ഫ്ളിന്റേഴ്സ് സ്ട്രീറ്റിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് റെഡ് ലൈറ്റ് മറികടന്നു അതിവേഗത്തിൽ പാഞ്ഞു വന്ന കാർ കാൽനടക്കാരെ ഇടിച്ചു വീഴ്ത്തിയത്. ഇതിൽ ഇന്ത്യൻ വംശജനായ രോഹിത് കൗളിനും പരിക്കേറ്റു.
കാലിനു പരിക്കേറ്റ ഇദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. രോഹിത്തിന്റെ നില തൃപ്തികരമാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ പി ടി ഐ യോട് പറഞ്ഞു.
റോഡ് മുറിച്ചു കടക്കുന്നതിനിടെ മകനുമായി ഫോണിൽ സംസാരിക്കുകയായിരുന്നു രോഹിത്. അപകടത്തിൽ ഫോൺ തെറിച്ചു വീഴുകയും ആളുകൾ കൂട്ടത്തോടെ നിലവിളിക്കുന്ന ശബ്ദം കേൾക്കുകയും ചെയ്തതോടെ പരിഭ്രാന്തരായ രോഹിതിന്റെ കുടുംബം അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
പിന്നീട് ഒരു സുഹൃത്ത് വഴിയാണ് രോഹിത് അപകടത്തിൽപ്പെട്ടതായി അറിഞ്ഞതെന്നും അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു. ജമ്മു കശ്മീർ സ്വദേശിയാണ് രോഹിത്.
വ്യാഴാഴ്ച ഉച്ച തിരിഞ്ഞാണ് മെൽബൺ നഗര മധ്യത്തിലെ തിരക്കേറിയ ഫ്ളിന്റേഴ്സ് സ്ട്രീറ്റിൽ അതിവേഗതയിലെത്തിയ കാർ ആളുകൾക്കിടയിലേക്ക് ഇടിച്ചുകയറിയത്.
സംഭവത്തിൽ 19 പേർക്ക് പരിക്കേറ്റു. ഇതിൽ 80 കാരനായ ഒരാളും നാല് വയസ്സുള്ള ഒരു കുട്ടിയും ഉൾപ്പെടുന്നു. 12 പേർ ആൽഫ്രഡ് ആശുപത്രിയിൽ ചികിത്സയിലാണ്.

Source: SBS
80 കാരന്റെ നില ഗുരുതരമാണെന്ന് വിക്ടോറിയ പോലീസ് ആക്ടിങ് കമ്മീഷ്ണർ ഷെയിൻ പാറ്റൺ അറിയിച്ചു.
സംഭവം ബോധപൂർവം നടത്തിയ ആക്രമണമാണെന്ന് സംശയിക്കുന്നതായായാണ് വിക്ടോറിയ പൊലീസ് വ്യക്തമാക്കിയത്.
എന്നാൽ എന്താണ് ഇതിനു പിന്നിലെ ലക്ഷ്യമെന്ന് വ്യക്തമല്ല. ആക്രമണത്തിൽ തീവ്രവാദ ബന്ധമില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ടു രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കാർ ഡ്രൈവർ ആയ 32 കാരനായ അഫ്ഗാൻ വംശജൻ സയീദ് നൂറിയെയും 24 കാരനായ ഒരാളെയുമാണ് അറസ്റ്റ് ചെയ്തത്.
എന്നാൽ ഇയാൾക്ക് സംഭവവുമായി ബന്ധമില്ലെന്ന് പോലീസ് അറിയിച്ചു. ഇയാളെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഓസ്‌ട്രേലിയൻ പൗരനായ സയീദ് നൂറി ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.
സംഭവത്തെതുടർന്ന് അടച്ചിട്ടിരുന്ന റോഡ് അപകട സാധ്യത ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷം ഇന്ന് പുലർച്ചെ പോലീസ് പൊതുഗതാഗതത്തിനായി തുറന്നു കൊടുത്തു.