മെഡികെയർ പദ്ധതിയെ ശക്തിപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് ആൻറണി അൽബനിസി ഇതിനായി 135 മില്യൺ ഡോളറിൻറെ പദ്ധതിയും വാഗ്ദാനം ചെയ്തു. ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിലെ തിരക്ക് കുറക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.
മെഡികെയർ- അർജന്റ് കെയർ ക്ലിനിക്കുകൾ എന്ന് പേരിട്ടിരിക്കുന്ന ക്ലിനിക്കുകളിൽ അടിയന്തിര വൈദ്യസഹായം ലഭ്യമാക്കും.
അസ്ഥികളുടെ ഒടിവ്, ചെറിയ രീതിയിലുള്ള പൊള്ളലുകൾ, മുറിവുകൾളുടെ പരിചരണം തുടങ്ങിയവയെല്ലാം അർജൻറ് ക്ലിനിക്കുകളിലുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ആദ്യ ഘട്ടത്തിൽ രാജ്യത്തെമ്പാടുമായി 50 ക്ലിനിക്കുകളാണ് സ്ഥാപിക്കുക. ജിപി സർജറികളോടും, കമ്മ്യൂണിറ്റി ഹെൽത്ത് സെൻററുകളോടും ചേർന്നാകും അർജൻറ് കെയർ ക്ലിനിക്കുകൾ പ്രവർത്തിക്കുക.
നീണ്ട കാത്തിരിപ്പ് കൂടാതെ രോഗികൾക്ക് ആവശ്യമായ പരിചരണം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ആൻറണി അൽബനിസി പറഞ്ഞു.
മെഡികെയർ-അർജൻറ് കെയർ ക്ലിനിക്കുകൾ ആരംഭിക്കുന്നതോടെ അത്യാഹിത വിഭാഗങ്ങളുടെ സമ്മർദ്ദം കുറയും. അവർക്ക് ജീവൻ രക്ഷാ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമെന്നും പ്രതിപക്ഷ നേതാവ് വിശദീകരിച്ചു.
അധികാരത്തിലെത്തിയാലുടൻ ജോബ്‌സീക്കർ വർദ്ധിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ലേബർ പാർട്ടി വ്യക്തമാക്കി.
ലേബർ ആരോഗ്യ പദ്ധതികളിൽ പ്രചാരണം കേന്ദ്രീകരിച്ചപ്പോൾ, തൊഴിൽ, സാമ്പത്തിക മേഖലകൾക്കായുള്ള പ്രഖ്യാപനങ്ങളാണ് ലിബറൽ ഇന്ന് നടത്തിയത്. രാവിലെ സിഡ്നിയിൽ പ്രചാരണം ആരംഭിച്ച സ്കോട്ട് മോറിസൺ പിന്നീട് വിക്ടോറിയയിലെ ജീലോംഗിൽ സുപ്രധാന പ്രഖ്യാപനങ്ങൾ നടത്തി.
ബ്രിസ്‌ബേനിലെയും, വിക്ടോറിയയിലെയും രണ്ട് എണ്ണ ശുദ്ധീകരണശാലകൾക്കായി 125 മില്യൺ ഡോളറിൻറ ധനസഹായം പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.
ഓസ്‌ട്രേലിയയിലെ ഇന്ധന വിതരണം ശൃംഖല മെച്ചപ്പെടുത്താനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതി സഹായിക്കുമെന്ന് സ്കോട്ട് മോറിസൺ പറഞ്ഞു.
സർക്കാർ രൂപീകരണത്തിൽ പങ്കു വഹിക്കാൻ സാധിച്ചാൽ ദന്തചികിത്സയെ മെഡികെയറിനു കീഴിൽ കൊണ്ടു വരുമെന്ന് ഗ്രീൻസ് പാർട്ടിയും പ്രഖ്യാപിച്ചു.
നാഷണൽ പ്രസ് ക്ലബിൽ സംസാരിക്കവേയാണ് ഗ്രീൻസ് നേതാവ് ആദം ബാൻൻറ് തിരഞ്ഞെടുപ്പ് നയങ്ങൾ വ്യക്തമാക്കിയത്.
കൽക്കരി-വാതക പദ്ധതികൾ അവസാനിപ്പിക്കുക, കുതിച്ചുയരുന്ന വിലക്കയറ്റം നിയന്ത്രിക്കുക, ആദിമ വർഗ്ഗവിഭാഗങ്ങളുമായുള്ള അനുരഞ്ജനം, കാലാവസ്ഥ വ്യതിയാന നിയന്ത്രണങ്ങൾ തുടങ്ങിയവയാണ് ഗ്രീൻസിൻറ വാഗ്ദാനങ്ങൾ.