ജോലിയില്‍ നിന്ന് വിരമിച്ച ശേഷമുള്ള ജീവിതകാലത്തിനു വേണ്ടി നടത്തുന്ന നിര്‍ബന്ധിത നിക്ഷേപ പദ്ധതിയാണ് സൂപ്പറാന്വേഷന്‍.
ഓസ്‌ട്രേലിയില്‍ ജോലി ചെയ്യുന്ന എല്ലാവരുടെയും ശമ്പളത്തില്‍ നിന്ന് തൊഴിലുടമയും തൊഴിലാളിയും നിശ്ചിത ശതമാനം തുക സൂപ്പറാന്വേഷന്‍ അക്കൗണ്ടില്‍ നിക്ഷേപിക്കണം എന്നാണ് വ്യവസ്ഥ.
എന്നാല്‍ ഒന്നിലേറെ സൂപ്പര്‍ അക്കൗണ്ടുകള്‍ ഉള്ളതും, അമിതമായി ഫീസ് നല്‍കുന്നതും, വേണ്ടത്ര വളര്‍ച്ചയില്ലാത്ത സൂപ്പര്‍ അക്കൗണ്ടുകളില്‍ നിക്ഷേപം നടത്തുന്നതുമെല്ലാം പലര്‍ക്കും വലിയ നഷ്ടമാണ് ഉണ്ടാക്കുന്നതെന്ന് ബജറ്റില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിലാണ് സൂപ്പറാന്വേഷന്‍ രംഗം പരിഷ്‌കരിക്കാനായി പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചത്.
ജോലി മാറിയാലും അക്കൗണ്ട് മാറില്ല
നിലവില്‍ ഒരു ജോലിയില്‍ നിന്ന് പുതിയൊരു ജോലിയിലേക്ക് മാറുന്നയാള്‍ ഏതു സൂപ്പര്‍ അക്കൗണ്ടിലേക്ക് നിക്ഷേപം നടത്തണമെന്ന് സ്ഥാപനത്തെ അറിയിക്കണം.
അഥവാ അങ്ങനെ അറിയിച്ചില്ലെങ്കില്‍, സ്ഥാപനം നിശ്ചയിക്കുന്ന അക്കൗണ്ടിലേക്കാകും നിക്ഷേപം നടത്തുക.
പലര്‍ക്കും ഇത്തരത്തില്‍ നിരവധി സൂപ്പര്‍ അക്കൗണ്ടുകള്‍ ഉണ്ടാകും. അത് പലപ്പോഴും അക്കൗണ്ടുടമ പോലും അറിയാറുമില്ല.
എല്ലാ അക്കൗണ്ടുകളും ഫീസീടാക്കുകയും ചെയ്യും.
പലപ്പോഴും ഇതിനൊപ്പം ഇന്‍ഷ്വറന്‍സ് ഫീസും എല്ലാ അക്കൗണ്ടില്‍ നിന്നും ഈടാക്കുന്നുണ്ടാകും.

Uzmanlar superannuation’ın yaşlılığınız için son derece etkili bir tasarruf yöntemi olduğunu belirtiyor. Source: Getty Images
നിലവില്‍ 44 ലക്ഷം ഓസ്‌ട്രേലിയക്കാരുടെ 60 ലക്ഷം സൂപ്പറാന്വേഷന്‍ അക്കൗണ്ടുകളാണ് ഉള്ളത് അതായത്, ലക്ഷക്കണക്കിന് പേര്‍ക്കാണ് ഒന്നിലേറെ സൂപ്പര്‍ അക്കൗണ്ടുകള്‍.
ഓരോ വര്‍ഷവും 45 കോടി ഡോളറോളമാണ് ഫീസിനത്തില്‍ ഓസ്‌ട്രേലിയക്കാര്‍ അധികമായി നല്‍കുന്നതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ 2021 ജൂലൈ മുതല്‍ ഈ രീതി നിര്‍ത്തലാക്കും.
ജോലി മാറുന്ന ഒരാള്‍ ഏതു സൂപ്പറാന്വേഷന്‍ അക്കൗണ്ടിലേക്ക് നിക്ഷേപം നടത്തണം എന്ന് വ്യക്തമായി പറഞ്ഞില്ലെങ്കില്‍, അയാളുടെ നിലവിലുള്ള അക്കൗണ്ടിലേക്കാകും തൊഴിലുടമ നിക്ഷേപം നടത്തേണ്ടത്.
ആ അക്കൗണ്ട് കണ്ടെത്താനുള്ള ഉത്തരവാദിത്തം തൊഴിലുടമയ്ക്ക് ഉണ്ടാകും.
ATO വെബ്‌സൈറ്റില്‍ നിന്ന് അക്കൗണ്ട് വിശദാംശങ്ങള്‍ കണ്ടെത്തി വേണം തൊഴിലുടമ നിക്ഷേപം നടത്താന്‍.
അഥവാ തൊഴിലാളിക്ക് നിലവില്‍ സൂപ്പര്‍ അക്കൗണ്ട് ഇല്ലാതിരിക്കുകയും, അക്കൗണ്ടുകളൊന്നും നിര്‍ദ്ദേശിക്കാതിരിക്കുകയും ചെയ്താല്‍ മാത്രമേ, സ്ഥാപനത്തിന് താല്‍പര്യമുള്ള അക്കൗണ്ടിലേക്ക് നിക്ഷേപം നടത്താന്‍ കഴിയൂ.
