പുതുവര്‍ഷം പിറന്നപ്പോള്‍ ഓസ്‌ട്രേലിയയിലെ നിയമങ്ങളില്‍ നിരവധി മാറ്റങ്ങളാണ് നിലവില്‍ വന്നിരിക്കുന്നത്.
ഇതില്‍ ഡ്രൈവിംഗ് നിയമങ്ങളില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം എസ് ബി എസ് മലയാളം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ദേശീയ തലത്തിലും, വിവിധ സംസ്ഥാനങ്ങളിലും വന്ന മറ്റു പ്രധാന മാറ്റങ്ങളാണ് ഇവിടെ നോക്കുന്നത്.
ആദ്യ വീടു വാങ്ങാന്‍ സഹായം
ഓസ്‌ട്രേിലയയില്‍ ആദ്യ വീടുവാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള ഡിപ്പോസിറ്റ് തുക കണ്ടെത്താന്‍ സഹായിക്കുന്ന പദ്ധതി ജനുവരിയില്‍ നിലവില്‍ വന്നു.
ഫസ്റ്റ് ഹോം ലോണ്‍ ഡിപ്പോസിറ്റ് സ്‌കീം എന്നാണ് ഇത് അറിയപ്പെടുന്നത്.
കുറഞ്ഞ വരുമാനവും ഇടത്തര വരുമാനവും ഉള്ളവര്‍ക്ക്, വിലയുടെ അഞ്ചു ശതമാനം തുക മാത്രം കൈവശം ഉണ്ടെങ്കില്‍ പോലും വീടു വാങ്ങാന്‍ കഴിയുന്നതാണ് ഈ പദ്ധതി.
ലെന്‍ഡേഴ്‌സ് മോര്‍ട്ട്‌ഗേജ് ഇന്‍ഷ്വറന്‍സ് (LMI) ഒഴിവാക്കുന്നതിനായി ബാക്കി 15 ശതമാനം വരെ സര്‍ക്കാര്‍ ഗ്യാരന്റിയായി നല്‍കും.
1,25,000 ഡോളര്‍ വരെ വാര്‍ഷിക വരുമാനമുള്ള വ്യക്തികള്‍ക്കും, രണ്ടു ലക്ഷം ഡോളര്‍ വരെ വരുമാനമുള്ള ദമ്പതികള്‍ക്കുമായിരിക്കും ഇതിനുള്ള യോഗ്യത. ആദ്യം അപേക്ഷിക്കുന്ന 10,000 പേര്‍ക്കായിരിക്കും ലോണ്‍ നല്‍കുന്നത്.
NAB, കോമണ്‍വെല്‍ത്ത് ബാങ്ക് എന്നിവയാണ് ഈ പദ്ധതിയിലുള്ള പ്രധാന ബാങ്കുകള്‍. 25ഓളം ചെറുകിട വായ്പാ ദാതാക്കളും പദ്ധതിയിലുണ്ട്.
ഓരോ നഗരത്തിലും ഈ പദ്ധതി പ്രകാരം വാങ്ങാവുന്ന വീടുകള്‍ക്ക് പരമാവധി വില നിശ്ചയിച്ചിട്ടുണ്ട്.
കൂടുതല്‍ പേര്‍ക്ക് പേരന്റല്‍ ലീവ്
സര്‍ക്കാര്‍ നല്‍കുന്ന പെയിഡ് പേരന്റല്‍ ലീവ് ആനുകൂല്യം കൂടുതല്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന തരത്തില്‍ നിയമത്തില്‍ മാറ്റം നിലവില്‍ വന്നു.
2011 ജനുവരി ഒന്നു മുതല്‍ കുട്ടി ജനിക്കുകയോ ദത്തെടുക്കുകയോ ചെയ്യുമ്പോള്‍ പെയിഡ് പേരന്റല്‍ ലീവ് നല്‍കുന്നുണ്ട്.
18 ആഴ്ച വരെയാണ് ദേശീയ മിനിമം വേജസിന് തുല്യമായ തുക പേരന്റല്‍ ലീവ് ആനുകൂല്യമായി നല്‍കുന്നത്. നിശ്ചിത വരുമാനമുള്ളവര്‍ക്കാണ് ഈ ആനുകൂല്യം.
ഇത് ലഭിക്കാന്‍ എത്ര കാലം ജോലി ചെയ്തിരിക്കണം എന്ന മാനദണ്ഡം കൂടിയുണ്ടായിരുന്നു. ഇതിലാണ് ജനുവരി ഒന്നു മുതല്‍ മാറ്റം വരുത്തിയിരിക്കുന്നത്.
