മെൽബണിലെ ട്രഗനൈനയിൽ ജൂലൈ ഏഴിന് രാത്രിയാണ് കാറപകടത്തിൽ രണ്ടു മലയാളി കുട്ടികൾ മരിച്ചത്.
മലയാളിയായ ജോർജ് പണിക്കരും ഭാര്യ മഞ്ജു വര്ഗീസും രണ്ട് കുട്ടികളും സഞ്ചരിച്ചിരുന്ന ഫോർഡ് ഫോക്കസ് വാഹനത്തിലേക്ക് എതിർഭാഗത്തു നിന്ന് മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടം നടന്നത്.
പത്തു വയസുള്ള റുവാന ജോർജ്ജ് സംഭവസ്ഥലത്തു വച്ചു തന്നെ മരണമടഞ്ഞിരുന്നു. അതീവ ഗുരുതരമായി പരുക്കേറ്റ നാലു വയസുകാരൻ ഇമ്മാനുവൽ ജോർജ്ജും ദിവസങ്ങൾക്കകം മരണത്തിന് കീഴടങ്ങി.

Source: Nine Network
അപകടമുണ്ടാക്കിയ ഫോർഡ് ടെറിട്ടറിയുടെ ഡ്രൈവർ റോക്ക്ബാങ്ക് സ്വദേയിയായ ഡാമിയൻ റക്കാതൗവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ തിങ്കളാഴ്ച മെൽബൺ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
തനിക്കെതിരെ ചുമത്തിയിരിക്കുന്ന എല്ലാ കുറ്റങ്ങളും ഇയാൾ കോടതിയിൽ സമ്മതിച്ചു.
42കാരനായ പ്രതിക്കെതിരെ നാലു കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. രണ്ടു പേരുടെ മരണത്തിന് കാരണമാകുന്ന രീതിയിൽ അശ്രദ്ധയോടെ വണ്ടിയോടിച്ചു, അശ്രദ്ധയോടെ വാഹനം ഓടിച്ച് പരിക്കേൽപ്പിച്ചു, ലൈസൻസ് റദ്ദാക്കിയിരുന്ന സാഹചര്യത്തിലും വണ്ടിയോടിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.

Source: CC
കുറ്റസമ്മതം നടത്തുന്നോ എന്ന് മജിസ്‌ട്രേറ്റ് ചാർളി റൊസാന്കവാജ് റക്കാതൗവിനോട് ചോദിച്ചു.
പൊലീസ് ചുമത്തിയിരിക്കുന്ന കുറ്റങ്ങളെല്ലാം സമ്മതിക്കുന്നു എന്നായിരുന്നു പ്രതിയുടെ മറുപടി.
പ്രതിയെ ഏപ്രിൽ പത്ത് വരെ കോടതി റിമാൻഡ് ചെയ്തു. പ്രതിയുടെ ശിക്ഷ സംബന്ധിച്ചുള്ള പ്രാരംഭ വാദം ഏപ്രിൽ പത്തിന് മെൽബൺ കൗണ്ടി കോടതിയിൽ നടക്കും.
ഇക്കഴിഞ്ഞ നവംബർ 13നാണ് ഈ കേസ് കോടതി ആദ്യമായി പരിഗണിച്ചത്. അപകടം നടക്കുമ്പോൾ ലൈസൻസ് ഇല്ലാതെയാണ് ഇയാൾ വണ്ടി ഓടിച്ചിരുന്നതെന്ന കാര്യം പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. ഡ്രൈവിംഗ് നിയമം ലംഘിച്ചതിന്റെ പേരിൽ ഇയാളുടെ ലൈസൻസ് നേരത്തെ റദ്ദാക്കിയിരുന്നുവെന്നും അതിനാൽ അനധികൃതമായാണ് ഇയാൾ ഡ്രൈവ് ചെയ്തതെന്നും പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചിരുന്നു.