മികച്ച സൂപ്പര്‍ഫണ്ട് കണ്ടെത്താന്‍ ഓണ്‍ലൈന്‍ ടൂള്‍
വ്യത്യസ്ത രീതിയിലാണ് ഓരോ സൂപ്പറാന്വേഷന്‍ ഫണ്ടിലെയും നിക്ഷേപത്തിന് വളര്‍ച്ചയുണ്ടാകുന്നത്.
സൂപ്പറാന്വേഷന്‍ സ്ഥാപനങ്ങള്‍ പണം എങ്ങനെയെല്ലാമാണ് നിക്ഷേപിക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാകും ഇത്. എന്നാല്‍ പലപ്പോഴും അക്കൗണ്ട് ഉടമകള്‍ ഇക്കാര്യം അറിയാറില്ല.
മികച്ച വളര്‍ച്ചയുണ്ടാകാത്ത സൂപ്പര്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതുകാരണം പതിനായിരക്കണക്കിന് ഡോളറാണ് പലര്‍ക്കും നഷ്ടമാകുന്നത് എന്നാണ് സര്ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.
ഈ സാഹചര്യത്തില്‍, 2021 ജൂലൈ ഒന്നു മുതല്‍ മികച്ച വളര്‍ച്ചയുള്ള സൂപ്പര്‍ ഫണ്ടുകള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍പുതിയ ഓണ്‍ലൈന്‍ സംവിധാനം തുടങ്ങും.
YourSuper എന്ന പേരില്‍, സൂപ്പര് അക്കൗണ്ടുകള്‍ താരതമ്യം ചെയ്യുന്നതിനുള്ള സംവിധാനമാകും ഇത്.
ഓരോ സൂപ്പറാന്വേഷന്‍ സ്ഥാപനത്തിന്‌റെയും ഫീസ്, എത്രത്തോളം വളര്‍ച്ചയുണ്ട് എന്ന കാര്യങ്ങളെല്ലാം ഇതില്‍ വ്യക്തമാക്കും.
അതനുസരിച്ച് സൂപ്പര്‍ ഫണ്ടുകള്‍ക്ക് റാങ്കിംഗും ഉണ്ടാകും.
ഇതുപയോഗിച്ച് നിങ്ങള്‍ക്ക് വേണമെങ്കില്‍ സൂപ്പറാന്വേഷന്‍ അക്കൗണ്ട് മാറ്റാം. മാത്രമല്ല, നിങ്ങളുടെ വിവിധ സൂപ്പര്‍ അക്കൗണ്ടുകള്‍ ഇവിടെ കാണാനും, വേണമെങ്കില്‍ സംയോജിപ്പിക്കാനും കഴിയും.
പ്രായം 20കളിലുള്ള ഒരാള്‍ മോശം വളര്‍ച്ചയുള്ള സൂപ്പറില്‍ നിന്ന് മികച്ച വളര്‍ച്ചയുള്ള ഒന്നിലേക്ക് മാറിയാല്‍, ജോലിയില്‍ നിന്ന് വിരമിക്കുന്ന സമയത്ത് 87,000 ഡോളര്‍ വരെ അധികം നീക്കിയിരിപ്പുണ്ടാകും എന്നാണ് സര്ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.
മോശം സൂപ്പര്‍ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍
അടുത്ത ജൂലൈ മുതല്‍ എല്ലാ സൂപ്പറാന്വേഷന്‍ സ്ഥാപനങ്ങള്‍ക്കും വാര്‍ഷിക പെര്‍ഫോര്‍മന്‍സ് പരിശോധനയും ഉണ്ടാകും.
നിക്ഷേപത്തിന് മോശം വളര്‍ച്ചയാണ് ലഭിക്കുന്നത് എന്ന് കണ്ടെത്തിയാല്‍, സൂപ്പറാന്വേഷന്‍ കമ്പനി അക്കാര്യം അക്കൗണ്ട് ഉടമകളെ അറിയിക്കണം.
രണ്ടു വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി 'അണ്ടര്‍ പെര്‍ഫോര്‍മിംഗ്' എന്ന പട്ടികയില്‍ വരുന്ന കമ്പനികള്‍ക്ക് പുതിയ അക്കൗണ്ടുകള്‍ തുടങ്ങാനാവില്ല.
പ്രകടനം മെച്ചപ്പെടുത്തിയ ശേഷം മാത്രമേ പുതിയ അംഗങ്ങളെ സ്വീകരിക്കാന്‍ അനുവദിക്കൂ.
ഇത്തരത്തില്‍ മോശം പ്രകടനം കാഴ്ചവയ്ക്കുന്ന സൂപ്പറാന്വേഷന്‍ സ്ഥാപനത്തിലെ അംഗങ്ങള്‍ക്ക്, YourSuper ടൂള്‍ ഉപയോഗിച്ച് വേണമെങ്കില്‍ മറ്റൊരു സൂപ്പര്‍ ഫണ്ടിലേക്ക് മാറാനും കഴിയും.