നിലവിലിരുന്ന നിയമപ്രകാരം, കുട്ടി ജനിക്കുന്നതിന് മുമ്പുള്ള 13 മാസങ്ങളില്‍, 10 മാസമെങ്കിലും ജോലി ചെയ്തിരിക്കണം. കുറഞ്ഞത് 330 മണിക്കൂര്‍ ജോലി ചെയ്തിരിക്കുകയും വേണം.
മാത്രമല്ല, എട്ടാഴ്ചയില്‍ കൂടുതല്‍ തുടര്‍ച്ചയായി ജോലിയില്‍ നിന്ന് മാറി നിന്നിരിക്കാനും പാടില്ല.
എന്നാല്‍ ഈ എട്ടാഴ്ച എന്ന കാലാവധി 12 ആഴ്ചകളാക്കി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.
അതായത്, ഏതെങ്കിലും സാഹചര്യത്തില്‍ കുട്ടി ജനിക്കുന്നതിനും 12 ആഴ്ച മുമ്പു തന്നെ ജോലി നിര്‍ത്തേണ്ടി വരുന്ന അമ്മമാർക്കും ഇനി മുതല്‍ പെയിഡ് പേരന്റല്‍ ലീവിന് അര്‍ഹതയുണ്ടാകും.
വിസില്‍ ബ്ലോവര്‍മാര്‍ക്ക് പരിരക്ഷ
പൊതുമേഖലാ സ്ഥാപനങ്ങളിലെയും, വന്‍കിട സ്വകാര്യ കമ്പനികളിലെയുമെല്ലാം ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവരുന്നവര്‍ക്ക് പുതിയ പരിരക്ഷ നല്‍കണം എന്ന നിയമം കൊണ്ടുവന്നു.
ഇതേക്കുറിച്ച് വ്യക്തമായ ഒരു നയം സ്ഥാപനങ്ങള്‍ തയ്യാറാക്കണം.
എങ്ങനെയാണ് വിസില്‍ബ്ലോവര്‍മാര്‍ക്ക് പരിരക്ഷ നല്‍കുക, എങ്ങനെയൊക്കെ അവര്‍ക്ക് ക്രമേക്കേടുകളെക്കുറിച്ച് പുറത്തു പറയാം, ഇത്തരം ആരോപണങ്ങള്‍ സ്ഥാപനം എങ്ങനെ അന്വേഷിക്കും തുടങ്ങിയ കാര്യങ്ങള്‍ ഈ നയത്തില്‍ ഉള്‍പ്പെടുത്തണം.
പാസ്‌പോര്‍ട്ട് ഫീസ് കൂടും
ജനുവരി ഒന്നു മുതല്‍ ഓസ്‌ട്രേലിയന്‍ പാസ്‌പോര്‍ട്ട് എടുക്കുന്നതിനുള്ള ഫീസില്‍ നേരിയ വര്‍ദ്ധനവ് നിലവില്‍ വന്നു.
രണ്ടു ഡോളര്‍ മുതല്‍ അഞ്ചു ഡോളർ വരെയാണ് വര്‍ദ്ധനവ്.
മുതിര്‍ന്നവരുടെ പത്തു വര്‍ഷ പാസ്‌പോര്‍ട്ടിന് 298 ഡോളറായിരിക്കും പുതിയ ഫീസ്. അഞ്ചു ഡോളറിന്റെ വര്‍ദ്ധനവാണ് വന്നിരിക്കുന്നത്.
കുട്ടികളുടെ അഞ്ചു വര്‍ഷ പാസ്‌പോര്‍ട്ടിന് 150 ഡോളറാകും പുതിയ ഫീസ്. രണ്ടു ഡോളര്‍ കൂടി.
PBS മരുന്നുകള്‍
ഫാര്‍മസ്യൂട്ടിക്കല്‍ ബെനഫിറ്റ് സ്‌കീമിലെ സേഫ്റ്റി നെറ്റ് ത്രെഷോള്‍ഡില്‍ ജനുവരി ഒന്നു മുതല്‍ മാറ്റം വന്നു.
പെന്‍ഷന്‍കാര്‍ക്കും കണ്‍സഷന്‍ കാര്‍ഡ് ഉടമകൾക്കും തുടര്‍ ഡിസ്‌കൗണ്ട് കിട്ടുന്നതിനുള്ള പ്രിസ്‌ക്രിപ്ഷനുകളുടെ എണ്ണമാണ് കുറച്ചത്.
