2016 ഒക്ടോബറിലാണ് മെൽബണിലെ ബല്ലാരറ്റിലുള്ള ബല്ലാരറ് കറി ഹൗസിൽ മുപ്പതുകാരനായ പാകിസ്താനി വംശജൻ അബ്ദുള്ള സിദ്ധിക്കിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തെ തുടർന്ന് ഇവിടുത്തെ നേപ്പാളീ വംശജനായ ഷെഫ് ഹരി പ്രസാദ് ധക്കലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കേസിന്റെ അന്തിമ വിചാരണ കഴിഞ്ഞ മാസം വിക്ടോറിയൻ സുപ്രീം കോടതിയിൽ നടന്നു. ഏഴംഗ ജൂറിക്ക് മുന്നിലാണ് വിചാരണ നടന്നത്. വിചാരണക്കൊടുവിൽ ധക്കൽ കുറ്റക്കാരനാണെന്ന് ജൂറി വിധിച്ചിരുന്നു. ഇതേത്തുടർന്നാണ് വെള്ളിയാഴ്ച ജസ്റ്റിസ് ലെക്സ് ലാർസി 23 വർഷം തടവ് ശിക്ഷ വിധിച്ചത്.
17 വർഷത്തെ ജയിൽ ശിക്ഷക്ക് ശേഷം പ്രതിയെ നേപ്പാളിലേക്ക് നാടുകടത്തിയേക്കും.
സംഭവ ദിവസം റെസ്റ്റോറന്റിൽ മദ്യപിച്ചെത്തിയ അബ്ദുള്ളയുമായുണ്ടായ വാക്കേറ്റത്തിൽ ധക്കൽ അബ്ദുള്ളയെ കത്തികൊണ്ട് 17 തവണ കുത്തുകയായിരുന്നു എന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. എന്നാൽ സ്വയരക്ഷക്കായാണ് ഇയാൾ കൊല ചെയ്‌തെന്ന അബ്ദുള്ള വാദിച്ചിരുന്നു. ഈ വാദം തള്ളിക്കൊണ്ടാണ് ജൂറിയുടെ വിധി വന്നത്.
വിസ കാലാവധി പൂർത്തിയായ പ്രതി അനധികൃതമായി ഓസ്‌ട്രേലിയയിൽ താങ്ങുകയായിരുന്നു എന്നും കോടതി കണ്ടെത്തി.
പെട്ടെന്നുണ്ടായ പ്രകോപനമാണ് ധക്കലിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് കോടതി പറഞ്ഞു.
അതേസമയം ധക്കലിന്റെ ദേഷ്യം നിയന്ത്രണാതീതമാകുകയും വാക്കേറ്റം കൊലപാതകത്തിൽ കലാശിക്കുകയും ചെയ്തത് അതിര് കടന്ന പ്രവർത്തിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇയാൾ കുറ്റം നിഷേധിച്ചിരുന്നു.