മാർച്ച് 15ന് ക്രൈസ്റ്റ് ചർച്ചിലെ രണ്ട് മുസ്ലീം പള്ളികളിലുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശിയായ അൻസി കരിപ്പക്കുളം അലിബാവയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ഇവരുടെ ന്യൂസിലന്റിലുള്ള കുടുംബസുഹൃത്ത് ജോയ് കൊച്ചാക്കാൻ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
സംസ്‌കാരത്തിനുള്ള ചിലവുകളും മറ്റും ന്യൂസിലാന്റ് സർക്കാർ വഹിക്കുമെന്നും ജോയ് പറഞ്ഞു .
കേരളത്തിൽ നിന്നും സ്റ്റുഡന്റ് ലോണെടുത്താണ് ഉപരിപാനത്തിനായി അൻസി ന്യൂസിലാന്റിലെത്തിയത്.
അൻസിയുടെ പേരിലെടുത്ത 28 ലക്ഷം രൂപയുടെ ലോൺ അതായത് 57,000 ഓസ്‌ട്രേലിയൻ ഡോളർ തിരിച്ചടയ്ക്കാൻ കഴിയുന്നത്ര സഹായം ചെയ്യുകയാണ് ന്യൂസിലാന്റിലെ മലയാളി കൂട്ടായ്മ.
ഇതിനായി ന്യൂസിലന്റിലെ മലയാളി കൂട്ടായ്മയായ കേരള കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഓൺലൈനിലൂടെ ഇവർ ധനസമാഹരണം നടത്തുകയാണെന്ന് കേരള കൾച്ചറൽ ഫോറത്തിന്റെ പ്രസിഡന്റ് കൂടിയായ ജോയ് കൊച്ചാക്കാൻ എസ് ബി എസ് മലയാളത്തോട് പറഞ്ഞു .
ധനസമാഹരണത്തിനുള്ള പേജ് രൂപീകരിച്ചു രണ്ട് ദിവസങ്ങൾ പിന്നിട്ടപ്പോൾ തന്നെ ഏതാണ്ട് 21,000 ഡോളർ സമാഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ഇതിലൂടെ കൂടുതൽ തുക സമാഹരിച്ച് അബ്ദുൾ നാസറിനെ സഹായിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ജോയിയും സുഹൃത്തുക്കളും.
"ഏതെങ്കിലുമൊരു വിദേശ സർവകലാശാലയിൽ നിന്നും ഉപരി പഠനം പൂർത്തിയാക്കുക എന്ന ആഗ്രഹത്തോടെയാണ് അൻസി ന്യൂസിലന്റിൽ എത്തിയത്."
"18 മാസത്തെ കോഴ്സ് 12 മാസം കൊണ്ട് പൂർത്തിയാക്കി കഴിവ് തെളിയിച്ച കുട്ടിയാണ്. ജീവതത്തെക്കുറിച്ച് വലിയ വലിയ പ്രതീക്ഷകളുമായി ഈ ചെറിയ രാജ്യത്തേക്ക് കടന്നു വന്ന നല്ലൊരു സ്നേഹിത കൂടിയായിരുന്നു അൻസി," ജോയ് പറഞ്ഞു.
രണ്ട് വര്ഷം മുൻപ് വിവാഹം കഴിഞ അൻസിയും അബ്ദുളും കഴിഞ്ഞ വർഷമാണ് ന്യൂസിലന്റിൽ എത്തിയത്.
മസ്ജിത് അൽ നൂർ പള്ളിയിലും, ലിൻവുഡ് മസ്ജിദിലും വെള്ളിയാഴ്ച നമസ്കാരത്തിനായി ഉണ്ടായ വെടിവയ്പ്പിൽ അൻസിയെ കാണാനില്ലെന്ന് പൊലീസ് ശനിയാഴ്‌ച അറിയിച്ചിരുന്നു. അന്നേ ദിവസം രാത്രി തന്നെ അൻസിയുടെ മരണം സ്ഥിരീകരിച്ചു വാർത്തകൾ പുറത്തുവന്നു.
രണ്ട് പള്ളികളിൽ നടന്ന വെടിവയ്പ്പിൽ കുറഞ്ഞത് 50 പേരാണ് കൊല്ലപ്പെട്ടത്ത്. 20 ൽ പരം ആളുകൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.
അതേസമയം ക്രൈസ്റ്റ്ചർച്ചിലെ ഇന്ത്യൻ സമൂഹം ഭീതിയിലാണെന്ന് ഇവിടെയുള്ള മലയാളികൾ എസ് ബി എസ് മലയാളത്തോട് പറഞു.
ഇങ്ങനെയൊരു സംഭവം നടന്നതായി ഒട്ടും വിശ്വസിക്കാൻ കഴിയില്ലെന്നും പ്രതീക്ഷിക്കാത്ത സംഭവമായതുകൊണ്ടുതന്നെ എല്ലാവരും ഭയന്നിരിക്കുകയാണെന്നും ക്രൈസ്റ്റ്ചർച്ചിലുള്ള കാശിനാഥ് ചിറക്കൽ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
സംഭവത്തിന് ശേഷം ജോലി കഴിഞ്ഞു മടങ്ങവേ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഒറ്റയ്ക്ക് വീട്ടിലേക്ക് പോകാൻ പേടിയായിരുന്നതിനാൽ താൻ വീട്ടിൽ കൊണ്ട് വിടുകയായിരുന്നുവെന്നും കാശിനാഥ് പറഞ്ഞു.
ന്യൂസിലന്റ് പോലൊരു സ്ഥലത്ത് ഇങ്ങനെയൊരു സംഭവം നടന്നതിന്റെ ഞെട്ടലിലാണ് ഇവിടുത്തെ സമൂഹം ഒന്നടങ്കം.