നിലവില്‍ 60 സ്‌ക്രിപ്റ്റുകള്‍ കിട്ടുന്നവര്‍ക്കാണ് തുടര്‍ ഡിസ്‌കൗണ്ടോ സൗജന്യ മരുന്നുകളോ കിട്ടുന്നതെങ്കില്‍, ഇനി 48 സ്‌ക്രിപ്റ്റുകള്‍ മതിയാകും.

100% പുനരുപയോഗിക്കാവുന്ന ഊർജ്ജം
ജനുവരി ഒന്നോടെ ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറി നൂറു ശതമാനവും പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജത്തിലേക്ക് മാറി.
ഒരു ലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗരങ്ങളില്‍, ഈ നേട്ടം കൈവരിക്കുന്ന ലോകത്തെ എട്ടാമത്തെ പ്രദേശമാണ് ACT.
ചൈല്‍ഡ് കെയറുകള്‍ക്ക് സ്റ്റാര്‍ റേറ്റിംഗ്
ന്യൂ സൗത്ത് വെയില്‍സിലെ ചൈല്‍ഡ് കെയര്‍ കേന്ദ്രങ്ങള്‍ക്ക് പുതിയ സ്റ്റാര്‍ റേറ്റിംഗ് സംവിധാനം നിലവില്‍ വന്നു.
ഇനി മുതല്‍ സംസ്ഥാനത്തെ ചൈല്‍ഡ് കെയര്‍ കേന്ദ്രങ്ങള്‍ മുന്‍ വാതിലില്‍ തന്നെ അവരുടെ റേറ്റിംഗ് സ്റ്റിക്കര്‍ പതിപ്പിക്കണം.
ദേശീയ സ്റ്റാന്റാര്‍ഡിന് മുകളിലാണോ, ഒപ്പമാണോ, അതോ അവിടേക്ക് എത്തുകയാണോ, അതുമല്ലെങ്കില്‍ കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ടോ എന്ന് വ്യക്തമാക്കുന്നതാകും ഈ റേറ്റിംഗ്.

സിഡ്‌നി ലോക്കൗട്ട് നിയമങ്ങള്‍
സിഡ്‌നി നഗരത്തിലെ പബുകളിലും ബാറുകളിലും രാത്രിയില്‍ മദ്യം വിളമ്പുന്നതിനേര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിക്കും. ജനുവരി 14 മുതൽ ലോക്ക്ഔട്ട് നിയമം പിൻവലിക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. ഇതോടെ ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാത്രി 11 മണി വരെ മദ്യവിൽപ്പനശാലകൾ തുറന്നു പ്രവർത്തിക്കും.
നഗരത്തിൽ രാത്രികാലങ്ങളിൽ മദ്യലഹരിയിൽ നടക്കുന്ന അക്രമങ്ങൾക്ക് കടിഞ്ഞാണിടുക എന്ന ലക്ഷ്യത്തോടെ 2014 ഫെബ്രുവരിയിലാണ് ലോക്കൗട്ട് നിയമം കൊണ്ടുവന്നത്.
എന്നാൽ ലോക്ക് ഔട്ട് നിയമം കച്ചവടങ്ങളെ സാരമായി ബാധിക്കുന്നതായുള്ള പരാതികളും ഉയർന്ന സാഹചര്യത്തിലാണ് നഗരത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി നിലവിലുള്ള ലോക്ക് ഔട്ട് നിയമം പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്.
കഞ്ചാവ് കൈവശം വയ്ക്കാം
ACTയില് കഞ്ചാവ് കൈവശം വയ്ക്കുന്ന് സെപ്റ്റംബറിൽ നിയമവിധേയമാക്കിയിരുന്നു.
വിനോദത്തിനായി കഞ്ചാവ് കൈവശം വയ്ക്കാനും ഉപയോഗിക്കാനും അനുവാദം നൽകുന്ന നിയമമാണ് ACT ഇപ്പോൾ നടപ്പിലാക്കുന്നത്. 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് 50 ഗ്രാം വരെ കഞ്ചാവ് കൈവശം വയ്ക്കാനായിരിക്കും നിയമം അനുവാദം നല്‍കുക. വീട്ടില്‍ നാല് കഞ്ചാവു ചെടികള്‍ വളര്‍ത്താനും കഴിയും.
എന്നാൽ ഇതിൽ നിബന്ധനകളും ഏർപ്പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ക്ക് ലഭ്യമാകാത്ത രീതിയില്‍ കഞ്ചാവ് സൂക്ഷിക്കണം. മാത്രമല്ല കുട്ടികളുടെ സമീപത്ത് വച്ച് ഇത് ഉപയോഗിക്കാനോ, പൊതുതോട്ടങ്ങളില്‍ കഞ്ചാവു ചെടി വളര്‍ത്താനോ പാടില്ല.

