ചിക്കാൻ അവകാശമില്ലെന്നും ബിഷപ്പ് പറഞ്ഞു.
എല്ലാ വൈദികർക്കും അറിവുള്ളതുപോലെ കുമ്പസാര രഹസ്യം പരസ്യമാക്കിയാൽ സഭയിൽ നിന്ന് പുറത്താക്കപ്പെടുമെന്നും, കുമ്പസാരം കേൾക്കാനിടയാകുന്ന ആളുകളും അത് രഹസ്യമായി തന്നെ വയ്ക്കണമെന്നുമാണ് നിയമം അനുശാസിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നിയമം ലംഘിക്കുന്നതായി കണ്ടെത്തിയാൽ അധികൃതർ അന്വേഷണത്തിന് ഉത്തരവിടുമെന്നും നിയമ നടപടികളുമായി മുൻപോട്ടു പോകുമെന്നും അറിയിച്ചുകൊണ്ട് അറ്റോണി ജനറലിന്റെ വക്താവ് പ്രസ്താവനയിറക്കി.
സൗത്ത് ഓസ്‌ട്രേലിയൻ സർക്കാർ പ്രഖ്യാപിച്ച പുതിയ നിയമപ്രകാരം കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് കുമ്പസാരത്തിലൂടെ അറിവു ലഭിക്കുന്ന വൈദീകർ അത് പൊലീസിൽ റിപ്പോർട്ട് ചെയ്യാൻ ബാധ്യസ്ഥരാണ്. ഈ വിവരങ്ങൾ പോലീസിനെ അറിയിക്കാത്ത പക്ഷം 10,000 ഡോളർ വരെ ഇവർ പിഴയടക്കേണ്ടി വരും.
മതസ്ഥാപനങ്ങളിൽ വച്ച് കുട്ടികൾക്കെതിരെ നടന്ന ലൈംഗിക പീഡനങ്ങളെക്കുറിച്ചും, അവ മറച്ചുവയ്ക്കാൻ അധികൃതർ നടത്തിയ ശ്രമങ്ങളെക്കുറിച്ചും റോയൽ കമ്മീഷൻ അന്വേഷണം നടത്തുകയും കുട്ടികളുടെ സുരക്ഷ മുൻനിർത്തി പല നിർദ്ദേശങ്ങളും മുൻപോട്ട് വയ്ക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഈ പുതിയ നിയമം നടപ്പിലാക്കുന്നത്.