ജൂലൈ ഏഴിന് രാത്രിയിലാണ് മെൽബണിൽ മലയാളിയായ ജോർജ് പണിക്കരും ഭാര്യ മഞ്ജു വര്ഗീസും രണ്ട് കുട്ടികളും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. അപകടത്തെത്തുടർന്ന് പത്തു വയസുള്ള റുവാന ജോർജ്ജ് സംഭവസ്ഥലത്തു വച്ചു തന്നെ മരണമടഞ്ഞിരുന്നു.
അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന നാലു വയസുകാരൻ ഇമ്മാനുവൽ ജോർജ്ജും തിങ്കളാഴ്ച വൈകിട്ട് മരണത്തിന് കീഴടങ്ങിയിരുന്നു.
അപകടത്തിൽ പരുക്കേറ്റ മഞ്ജു ഇപ്പോഴും റോയൽ മെൽബൺ ആശുപത്രിയിൽ ചികിത്സയിലാണ്. മഞ്ജുവിന്റെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.
നില മെച്ചപ്പെട്ടതിനെ തുടർന്ന് ജോർജ് പണിക്കർ ആശുപത്രി വിട്ടിരുന്നു. കൊല്ലം ജില്ലയിലെ കല്ലുവാതുക്കൽ സ്വദേശികളാണ് ജോർജ് പണിക്കരും കുടുംബവും.
സഹായഹസ്തവുമായി മെൽബൺ
ജോർജ് പണിക്കരെയും കുടുംബത്തെയും സഹായിക്കാനായി ധനസമാഹരണവുമായി പലരും മുന്നോട്ടെത്തിയിരിക്കുകയാണ്.
GoFundMe എന്ന പേജുവഴി നടക്കുന്ന ധനസമാഹരണത്തിൽ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ളവരാണ് സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്. പതിനായിരത്തിലേറെ ഡോളർ ഇതിനോടകം സമാഹരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് ഇതിന് തുടക്കമിട്ട റോബിൻ യാർഹം എസ് ബി എസ് മലയാളത്തോട് പറഞ്ഞു.

ജോർജിന്റെ കുടുംബസുഹൃത്തുക്കളുടെ അനുവാദത്തോടെയാണ് ധനസമാഹരണം തുടങ്ങിയതെന്നും, മെൽബൺ സമൂഹത്തിന് നൽകാൻ കഴിയുന്ന സഹായം എന്ന നിലയിലാണ് ഇതെന്നും റോബിൻ യാർഹം പറഞ്ഞു.
ജോർജിന്റെ സുഹൃത്തുക്കളുടെ നേതൃത്വത്തിലും ധനസമാഹരണത്തിനായി പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തി റോയൽ മെൽബൺ ആശുപത്രി തന്നെ വാർത്താക്കുറിപ്പ് പുറത്തിറക്കി.
അപകടത്തിൽപ്പെട്ട കുടുംബത്തിന് മാനസികവും ആത്മീയവുമായ പിന്തുണ നൽകാൻ ശ്രമിക്കുകയാണെന്ന് മെൽബണിലെ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി സെക്രട്ടറി ജോർജ് വർഗീസ് അറിയിച്ചു.
അപകടമുണ്ടാക്കിയ ഡ്രൈവറെ കോടതിയിൽ ഹാജരാക്കാനായില്ല
അപകടത്തിന് കാരണമായ കാറിന്റെ ഡ്രൈവറുടെ പേരിൽ പൊലീസ് കേസെടുത്തിരുന്നു. റോക്ക്ബാങ്ക് സ്വദേയിയായ ഡാമിയൻ റക്കാതു എന്ന 41കാരൻ ഓടിച്ച ഫോർഡ് ടെറിട്ടറി കാറാണ് മലയാളി കുടുംബത്തിന്റെ വാഹനത്തിൽ വന്നിടിച്ചത്.

മരണകാരണമാകുന്ന രീതിയിൽ വണ്ടിയോടിച്ചു (culpable driving), അശ്രദ്ധമായി വണ്ടിയോടിച്ച് പരുക്കേൽപ്പിച്ചു എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
എന്നാൽ അപകടത്തിൽ പരുക്കേറ്റ ഇയാൾ ഇപ്പോഴും ചികിത്സയിലായിരുന്നതിനാൽ പൊലീസിന്റെ കസ്റ്റഡിയിൽ കിട്ടുകയോ കോടതിയിൽ ഹാജരാക്കാൻ കഴിയുകയോ ചെയ്തിട്ടില്ല. നവംബറിൽ ഇയാളെ കോടതിയിൽ ഹാജരാക്കാനാണ് മെൽബൺ മജിസ്ട്രേറ്റ് കോടതി പൊലീസീന് നൽകിയിരിക്കുന്ന നിർദ്ദേശം.

